ന്യൂദൽഹി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമായി. അടുത്ത 36-40 മാസങ്ങൾക്കുള്ളിൽ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര വക്താക്കൾ അറിയിച്ചു.
രാജ്യത്തിന്റെ പുരാതനവും പാരമ്പര്യ രീതികളിലുമുള്ള ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കുക. ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങി പ്രകൃതി ദുരന്തങ്ങളെയെല്ലാം തന്നെ തരണം ചെയ്യപ്പെടുന്ന രീതിയിലായിരിക്കും നിർമ്മാണം. ക്ഷേത്രത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഇരുമ്പ് ഉപയോഗിക്കുന്നില്ല എന്നതാണ് എടുത്ത് പറയേണ്ടതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. പ്രവർത്തന പദ്ധതിയിൽ സിബിആർഐ റൂർക്കി, ഐഐടി മദ്രാസ്, എൽ ആൻഡ് ടി എന്നിവടങ്ങിൽ നിന്നുമുള്ള എഞ്ചിനീയർമാരാണ് രാമക്ഷേത്രഭൂമിയിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് പഠനം നടത്തിയത്.
ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള കല്ലുകൾ പരസ്പരം സംയോജിപ്പിക്കാൻ കോപ്പർ പ്ലേറ്റ്സ് ആണ് ഉപയോഗിക്കുന്നത്. 18 ഇഞ്ച് നീളമുള്ള ഈ കോപ്പർ പ്ലേറ്റുകൾക്ക് 30 എംഎം വീതിയും 3 എംഎം ഗാഢതയുമുണ്ട്. ഇത്തരത്തിലുള്ള പതിനായിരം കോപ്പർ പ്ലേറ്റുകളാണ് ആവശ്യം. .ഇത് രാമഭ്കതർ സംഭാവനയായി നൽകുമെന്നാണ് പ്രതീക്ഷയെന്നും ട്രസ്റ്റ് വ്യക്തമാക്കി.
നേരത്തെ രാമജന്മഭൂമിയിൽ നടന്ന ഭൂമി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു. ആർ എസ് എസ് സർസംഘചാലക് മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങി ഒട്ടനവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: