കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറത്ത് കടലാക്രമണം രൂക്ഷമായതോടെ എട്ട് തെങ്ങുകള്‍ കടപുഴകി, നിരവധി വീടുകള്‍ കടലാക്രമണ ഭീഷണിയില്‍. കടപ്പുറം ശാന്തിനഗര്‍ ഭാഗത്താണ് കടലാക്രമണം രൂക്ഷമായത്. ആറോളം മീറ്റര്‍ കര കടലടുത്തു കഴിഞ്ഞു. തിങ്കളാഴ്‌ച്ച വൈകീട്ടോടെയാണ് കടലാക്രമണം രൂക്ഷമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ചേരങ്കൈ കടപ്പുറം മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള തീരപ്രദേശങ്ങളില്‍ നൂറുക്കണക്കിന് കുടുംബംഗങ്ങളാണ് താമസിക്കുന്നത്. വീടുകള്‍ക്ക് ഏതാനും വാര അകലെ കടലെടുത്തു കഴിഞ്ഞു.
യശോദ, ഭാസ്‌ക്കരന്‍, വള്ളി, ശേഷപ്പ എന്നിവരുടെ എട്ടോളം തെങ്ങുകള്‍ കടലെടുത്തു കഴിഞ്ഞു. 50 ലധികം തെങ്ങുകള്‍ ഏത് നിമിഷവും കടലെടുത്തേക്കും. തെങ്ങുകള്‍ വീഴാതിരിക്കാന്‍ വീട്ടുകാര്‍ കയര്‍ കെട്ടിയിട്ടുണ്ടെങ്കിലും അത് പരിഹാരമാവില്ല. പത്ത് വര്‍ഷം മുമ്പ് കടല്‍ഭിത്തി കെട്ടാനായി പാറക്കെല്ലുകള്‍ തീരത്ത് അടുക്കി വെച്ചിരുന്നു. അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കടലാക്രമത്തില്‍ ഒലിച്ചുപോയിരുന്നു. പിന്നീട് താല്‍ക്കാലികമായി അധികൃതര്‍ പൂഴി നിറച്ച ചാക്കുകള്‍ അടുക്കി വെച്ചതും കടലെടുത്തിരുന്നു.
കടല്‍ ഭിത്തിക്കായി വലിയ കരിങ്കല്ലുകള്‍ പാകാത്തതും അശാസ്ത്രീയമായി ചെറിയ കരിങ്കല്ലുകള്‍ പാകിയതുമാണ് എല്ലാവര്‍ഷവും കടല്‍ ക്ഷോഭത്തില്‍ കരയെടുക്കുന്നതെന്ന് തീരപ്രദേശവാസികള്‍ പറഞ്ഞു. എല്ലാവര്‍ഷവും കടലാക്രമണം ശക്തമാവുമ്പോള്‍ അധികൃതര്‍ എത്തി നഷ്ടക്കണക്കുകളെടുത്ത് പോകുന്നതല്ലാതെ ഒരു പരിഹാരമാര്‍ഗവും ഇല്ലെന്നും ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും സ്ഥലം നഗരസഭ കൗണ്‍സിലര്‍മാരും തിരിഞ്ഞു നോക്കുന്നില്ലെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക