ഒരു വര്‍ഷം മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയമാണ് ബിജെപിക്കുണ്ടായത്. 2014ല്‍ ലഭിച്ചതിനെക്കാള്‍ വോട്ടും സീറ്റും ബിജെപിക്ക് ലഭിച്ചു. ഔദ്യോഗിക പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ വേണ്ട, ആകെയുള്ളതിന്റെ 10 ല്‍ ഒന്ന് സീറ്റുപോലും കോണ്‍ഗ്രസിന് ലഭിച്ചില്ല. അതിലെ നിരാശയാണ് പ്രസിഡന്റ് പദവി രാജിവയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത്. അതിനുശേഷം താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനത്ത് രാഹുലിന്റെ അമ്മ സോണിയ തുടരുകയാണ്. അതിപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളിലും അണികളിലും വലിയ പ്രശ്നമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിന് താല്‍ക്കാലിക പ്രസിഡന്റ് പോരാ എന്ന മുറവിളി ഉയരാന്‍ തുടങ്ങി. സ്ഥിരം പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാജിവച്ച പ്രസിഡന്റ് തിരിച്ചുവന്ന് ചുമതല വഹിക്കണമെന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം പലരും ആവശ്യപ്പെട്ടിരിക്കുന്നു. പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചുവരില്ലെന്ന് മാത്രമല്ല, ‘ഗാന്ധി’ കുടുംബത്തിന് പുറത്തുനിന്നാകട്ടെ പുതിയ പ്രസിഡന്റ് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഒരിക്കല്‍പോലും ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം. പക്ഷേ, കോണ്‍ഗ്രസുകാര്‍ നെഹ്റു കുടുംബം എന്ന് പറയുന്നതിനെക്കാള്‍ ആവേശത്തോടെ ഗാന്ധി കുടുംബം എന്ന് വിശേഷിപ്പിക്കുകയാണ് പതിവ്. അതുതന്നെ ഏറ്റവും വലിയ തട്ടിപ്പാണ്. ഗാന്ധിജിയുടെ സല്‍പ്പേര് ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തുപോരുന്നത്.
രാഹുലിന്റെ അഭിപ്രായത്തെ അനുജത്തി പ്രിയങ്കയും സ്വാഗതം ചെയ്തിരിക്കുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രസിഡന്റാകണമെന്നില്ലെന്നാണ് ഇരുവരും പറയുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് ഉത്തരവാദിത്വ സംസ്കാരം വേണമെന്നാണ് രാഹുലിന്റെ പുതിയ ഭാഷ്യം. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ചത് ആ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും പറയുന്നു. ഏതായാലും സ്വന്തം അമ്മയ്ക്ക് ആ ബോധമില്ലെന്ന് തന്നെയാണ് രാഹുല്‍ പരോക്ഷമായി പറയുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റായി വരുന്നയാള്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്ഡമാനിലാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പറഞ്ഞാല്‍ അവിടേക്ക് പോകാനും തയ്യാറാണെന്ന് പ്രിയങ്കയും പ്രസ്താവിച്ചിരിക്കുന്നു. ആന്‍ഡമാനിലുള്ള ജനങ്ങള്‍ കൊള്ളരുതാത്തവരെന്നാണ് പ്രിയങ്ക പറഞ്ഞതിന്റെ സാരം. രാഹുലിനും സോണിയയ്ക്കും പകരം ആരുതന്നെ പ്രസിഡന്റ് സ്ഥാനത്ത് വന്നാലും കോണ്‍ഗ്രസിന് ഒരു തിരിച്ചുവരല്‍ അസാധ്യമാണ്. കോണ്‍ഗ്രസ് രാജ്യത്തിന്റെ പാര്‍ട്ടിയായിരുന്നു. ജനങ്ങളുടെ ദേശീയ കക്ഷിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആ ഒരു അംഗീകാരം നിലനിര്‍ത്താന്‍ ആകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കോണ്‍ഗ്രസിന്റെ ദൗത്യം തീര്‍ന്നെന്ന് ഗാന്ധിജി പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടതും അതുകൊണ്ടാണ്. പക്ഷേ രാജ്യത്തെ വെട്ടിമുറിച്ചാലും ബാക്കി ദേശത്തിന്റെ അധികാരം ലക്ഷ്യമിട്ടവര്‍, ഗാന്ധിജിയെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ തിരസ്കരിച്ചു. രാമരാജ്യം പോയിട്ട് രാമനെന്ന വാക്കുപോലും ഉച്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കി.
മഹാത്മാ ഗാന്ധിയെയും ദേശീയതയെയും വിസ്മരിച്ചതിന്റെ ശിക്ഷയാണ് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍പോലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിട്ടില്ല. തട്ടിക്കൂട്ട് സഖ്യങ്ങളിലൂടെ അധികാരത്തിലെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നത് നേരാണ്. അതിന്റെ കെടുതി നേരിട്ടറിഞ്ഞ ജനങ്ങളാണ് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കൈക്കിലപോലും ഇല്ലാതെ എടുത്തെറിഞ്ഞത്. ചരിത്രത്തിലില്ലാത്ത തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ ജനങ്ങളെയും വോട്ടര്‍മാരെയും വേട്ടയാടുകയും പരിഹസിക്കുകയും ചെയ്യുകയാണ്. ബിജെപി നേട്ടമുണ്ടാക്കിയത് ഫേയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും പ്രവര്‍ത്തികൊണ്ടാണുപോലും. ഫേയ്സ്ബുക്കിനെതിരെയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ യുദ്ധം. വാട്സാപ്പിന്റെ ചുമതലക്കാര്‍ക്ക് വധഭീഷണിപോലും ഉണ്ടായത് പരാതിയായിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലിറ്റിക്കയേയും ഫേയ്സ്ബുക്കിനെയും ആയുധമാക്കി വേട്ടക്കൊരുങ്ങിയതാണല്ലോ. ആയുധം കയ്യിലുണ്ടായാല്‍ പോര, കാഞ്ചിവലിക്കാനറിയണം. കോണ്‍ഗ്രസ് നേതൃത്വത്തിന് ആ കഴിവില്ലാതെ പോയി. അതിന,് ഫേയ്സ് ബുക്കിനെയും വാട്സാപ്പിനെയും ബിജെപിയേയും കുറ്റപ്പെടുത്തുകയും, ബിജെപിയെ ആവര്‍ത്തിച്ച് അധികാരത്തിലെത്തിച്ച ജനങ്ങളെ പഴിചാരുകയും ചെയ്തിട്ട് കാര്യമുണ്ടോ? ”അങ്ങാടിയില്‍ തോറ്റപ്പോള്‍ അമ്മയോട്” എന്ന ചൊല്ലുപോലെയാണ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ബിജെപിയോടുള്ള പെരുമാറ്റം. അത് കോണ്‍ഗ്രസിന്റെ സ്വയം നാശത്തിനേ വഴിവയ്ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: