Categories: Varadyam

ഈ പേനയില്‍ എന്തെല്ലാമിരിക്കുന്നു

ഭിന്നശേഷിക്കാരായ മക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിതുടങ്ങിയ പേന നിര്‍മാണത്തില്‍ നിന്ന് ഇനിയും ഒരുപാട് വളരാനുണ്ട് പ്രിയജക്ക്. ഇപ്പോള്‍ നാല് കളറുകളില്‍ മാത്രം കിട്ടുന്ന പേനകള്‍ കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാക്കണം, ബാഗ് നിര്‍മാണം തുടങ്ങണം, പേന നിര്‍മാണത്തില്‍ അധികം പങ്കാളികളാകാത്ത കുഞ്ഞുങ്ങള്‍ക്കായി കാന്റീന്‍ തുടങ്ങണം

രു പേരിലെന്തിരിക്കുന്നുവെന്ന ചോദ്യം ഈ പേനയില്‍ എന്തിരിക്കുന്നുവെന്ന് മാറ്റിയാല്‍, പെട്ടെന്നുള്ള ഉത്തരം എഴുതാനുള്ള മഷി എന്നാകും. വീണ്ടും ചോദിച്ചാല്‍ ഒരു വിത്ത് എന്നു പറയും. പക്ഷേ പേനയുണ്ടാകുന്ന കഥ കേട്ടാല്‍ അതില്‍ ഒരു സന്ദേശമുണ്ടെന്ന് തിരിച്ചറിയാം.

ജീവിതവെല്ലുവിളികളെ ക്രിയാത്മകമായി തരണം ചെയ്ത് വിജയം നേടുകയെന്നത് വലിയ കഴിവാണ്. അങ്ങനെ ജീവിത വിജയം നേടിയ ആളാണ് തൃശൂര്‍ എടമുട്ടത്തുള്ള പ്രിയജ മധു എന്ന വീട്ടമ്മ. പേപ്പര്‍ പേനകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തി മികച്ച ഒരു സംരഭകയായി മാറിയിരിക്കുകയാണ് അവര്‍. സ്വന്തം നേട്ടമല്ല, അതിനു പിന്നിലെ ഒരുമിപ്പിക്കാനുള്ള മനസ്സും അതിനുള്ള കഴിവുമാണ് പ്രിയജയുടെ വിജയം.

ജീവിതം എന്തെന്ന് അറിയുന്നതിനു മുന്‍പേ പതിനേഴാം വയസില്‍ വിവാഹം കഴിയുന്നു. ആദ്യത്തെ കണ്‍മണി ഭിന്നശേഷിക്കാരി. അതായിരുന്നു പ്രിയജയുടെ വളര്‍ച്ചയുടെ പ്രചോദനം. എന്തിനും ഏതിനും അമ്മ കൂടെ വേണ്ടുന്ന മകള്‍ അനഘ, ആ മകളേയും കൊണ്ട് ആശുപത്രികളിലൂടെയുള്ള യാത്ര. അങ്ങനെയാണ് ഭിന്നശേഷിക്കാരായ ഒരുപാട് കുട്ടികളുടെ അമ്മമാരെ കാണുന്നത്.

എപ്പോഴും മക്കളുടെ കൂടെ ഇരിക്കേണ്ടിവരുന്നവര്‍. അവര്‍ക്കുംകൂടി വേണ്ടി എന്തു ചെയ്യാം എന്നതില്‍ നിന്നാണ് പേപ്പര്‍ പേനകളുടെ നിര്‍മാണത്തിലേക്ക് എത്തുന്നത്. സുഹൃത്ത് വഴി കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് എന്ന കമ്പനിയുമായി ബന്ധപ്പെട്ടു. പേപ്പര്‍ പേന നിര്‍മാണം പഠിച്ചു.  ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ആദ്യം കാര്യമായ പ്രതികരണം ലഭിച്ചില്ലെങ്കിലും പിന്നീട് സജീവമായി തുടങ്ങി. അങ്ങനെ 2018 ല്‍ അനഘശക്തി എന്ന പേരില്‍ പേപ്പര്‍ പേന നിര്‍മാണം തുടങ്ങി.

തുടക്കത്തില്‍ നാല് പേരാണ് പേന നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ എത്തിയത്. മകള്‍ പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നൂറ് പേനകളുടെ ആദ്യ ഓര്‍ഡര്‍ കൊടുത്തു. ഇപ്പോഴത് ഒമ്പത് കുടുംബങ്ങള്‍ ചേര്‍ന്നുള്ള നിര്‍മാണമായി. ഇന്ത്യയ്കത്തും പുറത്തുനിന്നുമായി ലഭിക്കുന്നത് നിരവധി ഓര്‍ഡറുകള്‍. ഉത്തരാഖണ്ഡ്, പൂനെ, ഹൈദരാബാദ്, ദുബായ്, ഖത്തര്‍, ജര്‍മനി എന്നിങ്ങനെ നിരവധി ഇടങ്ങളിലും പ്രധാന ബാങ്കുകളായ എസ്ബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എച്ച്ഡിഎഫ്‌സി എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളിലുമാണ് പ്രിയജയുടേയും സംഘത്തിന്റേയും പേപ്പര്‍ പേനകള്‍ എത്തുന്നത്. ഫേയ്‌സ്ബുക്ക്, വാട്‌സാപ്പ് വേദികള്‍ വിനിയോഗിച്ചാണ് വില്‍പ്പന.

പ്രകൃതി സൗഹൃദമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് പേനകളുടെ  നിര്‍മാണം. ഓരോ പേനയ്‌ക്കുള്ളിലും ഓരോ വിത്തുകളും വയ്‌ക്കും. ഇത്തരം വിത്തുപേനകള്‍ പ്രിയജയ്‌ക്കു മുന്‍പേ ചിലര്‍ അവതരിപ്പിച്ചിട്ടുണ്ട്. പേപ്പറും റീഫില്ലുകളുമെല്ലാം തിരഞ്ഞെടുക്കുന്നത് പ്രിജയ തന്നെയാണ്. സ്റ്റിക്കറുകള്‍ പതിപ്പിച്ച പേനകളും അല്ലാത്തവയുമുണ്ട്. ഓരോരുത്തരും വീടുകളില്‍ പേന ഉണ്ടാക്കി പ്രിയജയെ ഏല്‍പ്പിക്കും. ഗുണമേന്മയില്‍ ഒട്ടും കുറവ് വരാതിരിക്കാന്‍ ഓരോ പേനയും പ്രത്യേകം പരിശോധിച്ചാണ് വില്‍പനയ്‌ക്ക് തയ്യാറാക്കുന്നത്. സ്റ്റിക്കര്‍ പതിപ്പിച്ച പേനയ്‌ക്ക് ഒമ്പത് രൂപയ്‌ക്കും, അല്ലാത്തവ എട്ട് രൂപയ്‌ക്കുമാണ് വില്‍ക്കുന്നത്.

ഭിന്നശേഷിക്കാരായ മക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടിയാണ് തുടങ്ങിയ പേന നിര്‍മാണത്തില്‍ നിന്ന് ഇനിയും ഒരുപാട് വളരാനുണ്ട് പ്രിയജക്ക്. ഇപ്പോള്‍ നാല് കളറുകളില്‍ മാത്രം കിട്ടുന്ന പേനകള്‍ കൂടുതല്‍ നിറങ്ങളില്‍ ലഭ്യമാക്കണം, ബാഗ് നിര്‍മാണം തുടങ്ങണം, പേന നിര്‍മാണത്തില്‍ അധികം പങ്കാളികളാകാത്ത കുഞ്ഞുങ്ങള്‍ക്കായി കാന്റീന്‍ തുടങ്ങണം എന്നിങ്ങനെ നിരവധി സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമാണ് പ്രിയജയ്‌ക്കുള്ളത്. എല്ലാത്തിനും പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് മധുവും മകള്‍ അനഘയും മകന്‍ ശക്തിപ്രസാദുമുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: പേന