മൂന്നാര്‍: നീണ്ട ഏഴ് മാസത്തിന് ശേഷം രാജമലയിലെ വരയാടുകളെ കാണാന്‍ ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച സഹ പ്രവര്‍ത്തകരെ പാര്‍ക്ക് തുറക്കുന്നതിന് മുന്നോടിയായി അനുസ്മരിക്കും.
ജനുവരി 22ന് പ്രജനനകാലത്തോട് അനുബന്ധിച്ചാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫിന് കീഴിലുള്ള ഇരവികുളം ദേശീയോദ്ധ്യാനം അടച്ചത്. പിന്നീട് മാര്‍ച്ച് 10 മുതല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് തുറക്കുന്നത് നീട്ടുകയായിരുന്നു.
ആഗസ്റ്റ് ആറിന് രാത്രി 11ന് ഉണ്ടായ പെട്ടിമുടി ദുരന്തം സംഭവിച്ചത് പാര്‍ക്കില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറ് ജീവനക്കാരെയാണ് അപകടത്തില്‍ നഷ്ടമായത്. ഇരവികുളത്തെ മാത്രം മൂന്ന് പേരും മണ്ണിനടിയിലായി. പാര്‍ക്കിലെ ബസിന്റെ ഡ്രൈവര്‍മാരും സഹോദരങ്ങളുമായിരുന്ന ഗണേഷ് പി, മയിലുസ്വാമി പി. എന്നിവരും എക്കോ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രേഖയുമാണ് മരിച്ചത്. മൂവര്‍ക്കും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേകം ആദരവ് അറിയിച്ച ശേഷമാണ് പാര്‍ക്കിലേക്ക് വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുക. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരും ഇവിടെ ജീവനക്കാരായി ഉണ്ട്.
അതേ സമയം അപകടത്തില്‍ മരിച്ച ഗണേഷിന്റെ മക്കളായ ഹേമലതയ്ക്കും ഗോപികയ്ക്കും രേഖയുടെ അമ്മയ്ക്കും അച്ഛനും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് തുകയായ 50,000 രൂപ വീതം കൈമാറി. മയിലുസ്വാമിയുടെ മക്കളടക്കമുള്ള ബന്ധുക്കളെല്ലാം അപകടത്തില്‍ മരിച്ച് പോയിരുന്നു. ഇയാളുടെ ഭാര്യയുടെ അമ്മയും ഗണേഷിന്റെ മക്കളുമാണ് നിലവില്‍ ഇവരുടെ കുടുംബത്തില്‍ ജീവിച്ചിരിക്കുന്നത്. വൈല്‍ഡ് ലൈഫ് വാര്ഡന് ആര്. ലക്ഷ്മി നേരിട്ടെത്തിയാണ് പണം കൈമാറിയത്.
രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് രാജമലയിലേക്ക് പ്രവേശന ടിക്കറ്റ് നല്‍കുക, അഞ്ച് മണിവരെ പാര്‍ക്കിന്റെ പ്രവര്‍ത്തന സമയം. പ്രവേശന നിരക്ക് 250 രൂപയായി വര്‍ദ്ധിപ്പിച്ചു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. പാര്‍ക്കിലേക്ക് എത്തുന്നവരെ മുകളിലേക്ക് എത്തിക്കുന്ന ബസുകളില്‍ പാതി യാത്രക്കാരെ മാത്രമെ അനുവദിക്കൂ. കഫറ്റേരിയയില്‍ പാഴ്സല്‍ സൗകര്യം മാത്രമെയുള്ളു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള എല്ലാം സൗകര്യവും ഒരുക്കിയതായി ഇരവികുളം ദേശീയോദ്ധ്യാനം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡ് ജോബ് ജെ. നേര്യംപറമ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: