ആലപ്പുഴ: സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പിഴവ്, യുവതിയുടെ എയര്‍ഫോഴ്സ് ജോലി സ്വപ്നം പൊലിഞ്ഞു. എടത്വ തലവടി സ്വദേശിനിയായ യുവതിയുടെ ജോലി സ്വപ്നമാണ് ലാബ് അധികൃതരുടെ പിഴവില്‍ പൊലിഞ്ഞത്. എയര്‍ഫോഴ്സ് ഓഫീസ് തസ്തികയിലേക്ക് നടന്ന എഴുത്ത് പരീക്ഷയിലും, ഇന്റര്‍വ്യൂവിലും പാസായ യുവതി കഴിഞ്ഞ എട്ടിന് നേരിട്ട് എത്താന്‍ എയര്‍ഫോഴ്സ് അധികൃതര്‍ അറിയിപ്പ് നല്കി. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം കോവിഡ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് അറിയിപ്പ് ലഭിച്ചു.
ഏഴിന് മാവേലിക്കരയിലെ സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ രക്ത സാമ്പിള്‍ നല്കി. രക്ത പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് ലാബ് അധികൃതര്‍ ആരോഗ്യ വകുപ്പിനെ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തിലേക്ക് മാറാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. ഇതോടെ 65 ഓളം ആളുകളും, തലവടി മാവേലിസ്റ്റോര്‍ ഉള്‍പ്പെടെ തലവടി, എടത്വാ പ്രദേശങ്ങളില്‍ 20 ഓളം കടകളും അടപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ വണ്ടാനം വൈറോളജി ലാബില്‍ നടത്തിയ കോവിഡ് ടെസ്റ്റ് പരിശോധന നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വകാര്യ ലാബില്‍ യുവതി ടെസ്റ്റ് നടത്തിയ ദിവസം അന്യസംസ്ഥാനത്ത് നിന്നെത്തിയ മറ്റൊരു യുവാവും ടെസ്റ്റ് നടത്തിയിരുന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച ഇയാള്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റീവാണെന്ന് കണ്ടെത്തി. യുവതിയുടെ ജോലി സ്വപ്നം പൊലിഞ്ഞതോടെ വീട്ടുകാര്‍ ലാബിനെതിരെ പരാതിയുമായി രംഗത്ത് വന്നു. രജിസ്റ്റര്‍ നമ്പറിലെ പിഴവാണ് കോവിഡ് പരിശോധനയില്‍ പിഴവ് സംഭവിച്ചതെന്ന് ലാബ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചു. ലാബിന്റെ പിഴവുകാരണം ആറ്റുനോറ്റിരുന്ന ജോലി നഷ്ടപ്പെട്ട മനോവിഷമത്തിലാണ് യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: