തിരുവനന്തപുരം: പമ്പയില്‍ നിന്നും നിയമവിരുദ്ധമായി മണല്‍ കടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സംഭവത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ബോധിപ്പിച്ചത്. ഹര്‍ജിയില്‍ ആഗസ്റ്റ് 26ന് കോടതി വിധി പറയും.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത വകുപ്പ് 17 എ പ്രകാരം വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമുള്ളത് വിജിലന്‍സിന് നേരിട്ടു ലഭിക്കുന്ന പരാതിയിലുള്ള അന്വേഷണത്തിനാണ്. എന്നാല്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നും ചെന്നിത്തല കോടതിയില്‍ വാദിച്ചു. അപ്രകാരം സംഭവിച്ചാല്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ബോധിപ്പിച്ചു.
അതേ സമയം ഹര്‍ജിയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് വരികയായിരുന്നു. ഹര്‍ജിക്കാരന്റെ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായും അതിനാല്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ അന്വേഷണം നടത്താനാവില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. മണല്‍ കടത്തില്‍ സ്വകാര്യവ്യക്തിക്ക് സാമ്പത്തിക നേട്ടം ഉണ്ടായതായി വ്യക്തമല്ലെന്നും വിജിലന്‍സ് നിലപാടെടുത്തു. ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ തള്ളണമെന്നും ബോധിപ്പിക്കുകയായിരുന്നു.
2018 ലെ പ്രളയത്തില്‍ പമ്പ ത്രിവേണിയില്‍ അടിഞ്ഞ 90,000 ഘനമീറ്റര്‍ മണല്‍ നിയമം ലംഘിച്ച് നീക്കം ചെയ്യാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ അഴിമതിയിലൂടെ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയെന്നാണ് പരാതി. വനം വകുപ്പിന്റെ ഉടമസ്ഥതയിലും കൈവശത്തിലും സൂക്ഷിപ്പിലും നടത്തിപ്പിലും അധീനതയിലും ഉള്ള മണല്‍ നീക്കം ചെയ്യാന്‍ ഉത്തരവിടാന്‍ ജില്ലാ കളക്ടര്‍ക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കളക്ടര്‍ക്കും സ്വകാര്യ കമ്പനിക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: