ന്യൂദല്‍ഹി: കൊറോണയ്ക്കെതിരായ പോരാട്ടത്തിന് പിഎം കെയേഴ്സ് ഫണ്ട് വഴി സ്വരൂപിച്ച നിധി ദേശീയ ദുരന്തനിവാരണ ഫണ്ടിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഈ ആവശ്യം ഉന്നയിച്ച് ചില സര്‍ക്കാരിതര സംഘടനകള്‍ നല്കിയ ഹര്‍ജി ജസ്റ്റിസുമാരായ അശോക ഭൂഷണ്, ആര്. സുഭാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് തള്ളി.
പിഎം കെയേഴ്സ് ഫണ്ടിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്നത് സ്വമേധയാ ആണ്. ദേശീയ ദുരന്ത നിവാരണഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനും നിയമപരമായ വിലക്കൊന്നുമില്ല. പിഎം കെയേഴ്സിലെ ഫണ്ടും വേണമെങ്കില്‍ സര്‍ക്കാരിന് ദുരന്തനിവാരണഫണ്ടിലേക്ക് മാറ്റാം. ഇതിന് കോടതി ഉത്തരവിന്റെ ആവശ്യമൊന്നുമില്ല. സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ രണ്ടു ഫണ്ടുകളും പൂര്‍ണമായും വ്യത്യസ്തമാണ്. പിഎം കെയേഴ്സ് ഫണ്ട് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഫണ്ടാണ്, കോടതി വ്യക്തമാക്കി.
പിഎം കെയേഴ്സ് ഫണ്ട് ദേശീയ ദുരന്തനിവാരണ നിയമം മറികടക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഈ വാദത്തെ ആഭ്യന്തര മന്ത്രാലയം കോടതിയില്‍ ഖണ്ഡിച്ചു. പിഎം കെയേഴ്സ് ഫണ്ട് പൊതു ചാരിറ്റബിള്‍ ട്രസ്റ്റാണ്. ആര്‍ക്കു വേണമെങ്കിലും അതിലേക്ക് സംഭാവന ചെയ്യാം. അതേസമയം 2005ലെ ദേശീയ ദുരന്തനിവാരണ നിയമ പ്രകാരം ദേശീയ ദുരന്തനിവാരണ ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ബജറ്റ് വിഹിതമായി ഇതിന് ഫണ്ട് നല്‍കുന്നുണ്ട്. സ്വകാര്യ സംഭാവനയില്ലാതെയാണിത്, കേന്ദ്രം വ്യക്തമാക്കി.
കൊറോണയ്ക്കെതിരെ പോരാടാന്‍ ദേശീയ പദ്ധതി വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും നടപ്പായിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാമാരിക്കെതിരെ പോരാടാന്‍ കേന്ദ്രം തയാറാക്കിയ പദ്ധതി പര്യാപ്തമാണ്. കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. പിഎം കെയേഴ്സ് ഫണ്ടിനെതിരായ ഹര്‍ജി തള്ളുന്നത് ഇത് രണ്ടാം തവണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: