കൊച്ചി: ഹൈക്കോടതിയുടെ വിമര്‍ശനം ഭയന്ന് കൊറോണ ബാധിതരുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍വലിച്ചു. രോഗബാധിതരുടെ ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുന്നതെന്നുമാണ് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചത്.
രോഗികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളല്ല ടവര്‍ ലൊക്കേഷന്‍ മാത്രമാണ് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരം മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നുമാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. നേരത്തെ കൊറോണ രോഗികളുടെ ഫോണ്‍ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. മുഖ്യമന്ത്രി ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേസില്‍ വിശദമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേരളത്തിലെ കൊറോണ രോഗികളുടെ ടെലിഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. മാസങ്ങളായി ഇതു തുടരുന്നുണ്ട്. ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു.
രോഗിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൊറോണ രോഗികളുടെ ഫോണ്‍ വിളികള്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഉയര്‍ത്തിയ ന്യായം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ആധാറിനെ വരെ എതിര്‍ത്ത സിപിഎം ഭരിക്കുമ്പോള്‍ സ്വകാര്യതയിലേക്ക് നടക്കുന്ന ഈ ഒളിഞ്ഞ് നോട്ടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: