സൂറത്ത്: ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവിനെ വധിക്കാൻ എത്തിയ തോക്കുധാരിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. മുംബൈയിലെ അധോലോക ഭീകരൻ ഛോട്ടാ ഷക്കീൽ നിയോഗിച്ച ഷാർപ്പ് ഷൂട്ടറെയാണ് വലയിലാക്കിയതെന്ന് ഭീകര വിരുദ്ധസേന വക്താവ് അറിയിച്ചു.
അഹമ്മദാബാദിലെ റിലീഫ് റോഡിലുള്ള ഒരു ഹോട്ടലിലാണ് അക്രമി തങ്ങിയിരുന്നത്. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സേന നടത്തിയ റെയ്ഡിൽ ഇയാൾ പിടിയിലായി. പരിശോധനക്കിടെ പോലീസ് സംഘത്തിനു നേർക്ക് ഇയാൾ ഒരു തവണ വെടിയുതിർത്തു. എന്നാൽ ആർക്കും തന്നെ പരിക്കേറ്റിട്ടില്ല. അക്രമിയുടെ പക്കൽ നിന്നും രണ്ട് കൈതോക്ക് പിടികൂടിയിട്ടുണ്ട്. കൃത്യമായ ചോദ്യം ചെയ്യലിനുശേഷം മാത്രമെ ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയുള്ളുവെന്ന് എടിഎസ് വക്താവ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുംബൈ സ്വദേശിയായ അക്രമി ഹോട്ടലിൽ മുറി വാടകയ്ക്ക് എടുത്തതെന്ന് ഹോട്ടൽ മാനേജർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഛോട്ടാ ഷക്കീൽ എന്തിനാണ് ബിജെപി നേതാവിനെ വധിക്കാൻ പദ്ധതിയിട്ടതെന്ന് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. അതേ സമയം തന്നെ വധിക്കാൻ അക്രമിയെ അയച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നതായി മുതിർന്ന ബിജെപി നേതാവ് ഗോർധാൻ സദാഫിയ ഗീർ സോമനാഥ് ജില്ലയിൽ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: