തൊടുപുഴ: എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍ ചാരായ വേട്ട, 70 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും പിടികൂടി. പ്രതിയെ പിടികൂടാനായില്ല. സംസ്ഥാനത്ത് അടുത്ത കാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ചാരായവേട്ടയാണിത്.
ഇടുക്കി എക്സൈസ് ജില്ലാ കണ്ട്രോള് റൂമില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂലമറ്റം എക്സൈസ് സംഘമാണ് പെരിങ്ങാശ്ശേരി വെണ്ണിയാനിയില്‍ നിന്ന് കേസ് പിടികൂടിയത്. വീട്ടുടമസ്ഥനായ കാള കുടുങ്കല്‍ സത്യരാജ് എന്നയാളുടെ പേരില്‍ കേസെടുത്തു. ചാരായം കൂടാതെ വാറ്റുപകരണങ്ങളും 500 ലിറ്ററിന്റെ ടാങ്ക്, പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു.
ഓണം സ്പെഷ്യല്‍ ഡ്രൈ വിനോടനുബന്ധിച്ച് നടന്ന പ്രത്യേക റെയിഡിന്റെ ഭാഗമായാണ് കേസ് കണ്ടെടുത്തത്. റെയിഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ, പ്രിവന്റീവ് ഓഫീസര്‍ സാവിച്ചന്‍ മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ്, ദിലീപ്, സുമേഷ്, സിന്ധു എന്നിവര്‍ പങ്കെടുത്തു. ജൂലൈ 17ന് കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം
പിടിച്ചെടുത്തു. മൈലപ്പുഴ മക്കാനാല്‍ വിശാഖിനെ ആണ് ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അന്ന് അറസ്റ്റ് ചെയ്തത്.
സാധാരണയായി വളരെ ചെറിയ അളവില്‍ മാത്രമാണ് ചാരായം പിടികൂടാറുള്ളത്. എന്നാല്‍ ജില്ലയില്‍ വന്‍തോതില്‍ ചാരായം വാറ്റും വില്‍പ്പനയും നടക്കുന്നതാണ് ഇവ സൂചന നല്‍കുന്നത്. ചാരായ വാറ്റുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ വ്യാപക തോതില്‍ പരിശോധന ആരംഭിച്ചതായി അസി. എക്സൈസ് കമ്മീഷണര്‍ ടോമി ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: