തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന് പ്രോജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളയുടെ (പിഎംഐകെ) പിഎംഐ കേരള കമ്മ്യൂണിറ്റി പ്രോജക്റ്റ് ഓഫ് ദി ഇയർ 2020 പുരസ്കാരം ലഭിച്ചു. അഡോപ്റ്റ് എ സ്കൂൾ പദ്ധതിയാണ് കമ്പനിക്ക് ഉന്നതമായ ഈ അംഗീകാരം നേടിക്കൊടുത്തത്.
ഗ്രാമീണമേഖലയിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളെ ഏറ്റെടുത്ത് അവയ്‌ക്ക് സാമ്പത്തിക സഹായവും പിന്തുണയും നല്കി കൈപിടിച്ചുയർത്തുന്ന പദ്ധതിയാണ് അഡോപ്റ്റ് എ സ്കൂൾ. പദ്ധതിയുടെ ഫലപ്രദവും കാര്യക്ഷമവുമായ നിർവഹണത്തിൽ പ്രോജക്റ്റ് മാനേജ്മെൻ്റ് തത്ത്വങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണ് ഉന്നതമായ ബഹുമതിക്ക് അർഹമാക്കിയത്.
സംസ്ഥാനത്തെ പ്രോജക്റ്റ് മാനേജ്‌മെന്റ് മേഖലയിലെ മികവിന് നൽകിവരുന്ന ഏറ്റവും ഉയർന്ന അംഗീകാരമാണ് ഈ അവാർഡ്. കോർപ്പറേറ്റുകളും മറ്റ് സ്ഥാപനങ്ങളും, അവരുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമാണ് പിഎംഐ അവാർഡ് ഏർപ്പെടുത്തിയത്.
കളേഴ്സ് എന്ന പേരിലുള്ള എംപ്ലോയി എൻഗേജ്മെൻ്റിന്റെ ഭാഗമായി, പൂർണമായും ജീവനക്കാരുടെ മുൻകൈയിലാണ് അഡോപ്റ്റ് എ സ്കൂൾ പ്രോഗ്രാം നടപ്പിലാക്കുന്നതെന്ന് യുഎസ്‌ടി ഗ്ലോബൽ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. “പദ്ധതി ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും വിലയിരുത്തുന്നതും ജീവനക്കാരാണ്. യുഎസ്ടി ഗ്ലോബൽ വെൽഫയർ ഫൗണ്ടേഷൻ വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ കേവലം ധനസഹായം നൽകുക മാത്രമല്ല, മറിച്ച് ജീവനക്കാരുടെ ആയിരക്കണക്കിന് മണിക്കൂറുകളാണ് സംഭാവന ചെയ്യുന്നത്. ജീവിതത്തെ പരിവർത്തനം ചെയ്യാനും ജനങ്ങളുടെ സുസ്ഥിരമായ ക്ഷേമം ഉറപ്പാക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്‌ക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ് ” – അദ്ദേഹം പറഞ്ഞു.
“ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനായി നിരവധി പ്രവർത്തനങ്ങളാണ് അഡോപ്റ്റ് എ സ്കൂൾ പ്രോഗ്രാം വഴി ആവിഷ്കരിച്ചിട്ടുള്ളത്. സ്കൂളുകളുടെ
പശ്ചാത്തല വികസനം, പാഠ്യേതര പ്രവർത്തനങ്ങൾക്കൊപ്പം അധ്യയനവും പഠനവും മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ ആവാസവ്യവസ്ഥയുടെ ഡിജിറ്റൽവൽക്കരണം, ജോലിക്കെടുക്കാനുള്ള യോഗ്യത(എംപ്ലോയബിലിറ്റി) മെച്ചപ്പെടുത്തൽ എന്നിവ അതിൽ ചിലതാണ്. വ്യക്തി, സമൂഹം, പരിസ്ഥിതി എന്നിവയുടെ സമഗ്രമായ ക്ഷേമം മുൻനിർത്തിയുള്ള സുസ്ഥിര സംരംഭങ്ങളാണ് ഇതുവഴി നടപ്പിലാക്കുന്നത് ” – അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തും കൊച്ചിയിലും ഉൾപ്പെടെ 30 സർക്കാർ സ്കൂളുകളിലെ 6500-ലധികം വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം നിലവിൽ ലഭിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സിഎസ്‌ആർ പ്രവർത്തനങ്ങളിലൂടെ ഇതുവരെ 20,000-ത്തിലധികം വിദ്യാർഥികളെ പിന്തുണച്ചിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ തലത്തിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രൊഫഷണൽ രംഗത്തും നൈപുണ്യ വികസനത്തിലും യുവാക്കളുടെ എംപ്ലോയബിലിറ്റി മെച്ചപ്പെടുത്തുന്നതിലുമെല്ലാം ഫലപ്രദമായി
ഇടപെടുന്നതിലൂടെ സമഗ്രമായ സമീപനമാണ് അഡോപ്റ്റ് എ സ്കൂൾ പദ്ധതി മുന്നോട്ടുവെയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: