തിരുവനന്തപുരം: ലൈഫ് പദ്ധതിയും റെഡ്ക്രസന്റുമായുള്ള ഇടപാടുകളില്‍ കുരുക്കിട്ട് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ഒരു കോടി രൂപ കമ്മീഷന് കിട്ടിയ അന്വേഷണം സര്‍ക്കാരിലേക്ക്. റെഡ്ക്രസന്റുമായുള്ള കരാറിന്റെ പകര്‍പ്പ് അന്വേഷിച്ച് എന്‍ഫോഴസ്മെന്റ് സെക്രട്ടേറിയറ്റിലെത്തി.
ലൈഫ് മിഷനും ദുബായ് റെഡ്ക്രസന്റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസമാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറിക്കും ലൈഫ് മിഷന് സിഇഒയ്ക്കും കത്ത് കൈമാറി. ലൈഫ് മിഷനുമായി എങ്ങനെ റെഡ്ക്രസന്റ് കരാറിലെത്തി, നിര്‍മാണ കമ്പനിയായി യുണിടാക്കിനെ തെരഞ്ഞെടുത്തതെങ്ങനെ, കരാര്‍ എങ്ങനെ യുണിടാക്കിന് ലഭിച്ചു, അതില്‍ സ്വപ്നയ്ക്കുള്ള പങ്കെന്ത് തുടങ്ങിയ കാര്യങ്ങളും എന്‍ഫോഴ്സ്മെന്റിന്റെ അന്വേഷണ പരിധിയിലുണ്ട്. ഇതോടെ അനധികൃത ഇടപാടില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകും.
വിദേശ ധനവിനിമയ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് റെഡ്ക്രസന്റുമായി 20 കോടി രൂപയുടെ ലൈഫ് പദ്ധതിക്ക് സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടത്. കരാര്‍ തയാറാക്കിയത് പോലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഇടപെടലില്‍ ഒറ്റദിവസം കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിടുമ്പോള്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയായിരുന്നു മുഖ്യ സാക്ഷി. തുടര്‍ന്ന് നിര്‍മാണ കരാര്‍ യുണിടാക്കിന് നല്കി. മാത്രമല്ല പ്രളയ ഫണ്ട് സമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് സന്ദര്‍ശിക്കുന്നതിനും നാല് ദിവസം മുന്നേ ശിവശങ്കറും സ്വപ്നയും ദുബായ്യില് എത്തിയിരുന്നു. അവിടെ മുഖ്യമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ സ്വപ്നയും ഉണ്ടായിരുന്നതായി എന്‍ഫോഴ്സ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ഒരുകോടിരൂപ കമ്മീഷന് നല്‍കിയെന്ന് യുണിടാക് ഉടമയും എന്‍ഫോഴ്മെന്റിനോട് സമ്മതിച്ചിട്ടുണ്ട്.
തലസ്ഥാനത്തെ സ്വകാര്യബാങ്ക് വഴി ആണ് യുണിടാക്കിന് പണം കൈമാറിയത്. ഇതില്‍ത്തന്നെ കമ്മീഷന് ഡോളറായി മാറ്റിയിരുന്നു. സ്വപ്ന സുരേഷ് 75 ലക്ഷത്തോളം രൂപ ഡോളറായി മാറ്റിവാങ്ങി. ഇതിന് ചില ബാങ്ക് ജീവനക്കാരും സഹായിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ ഫോറിന് എക്സ്ചേഞ്ച് സംവിധാനങ്ങളൊന്നും ഇതിനായി ഉപയോഗിച്ചിട്ടില്ലെന്ന് ബാങ്കിന്റെ ആഭ്യന്തര പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ജീവനക്കാര്‍ വഴി രൂപയായി നല്കിയ പണം ഡോളറാക്കി മാറ്റിയത് പല ഫോറിന് എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ വഴിയാണോയെന്നും എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: