ദശപുഷ്പങ്ങള്‍ക്ക് കേരളീയ ജീവിതത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. തിരുവാതിര വ്രതത്തിന് സ്ത്രീകള്‍ ഇവ തലയില്‍ ചൂടുന്ന പതിവുണ്ട്. പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കഞ്ഞുണ്ണി (കയ്യോന്നി), നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള (ബലിപ്പൂവ്), തുരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍. ഓരോന്നിനും സവിശേഷമായ ഔഷധഗുണങ്ങളുണ്ട്.
- പൂവാങ്കുറുന്തല്‍: ശരീരതാപം കുറയ്‌ക്കും. ജ്വരം ശമിക്കും. മൂത്രതടസ്സം മാറും. മൂത്രം അധികമായി പോകുന്നതിനാല്‍ ശരീരത്തിലെ നീരുകുറയ്‌ക്കും. തേള്‍വിഷത്തിന് നല്ല പ്രതിവിധിയാണ്.
- മുയല്‍ചെവി: പനിയും വയറ്റിലെ വിരയും ശമിപ്പിക്കും. നേത്രരോഗങ്ങള്‍ മാറാനും നല്ലതാണ്. കണ്ണിന് കുളിര്‍മ നല്‍കും. രക്തം പോകുന്ന അര്‍ശസ്സ് ശമിപ്പിക്കും.
- കറുക: കഫ പിത്തരോഗങ്ങള്‍ ശമിപ്പിക്കും. മൂത്രം കൂടുതല്‍ പോകും. ത്വഗ്‌രോഗം ഭേദമാക്കും. മുറിവില്‍ നിന്ന് രക്തം സ്രവിക്കുമ്പോള്‍ കറുക അരച്ചു കെട്ടിയാല്‍ രക്തസ്രാവം ഉടന്‍ നിലയ്‌ക്കും.
- കഞ്ഞുണ്ണി (കയ്യോന്നി): കഫവാതരോഗങ്ങള്‍ ശമിപ്പിക്കുന്നു. വേദന കുറയ്‌ക്കുന്നു. തലമുടി വളരാന്‍ സഹായിക്കും. വ്രണരോപണമാണ്. കരളിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. കാഴ്ചശക്തി വര്‍ധിപ്പിക്കും.
- നിലപ്പന: മൂത്രരോഗങ്ങള്‍ ശമിപ്പിക്കും. വിഷശമനിയാണ്. യോനീ രോഗങ്ങള്‍ക്കും രക്തശുദ്ധിക്കും നല്ലതാണ്. ശുക്ലവൃദ്ധിയുണ്ടാകും.
- വിഷ്ണുക്രാന്തി: ജ്വരം (പനി) ശമിപ്പിക്കും. ബുദ്ധിശക്തി വര്‍ധിപ്പിക്കും. രക്തശുദ്ധി ഉണ്ടാക്കും. തലമുടി വര്‍ധിക്കും.
- ചെറൂള (ബലിപ്പൂവ്): മൂത്രാശയ കല്ലിനെ ക്രമേണയായി ദ്രവിപ്പിച്ചു കളയും. ഗര്‍ഭകാലത്തുണ്ടാകുന്ന രക്തസ്രാവം ശമിപ്പിക്കും. കൃമിനാശത്തിനും ജ്വരത്തിനും പ്രതിവിധിയാണ്.
- തിരുതാളി: ത്രിദോഷങ്ങളെ (വാത, പിത്ത, കഫങ്ങളെ) അകറ്റും. വന്ധ്യതമാറും. ശുക്ലവര്‍ധനയുണ്ടാകും.
- ഉഴിഞ്ഞ: പനിശമിപ്പിക്കും. മലം അയഞ്ഞു പോകാന്‍ സഹായിക്കുന്നു. തലമുടിയിലെ അഴുക്കു കളയാനും മുടിവളരാനും നല്ലതാണ്. നീരും വാതവും ശമിക്കും.
- മുക്കുറ്റി: വയറിളക്കം മാറും. വ്രണരോപണമാണ്. ചുമ, കഫം ഇവ ശമിപ്പിക്കും. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണ ചേര്‍ത്ത് പുരട്ടിയാല്‍ വേദനയും അതുകൊണ്ടുണ്ടാകുന്ന മറ്റ് അസ്വാസ്ഥ്യങ്ങളും മാറും.
ഡോ. എസ്.ശശിധരന്‍ നായര്‍
(ചെറുതുരുത്തിയിലെ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആയുര്‍വേദയില്‍ റിസര്‍ച്ച് ഓഫീസറായിരുന്നു ലേഖകന്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: