തിരുവല്ല: കോവിഡ് രോഗികളുടെ എണ്ണം കുതിച്ച് ഉയരുമ്പോൾ താങ്ങാവേണ്ട ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ തളരുന്നു. അമിത ജോലിഭാരം, സമ്മർദ്ദം, പൊതുസമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടൽ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അവരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നുണ്ട്. ഓരോ ദിവസവും പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഉയരുമ്പോൾ അവർക്കിടെയിൽ മാനസിക സംഘർഷം കൂടുകയാണ്. കോവിഡിനൊപ്പം ഡങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജില്ലയിൽ ഇതുവരെ ഏഴ് മരണമാണ് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്.
വീടും വീട്ടുകാരെയും ഉപേക്ഷിച്ചാണ് ആരോഗ്യ പ്രവർത്തകരിൽ പലരും ജോലി ചെയ്യുന്നത്. ഇത് മാനസിക സംഘർഷത്തിന് വഴിവയ്ക്കുന്നുണ്ട്. ഇത് കൂടാതെയാണ് ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പഴിയും കേൾക്കേണ്ടിവരുന്നത്. രോഗത്തിനെതിരെയുളള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായ ജൂനിയർ ഡോക്ടർമാർ വിവേചനം നേരിടുകയാണെന്ന ആക്ഷേപമുണ്ട്. അമിത ജോലിഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അവർക്ക് പരാതിയുണ്ട്.
കൊവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരുമ്പോൾ ഇപ്പോൾ ആരോഗ്യ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ആരോഗ്യ പ്രവർത്തകരുടെ സംഘടന നേതൃത്വം വിശദീകരിക്കുന്നു.ജോലിഭാരം കുറയ്ക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുക, ആവശ്യത്തിന് അവധി നൽകുക, ഗുണമേന്മയുള്ള പിപിഇ കിറ്റ് ലഭ്യമാക്കുക എന്നിവ ഉറപ്പ് വരുത്തണമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
ആരോഗ്യ പ്രവർത്തകരുടെ സ്രവ പരിശോധന സംബന്ധിച്ചും അവർക്ക് ഒട്ടേറെ പരാതികളുണ്ട്. കോവിഡ് സംശയമുള്ള ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധനയ്ക്ക് എടുത്താലും ഫലം കിട്ടുന്നതു വരെ ജീവനക്കാർ ആശുപത്രിയിൽ ജോലി ചെയ്യാൻ നിർബന്ധിതരാകും. ഫലം പോസിറ്റീവാണെന്ന് അറിയുമ്പോഴത്തേക്കും അവർ ഒട്ടെറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടാകും. േരാഗം സംശയമുള്ള ജീവനക്കാർ സാമ്പിൾ പരിശോധനയ്ക്ക് നൽകിയ ശേഷമാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത്.
വരും ദിനങ്ങൾ നിർണ്ണായകം
ഉത്സാവാഘോഷങ്ങളിലേക്ക് നാട് കടന്നതോടെ വരുന്ന ദിനങ്ങൾ നിർണ്ണായകമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധർ. നിയന്ത്രണം വിട്ട് ആളുകൾ ഇറങ്ങുന്നതോടെ സമ്പർക്കത്തിന് സാധ്യത കൂടുതലാണ്. ഇത് രോഗ വ്യാപനത്തിന് വഴിവച്ചേക്കും. ഇതോടപ്പം വെളളപ്പൊക്കത്തിന് ശേഷം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതും ആശങ്കയുണ്ടാക്കുന്നു. ആരോഗ്യമേഖല ഇരട്ട വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
സിഎഫ്എൽസികൾക്ക് ബാലാരിഷ്ടത
രോഗലക്ഷണമില്ലാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉളളവരെയും ചികിത്സിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ ബാലാരിഷ്ടത മാറിയില്ല. ജീവനക്കാരുടെ കുറവാണ് ഇത്തരം കേന്ദ്രങ്ങൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യ പ്രവർത്തകർ, ഫാർമസിസ്റ്റ് തുടങ്ങിയവരെ താത്ക്കാലികടിസ്ഥാനത്തിൽ നിയമിക്കാനുള്ള നടപടികൾ ഇഴയുകയാണ്. പരിചയ സമ്പത്തില്ലാത്തവരെ ആരോഗ്യ പ്രവർത്തകരായി നിയമിക്കുന്നതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: