ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ശരീര വേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശരീരവേദനയും തളര്‍ച്ചയും തുടരുന്നതിനാല്‍ മൂന്നു ദിവസം നിരീക്ഷണത്തില്‍ തുടരേണ്ടിവരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്റ്റര്‍മാര്‍ അറിയിച്ചു.
നാലുദിവസം മുന്‍പാണ് കോവിഡ് രോഗമുക്തനായി അദ്ദേഹം ഔദ്യോഗിക വസതയില്‍ തിരിച്ചെത്തിയത്. ഒരാഴ്ചയോളം ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മേദാന്ത ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് അമിത് ഷാ രോഗമുക്തനായി തിരിച്ചെത്തുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം കുറച്ചു ദിവസംകൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ചില വിര്‍ച്വല്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കുകയും ഫയലുകള്‍ നോക്കുകയും ചെയ്തിരുന്നു. പൂര്‍ണവിശ്രമമാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്.
എന്റെ കൊറോണ ടെസ്റ്റ് നെഗറ്റീവായി വന്നു. ഈശ്വരനോട് നന്ദി പറയുന്നു. ഒപ്പം എന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച, ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞാന്‍ കുറച്ചുദിവസം കൂടി ഐസൊലേഷനില്‍ തുടരുമെന്നായിരുന്നു അമിത് ഷാ ട്വിറ്ററില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: