ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ സ്വന്തം വീട്ടിലേക്ക് കടത്തിയ സിപിഎം നേതാവിനെതിരെയും, കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയും പോലീസ് കേസെടുത്തു. കടത്തിയ സാധനങ്ങളുടെ പണം തിരിച്ചു നല്കി പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകര്‍ രംഗത്ത് വന്നതോടെയാണ് കൈനടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരന്‍, വെട്ടിപ്പിന് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മൂന്നാം വാര്‍ഡംഗവുമായ പ്രിനോ ഉതുപ്പാന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അതിനിടെ പ്രിനോ ഉതുപ്പാനെ നാട്ടുകാര്‍ പരസ്യമായി വിചാരണചെയ്തു. മാപ്പുപറഞ്ഞ പ്രിനോ ഉതുപ്പാന്, പണംതിരികെ നല്‍കിയാണ് തടിയൂരിയത്.
വില്ലേജ് ഓഫിസില്‍നിന്ന് ശേഖരിച്ച ഭക്ഷ്യകിറ്റുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാതെ മറിച്ചുവിറ്റുവെന്നാണ് പ്രിനോ ഉതുപ്പന്‍ പറഞ്ഞത്. പക്ഷേ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വെട്ടിപ്പിന് നേതൃത്വം നല്‍കിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.പി സുകുമാരനാണെന്ന് തെളിഞ്ഞു. സുകുമാരന്റെ വീട്ടില്‍നിന്ന് ദുരിതാശ്വാസകിറ്റുകളും കണ്ടെടുത്തു. നാണക്കേടായതോടെ ബ്രാഞ്ച് സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേസെടുത്ത് അറസ്റ്റുചെയ്യണമെന്ന് ബിജെപിയും, കോണ്‍ഗ്രസും ആവശ്യപ്പെട്ടു
കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം നേതാവാണ് പ്രിനോ ഉതുപ്പാന്. നീലംപേരൂര്‍ ഗവ. എല്‍പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അനുവദിച്ച ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. ക്യാമ്പിലേക്ക് വില്ലേജ് ഓഫീസറുടെ ഇന്‍ഡന്റ് പ്രകാരം അനുവദിച്ചതാണ് സാധനങ്ങള്‍. ഇവ ചിങ്ങവനത്തെ സപ്ളൈകോ സ്റ്റോറില്‍നിന്ന് വാങ്ങിവരുംവഴി ഒരുചാക്ക് അരിയും അനുബന്ധ സാധനങ്ങളും ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ കാറില്‍ കയറ്റിവിട്ടെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎമ്മാണ് പഞ്ചായത്ത് ഭരിക്കുന്നത്. മുന്‍ വര്‍ഷം പ്രളയകാലത്ത് ചേര്‍ത്തലയിലെ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിന് സിപിഎം നേതാവ് പണപ്പിരിവ് നടത്തിയത് വിവാദമായിരുന്നു. പാര്‍ട്ടി ആദ്യം ഈ നേതാവിനെതിരെ നടപടിയെടുത്തെങ്കിലും പിന്നീട് നന്മമരമായി വാഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: