ആര്‍പ്പൂക്കര (കോട്ടയം): കൊറോണ വാര്‍ഡില്‍ രോഗികള്‍ക്ക് കഴിക്കാന്‍ കൊടുത്ത ഇഡ്ഡലി, പാത്രത്തില്‍ നിന്ന് തിരിച്ചെടുത്ത് മറ്റുരോഗികള്‍ക്ക് നല്കി അധികൃതര്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലാണ് മലയാളികളെ ആകെ ലജ്ജിപ്പിക്കുന്ന കൈയ്യിട്ടുവാരല്‍ അക്ഷരാര്‍ഥത്തില്‍ നടന്നത്.ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ഇവിടെ കൊറോണ രോഗികള്‍ നരകിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ രോഗികള്‍ക്കു നല്കിയ ഭക്ഷണം തികയാതെ വന്നതോടെയാണ് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് തിരിച്ചെടുക്കുന്ന അവസ്ഥ ഉണ്ടായത്.പ്രഭാത ഭക്ഷണത്തിന് മൂന്ന് ഇഡ്ഡലികളാണ് രോഗികള്‍ക്കു വിളമ്പിയത്. മുഴുവന്‍ രോഗികള്‍ക്കും ഇത് തികയാതെ വന്നപ്പോള്‍ ആദ്യം വിളമ്പിയവരുടെ പാത്രത്തില്‍ നിന്നും ഓരോ ഇഡ്ഡലി വീതം തിരികെ എടുത്ത് ബാക്കിയുള്ളവര്‍ക്ക് നല്‍കുകയായിരുന്നു. ആവശ്യത്തിനു കുടിവെള്ളവും നല്‍കിയിരുന്നില്ല. വിവരമറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകരാണ് പിന്നീട് ഇവക്ക് ചൂടുള്ള കുടിവെള്ളം എത്തിച്ചത്.
കൊറോണ രോഗികള്‍ അധികമില്ലാതിരുന്ന സമയത്ത് പ്രത്യേക മെനു തയ്യാറാക്കിയാണ് രോഗികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഇപ്പോള്‍ രോഗികളുടെ എണ്ണം കൂടിയതോടെ ഭക്ഷണവും കുടിവെള്ളവും ആവശ്യത്തിന് ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
മുന്‍പും രോഗികള്‍ക്ക് ഭക്ഷണം നല്കുന്ന കാര്യത്തില്‍ വിവേചനം നിലനിന്നിരുന്നു. രണ്ടു കഷണം ബ്രഡ് മാത്രം കഴിച്ച് വിശപ്പടക്കേണ്ട ഗതികേടും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉണ്ടായി. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നിഷേധിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. പിന്നീട് പല ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് രോഗികളോടൊപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കും ഭക്ഷണം ലഭിച്ചത്. ഇവിടെ പഴകിയ ഭക്ഷണം വിളമ്പിയതും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: