തൃശൂര്‍: കടപ്പുറം ഗ്രാമപഞ്ചായത്ത് മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് സെന്ററില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഫിഷ് ലാന്റിംഗ് സെന്റര്‍ തൊഴിലാളികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗം ആവശ്യപ്പെട്ടു. കടുത്ത നിയന്ത്രണങ്ങള്‍ ഒട്ടേറെ ദുരിതത്തിന് കാരണമാകുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി. മത്സ്യം എടുക്കുന്നതിനായി വരുന്ന വാഹനങ്ങളെ കടക്കാന്‍ അനുവദിക്കാത്തത് കാരണം ഫിഷ് ലാന്റിംഗ് സെന്ററിലെ മത്സ്യ കച്ചവടം തടസപ്പെടുത്തുന്നു. വള്ളങ്ങള്‍ പിടിക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. ഇത് മൂലം തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങുന്നു.
അതേ സമയം തൊട്ടപ്പുറത്തെ ചേറ്റുവ മിനി ഹാര്‍ബറില്‍ അന്യസംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വാഹനങ്ങളാണ് വന്നു പോകുന്നത്. അവിടെയില്ലാത്ത നിയന്ത്രണങ്ങള്‍ ഇവിടെ നടപ്പിലാക്കണമെന്ന് പോലീസ് വാശി പിടിക്കുന്നത് കടുത്ത വിവേചനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് പി.എ.സിദ്ധി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.എ. ശാഹുല്‍ ഹമീദ്, പി.കെ. ബഷീര്‍, കെ.എം. ഇബ്രാഹീം തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കാനും ജില്ലാ കലക്ടറെ വിവരങ്ങള്‍ ധരിപ്പിച്ച് പരിഹാരമുണ്ടാക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: