തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ശ്രി കെ.ആര് നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശില്പിയായ ശങ്കര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്ന് ബിജെപി നേതാവും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്. എല്ലാ പ്രൊജെക്ടുകളില്‍ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. ഇതോടെ തിരസ്ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യില്‍ നിന്നും പണമെടുത്ത് പൊന്മുടിയില് സര്‍ക്കാറിന് വേണ്ടി പോലീസ് സ്റ്റേഷന് പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോളെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ശില്പി ശങ്കറിനോടുള്ള നിന്ദ കേരളം പൊറുക്കില്ല.
ശതകോടികളുടെ വന്‍ തട്ടിപ്പുകളും അഴിമതിക്കഥകളും കൊട്ടിയാടുന്ന സെക്രട്ടറിയറ്റിന് മുന്നില്‍ ചെയ്ത പണിയുടെ കൂലിക്ക് വേണ്ടി ഒരാള്‍ കേഴുന്നു. മറ്റാരുമല്ല, – ഉന്നതപദവികളില്‍ ഒന്നായ പദ്മശ്രീ നല്കി രാഷ്ട്രം ആദരിച്ച കേരളത്തിന്റെ അഭിമാനം പ്രശസ്ത വാസ്തു ശില്പി ആര്‍ക്കിടെക്ട് ജി. ശങ്കര്‍.
മുന്‍ രാഷ്ട്രപതി ശ്രി കെ.ആര് നാരായണന്റെ പേരിലുള്ള ദേശീയ സ്മാരകം പണിതിട്ട് ഇന്നുവരെ അതിന് ചിലവായ 3 കോടി രൂപ ശില്പിയായ ശങ്കര്‍ക്ക് സര്‍ക്കാര്‍ കൊടുത്തിട്ടില്ല. എല്ലാ പ്രൊജെക്ടുകളില്‍ നിന്നായി 12 കോടിയോളം രൂപ അദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. ഇതോടെ തിരസ്ക്കാരത്തിന്റെയും നിന്ദയുടേയും സ്മാരകമാവുകയാണ് നമ്മുടെ സെക്രട്ടറിയേറ്റ്. ഇങ്ങനെയൊക്കെ ആയിട്ടും കയ്യില്‍ നിന്നും പണമെടുത്ത് പൊന്മുടിയില് സര്‍ക്കാറിന് വേണ്ടി പോലീസ് സ്റ്റേഷന് പണിയുന്ന തിരക്കിലാണ് അദ്ദേഹം ഇപ്പോള്‍.
നാടിന്റെ അഭിമാനമായി കെ.ആര് നാരായണന്റെ സ്മാരകം തലഉയര്‍ത്തി നില്ക്കുന്നു. ഉജ്ജ്വല സ്മാരകം പണിതുയര്‍ത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ വിയര്‍പ്പു തുള്ളികള്‍ അധികൃതര്‍ കാണുന്നില്ല. അഭിമാനം വാനോളം ഉയര്‍ന്നു, പക്ഷേ ശില്പിക്ക് കിട്ടിയത് അപമാനവും അവമതിപ്പും.
വാസ്തുകലയിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിലും കേരളത്തിലെ ഏറ്റവും പ്രഗത്ഭനും പ്രമുഖനുമായ പ്രതിഭയാണ് ശങ്കര്‍. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കേരളത്തനിമ വിളിച്ചോതുന്നു. ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്ഷിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരളത്തിന് യശസും സര്‍ക്കാരിന് വരുമാനവും ശങ്കറിന്റെ സൃഷ്ടികള്‍ കൊണ്ട് ഉണ്ടായിട്ടുണ്ട്.
ശങ്കറിന്റെ വൈദഗ്ദ്യം വിളിച്ചോതുന്ന ഒട്ടനവധി കെട്ടിട സമുച്ഛയങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നമുക്ക് കാണാന്‍ സാധിക്കും. തിരുവനന്തപുരം ഡിപിഐ ജംങ്ഷനിലുള്ള ഡിജിപി & എഡിജിപി മാരുടെ വസതികള്‍ , കേരള ദുരന്ത നിവാരണ അതോറിട്ടി സംസ്ഥാന കണ്ട്രോള് റൂം , എ ആര് ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള താമസ മന്ദിരം ,വെള്ളയമ്പലം കേരള വാട്ടര്‍ അതോറിട്ടി കെട്ടിടം , തിരുവനന്തപുരം വിമന്‍സ് കോളേജിലെ ലൈബ്രറി ബ്ലോക്ക് , തമ്പാനൂര്‍ – പൊന്മുടി പോലീസ് സ്റ്റേഷനുകള്‍ , ടെക്നോപാര്‍ക്കിലെ ഒട്ടനവധി കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ ശില്പി ശങ്കര്‍ തന്നെയാണ്.
ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം മോടി പിടിപ്പിച്ചു. സര്‍വ്വകലാശാലയ്ക്കും നല്ലൊരു കെട്ടിടം പണിതുകൊടുത്തു.പക്ഷേ ഒന്നിനും പ്രതിഫലമായി കിട്ടാനുള്ള കോടികള്‍ക്കായി സെക്രട്ടറിയേറ്റിന്റെ പടിവാതിലുകള്‍ കയറി ഇറങ്ങുമ്പോഴും വാഗ്ദാനവും ഉറപ്പും മാത്രമാണ് മറുപടി.
നിസഹായനായി വാതിലുകള്‍ മുട്ടുന്ന ആ ശില്പിയുടെ മുന്നില്‍ ഉത്തരവാദിത്തപെട്ടവര് ഒഴിഞ്ഞുമാറുകയാണ്. കേരളം നമ്പര്‍ വണ്‍ ആണത്രേ !
കോടികളുടെ കണക്കേ ധനമന്ത്രിക്ക് പറയാനുള്ളു. കിഫ്ബി, ലൈഫ് മിഷന്, സുഭിക്ഷ കേരളം , കെ. ഫോണ്‍ … അങ്ങനെ സഹസ്ര കോടികളുടെ പ്രോജെക്റ്റുകളെപ്പറ്റിയും പണമിടപാടിനെപ്പറ്റിയുമാണ് ദിവസവും വാതോരാതെ പ്രസ്താവനകള്‍. കണ്‍സള്‍ട്ടന്‍സികള്‍ക്കും ഇടനിലനില്‍ക്കുന്ന ‘സ്വപ്നാദികള്‍ക്കും ‘
ഇഷ്ടംപോലെ പണം. പക്ഷേ പണി പൂര്‍ത്തിയാക്കി എല്ലാ രേഖകളും സമര്‍പ്പിച്ചു വര്‍ഷങ്ങള്‍ ഏറെയായി ഭരണസിരാകേന്ദ്രത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ്, ചെയ്ത ജോലിയുടെ പണം തേടി ഒരാള്‍.വളരെ അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ശങ്കറിന്റെ പരിദേവനത്തിന് പരിഹാരമുണ്ടാക്കണം. സത്യത്തെയും ധര്‍മ്മത്തെയും എത്രനാള്‍ കുഴിച്ചു മൂടാന്‍ കഴിയും? നാടിനോട് ഇത്രയധികം പ്രതിബദ്ധത ഉണ്ടായിട്ടും അദ്ദേഹത്തോട് ഈ ക്രൂരത സര്‍ക്കാര്‍ നടത്തണമോ ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: