ഉത്തര കേരളത്തിന്റെ വിശേഷിച്ചും അത്യുത്തര കേരളത്തിന്റെ സാംസ്‌കാരികവും ധാര്‍മികവും ധൈഷണികവും ചിന്താപരവുമായ രംഗങ്ങളില്‍ അമൂല്യമായ മുതല്‍ക്കൂട്ടുകള്‍ ചെയ്തിട്ടുള്ള വ്യക്തികള്‍ക്ക് കഴിഞ്ഞ ഒരു വ്യാഴവട്ടത്തിലേറെക്കാലമായി ആദരണം നല്‍കുന്ന പതിവ് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിരുപമ സേവന സംഘടനയായ സര്‍വമംഗള ട്രസ്റ്റിനുണ്ട്. ആ സംരംഭത്തിന്റെ പുരസ്‌കാരം ലഭിച്ച പി. ജനാര്‍ദ്ദനന്‍ എന്ന വിശിഷ്ട പുരുഷന്‍ കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ വിവരം ദൃശ്യമാധ്യമങ്ങളിലൂടെയും, കണ്ണൂരിലെ പ്രേഷ്ഠ മാധ്യമപ്രവര്‍ത്തകനും, അരനൂറ്റാണ്ടിലേറെക്കാലമായി എന്റെ സഹപ്രവര്‍ത്തകനുമായ എ. ദാമോദരന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെയും അറിയാനിടയായപ്പോള്‍, അദ്ദേഹവുമായി ഏറെ അടുത്ത് പരിചയമില്ലായിരുന്നെങ്കിലും വലിയ നഷ്ടബോധം അനുഭവപ്പെട്ടു. തളിപ്പറമ്പിലെ മുതിര്‍ന്ന സംഘപ്രവര്‍ത്തകനായ കെ.സി. കണ്ണന്‍, തലശ്ശേരിയിലെ സി. ചന്ദ്രശേഖരന്‍, പി.പി. മുകുന്ദന്‍ മുതലായ ഒരു ഡസനിലേറെപ്പേര്‍ ഇപ്രകാരം പുരസ്‌കൃതരായവരില്‍പ്പെടുന്നു.
പി. ജനാര്‍ദ്ദനന്‍ ധാര്‍മിക രംഗത്തും ദാര്‍ശനിക രംഗത്തും വളരെ ഉന്നതനിലവാരം പുലര്‍ത്തിയ ആളായിരുന്നു. പാപ്പിനിശ്ശേരിയിലെ പരമ്പരാഗത വൈദ്യകുടുംബത്തിലാണ് ജനിച്ചത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ പ്രസിഡന്റ്, ദൃഷ്ടിഹീന്‍ കല്യാണാശ്രമം (സക്ഷമ), തപസ്യ മുതലായ പ്രസ്ഥാനങ്ങളിലൊക്കെ അദ്ദേഹം സജീവ താല്‍പ്പര്യമെടുത്തിരുന്നു. അദ്ദേഹത്തിന്റെ പിതാവ് പാക്കല്‍ അമ്പുക്കുട്ടി വൈദ്യരായിരുന്നു. ആധുനിക വിദ്യാഭ്യാസം നേടിയശേഷം മൃഗസംരക്ഷണ വകുപ്പില്‍ സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സേവനത്തില്‍ കഴിയവേ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ താല്‍പര്യമെടുത്തു. സാംസ്‌കാരികവും ധാര്‍മികവുമായി കാതലുള്ള ഏതാനും പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളായുണ്ട്. സര്‍വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപദേഷ്ടാക്കളില്‍ പ്രമുഖനായിരുന്നു ജനാര്‍ദ്ദനന്‍.
കണ്ണൂരിലെ മുതിര്‍ന്ന സംഘപ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ചില സമാഗമങ്ങളില്‍ ആ ഭാഗത്തെ പഴയകാല പ്രചാരകനെന്ന നിലയ്‌ക്ക് എന്നെയും ക്ഷണിക്കുക പതിവായിരുന്നു. ആ അവസരങ്ങളില്‍ ഹരിയേട്ടനും സേതുവേട്ടനും പങ്കെടുക്കുന്നത് ഓര്‍ക്കുന്നു. ആ അവസരങ്ങളില്‍ ഞാന്‍ കുടുംബസഹിതം പങ്കെടുത്തിരുന്നു. അങ്ങനെയിരിക്കെ 2016 ലാണെന്നു തോന്നുന്നു സര്‍വമംഗള ട്രസ്റ്റിന്റെ പുരസ്‌കാര സമര്‍പ്പണത്തിന് ട്രസ്റ്റ് ഭാരവാഹികള്‍ എന്നെ ക്ഷണിച്ചു. സ്വീകര്‍ത്താവ് ജനേട്ടനാണെന്നറിഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ ചെറുതായിപ്പോയി. കണ്ണൂര്‍ ജില്ലയിലെ അതിപ്രശസ്തനായ അദ്ദേഹത്തിന് പുരസ്‌കാര ദാതാവാകാനുള്ള അര്‍ഹത ഉണ്ടായിരുന്നുവെന്ന് എനിക്കു തോന്നിയില്ല. പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയില്‍ താന്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം എനിക്ക് ഒപ്പിട്ടു തന്നു. ആധുനികതയിലേക്കു ഹൈന്ദവസമൂഹത്തെ നയിച്ച രണ്ടു മഹാപുരുഷന്മാരെപ്പറ്റിയുള്ളവയായിരുന്നു അവ. സ്വാമി വിവേകാനന്ദന്‍ അവധൂതനായി ഭാരതപരിക്രമണം നടത്തിയതിനെ പശ്ചാത്തലമാക്കിക്കൊണ്ട് ‘മഞ്ഞുകാലത്ത് ഒരു മിന്നല്‍പ്പിണര്‍’ പോലെ എന്നതായിരുന്നു ഒരു പുസ്തകം. നോവല്‍ രൂപത്തിലാണ് രചന. ബാംഗ്ലൂര്‍ മുതല്‍ കന്യാകുമാരി വരെയുള്ള യാത്രയാണ് പ്രധാന പ്രതിപാദ്യ വിഷയം.
ഇന്നത്തേതുപോലെ യാത്രാസൗകര്യങ്ങളോ വാഹനസൗകര്യമോ ഇല്ലാതിരുന്ന 1890 കളിലെ കേരളീയ ജീവിതം ജനേട്ടന്‍ പുനഃസൃഷ്ടിച്ചിരിക്കയാണതില്‍. ഷൊര്‍ണൂര്‍-തൃശൂര്‍, തൃശൂര്‍-തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം, കോട്ടപ്പുറം-എറണാകുളം, എറണാകുളം-ആലപ്പുഴ, കൊല്ലം തിരുവനന്തപുരം യാത്രകളും സഹയാത്രികരും ഓരോ സ്ഥലത്തുമെത്തിയപ്പോള്‍ മുന്‍പ് പുറപ്പെട്ടയിടത്തുനിന്നും വാങ്ങിയ പരിചയ പത്രങ്ങളുപയോഗിച്ചതും ഇതൊക്കെ വസ്തുതാശേഖരണവും, ഭാവനാ ചിത്രീകരണവും ചേര്‍ത്ത് അതിഹൃദയഹാരിയാണ് നോവല്‍. നമ്മുടെ മലയാള സാഹിത്യത്തില്‍ ഇതിനോട് സാമ്യപ്പെടുത്താന്‍ മറ്റൊരു കൃതിയുണ്ടാവില്ല. മലയാള സാഹിത്യം അടക്കിവാഴുന്ന മാടമ്പിമാര്‍ക്ക് ഇത്തരം കൃതികളില്‍ താല്‍പര്യമുണ്ടാവില്ല. സ്വാമിജിയുടെ ജീവിതത്തിന്റെ വിശേഷിച്ചും പരിവ്രാജകനായതുമുതലുള്ള ഭാഗത്തിന്റെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തപ്പെട്ടവയാണ്. അതില്‍ അതിവിപുലമായ ഗവേഷണങ്ങളും നടന്നു കഴിഞ്ഞു. അവ ഇന്നും തുടരുകയും ചെയ്യുന്നു. ജനാര്‍ദനന്‍ എഴുതിയ പുസ്തകം അതിന്റെ മിന്നല്‍പ്പിണര്‍ നമ്മെ അനുഭവിപ്പിക്കുകതന്നെ ചെയ്യും.
ദേശീയവും ധാര്‍മികവും സാമൂഹ്യവും ആത്മീയവുമായ നമ്മുടെ പതനത്തില്‍ അദ്ദേഹം എത്ര ഉത്കണ്ഠാകുലനായിരുന്നു എന്നു നമ്മെ ഓര്‍മപ്പെടുത്തുന്ന ഒരു മഹത്തായ സാമൂഹ്യ വിമര്‍ശനമാണ് ഗുരുവില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ എന്ന ചെറു പുസ്തകം. ലോകത്തിനാകെ വഴിവിളക്കായി പ്രകാശിക്കാന്‍ ശേഷിയുള്ള ഭാരതീയ സംസ്‌കാരത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ തയ്യാറാകാതെ കിട്ടുന്ന അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തുന്ന എല്ലാവരെയും അദ്ദേഹത്തിന്റെ തുലികകൊണ്ടുള്ള പ്രഹരം പുളയിക്കുക തന്നെ ചെയ്യും. ഗുരുവിന്റെ ഒരു സന്ദേശവും ഒരു ശുപാര്‍ശയും പുറംചട്ടയില്‍ തന്നെയുണ്ട്. ”മനുഷ്യരുടെ മതം വേഷം മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല” എന്ന സന്ദേശവും, ”സ്വന്തം മാതുവൈദ്യന്, മി. കുളത്തൂര്‍ ഈ കത്തും കൊണ്ടുവരുന്ന ‘കറുത്ത’എന്നവന് രാമസ്വാമി അയ്യര്‍ എന്നവനെക്കൊണ്ട് മലയാം പള്ളിക്കൂടത്തില്‍ ഒരു വാധ്യാര്‍ ജോലി കൊടുപ്പിക്കണം; എന്നു നാരായണ ഗുരു എന്നതുമാണത്.
ശ്രീനാരായണ ഗുരുവിനെ ഇന്നു കേരളീയ സമൂഹം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുന്നുവെന്ന് ജനാര്‍ദ്ദനന്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. ”കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ചിരിക്കുകയും, ഒരു വലിയ ജനസമൂഹത്തിന്റെ നവോത്ഥാനത്തിന് നായകത്വം വഹിക്കുകയും ചെയ്ത ഒരു മഹാപുരുഷന്‍ എന്ന നിലയില്‍ അന്വേഷണവും പഠനവും തുടര്‍ന്നുകൊണ്ടേയിരിക്കും. കേരളത്തില്‍ ഇന്നു നടക്കുന്ന ഏതു സാമൂഹ്യ സാംസ്‌കാരിക പരിപാടിയിലും ഗുരു ചടങ്ങെന്നപോലെ അനുസ്മരിക്കപ്പെടുന്നു. കലാസാഹിത്യരംഗത്തും സ്ഥിതി വ്യത്യസ്തമല്ല. ബ്രാഹ്മണ സമൂഹം മുതല്‍ ദളിത വിഭാഗം വരെയുള്ള ജാതി ശ്രേണിയിലും ഈ വിഷയം ആഘോഷിക്കപ്പെടുന്നു. ഇടതു വലതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതമൗലിക വാദികളും ഗുരുവചനങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കുന്നു.
നാം കേരള സമൂഹം മധ്യകാല ജീര്‍ണതയിലേക്ക് അതിവേഗം കൂപ്പുകുത്തിക്കൊണ്ടിരിക്കയാണ്. ഗുരുപദേശങ്ങള്‍ പൂര്‍ണമായും മറന്നുപോയതിന്റെ തിക്തഫലമാണ് ഇതൊക്കെ. ഗുരുവില്‍നിന്ന് ഒന്നും പഠിക്കാത്തവര്‍ എന്ന പുസ്തകം വര്‍ത്തമാന കേരളത്തെക്കുറിച്ചുള്ള വിഹ്വല ചിന്തകളാണ്. ആരുടെയെങ്കിലും മനസ്സില്‍ ചെറുചലനമെങ്കിലും സൃഷ്ടിക്കുമോ എന്നാണദ്ദേഹത്തിന്റെ പ്രതീക്ഷ.
കേരളത്തിലെ ഹിന്ദുക്കളും ക്ഷേത്രങ്ങളും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ ഒരു നൂറ്റാണ്ട് പുറകില്‍ തന്നെ മരവിച്ചു നില്‍ക്കുകയാണെന്നദ്ദേഹം ഗ്രന്ഥ സമാപനത്തില്‍ പ്രസ്താവിക്കുന്നു. ക്ഷേത്ര കാര്യങ്ങളില്‍ യാതൊരുവിധ പരിഷ്‌കാരങ്ങളും സ്വീകാര്യമല്ലെന്നു വാദിക്കുന്ന ചെറിയ വിഭാഗം ഹിന്ദു സമൂഹത്തില്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിര്‍ഭാഗ്യവശാല്‍ ക്ഷേത്രത്തിനകത്തെ കാര്യങ്ങള്‍ പൂര്‍ണമായും അവരുടെ നിയന്ത്രണത്തിലാണ്. ക്ഷേത്ര ഭരണം അതത് കാലത്ത് നിലവിലുള്ള സര്‍ക്കാര്‍ നിയമിക്കുന്ന രാഷ്‌ട്രീയ പ്രവര്‍ത്തകരിലും. ആദ്യം പറഞ്ഞവര്‍ ക്ഷേത്രത്തിനു പുറത്തേക്കു നോക്കാറില്ല. ഭരണാധിപന്മാര്‍ അകത്തേക്കും.
മുന്‍വിധിയില്ലാതെ വിശദപഠനങ്ങളും തുറന്ന ചര്‍ച്ചകളും വിട്ടുവീഴ്ചകളും പരസ്പരം കൊടുക്കല്‍ വാങ്ങലുകളും വേണ്ടുവോളം നടത്തി പ്രയാണമാരംഭിക്കാന്‍ സമയം വൈകിക്കഴിഞ്ഞു. ഭാഗ്യവശാല്‍ സര്‍വാദരണീയരായ ഗുരു ശ്രേഷ്ഠന്മാരും ആചാര്യന്മാരും ഈ പ്രക്രിയയ്‌ക്കു നേതൃത്വം കൊടുക്കാന്‍ തയ്യാറാകണം.
സ്വാതന്ത്ര്യം ലഭിച്ചശേഷം പണ്ഡിറ്റ് നെഹ്‌റുവിനിഷ്ടമായില്ലെങ്കിലും ഗുജറാത്തിലെ പ്രഭാസ പട്ടണത്തിലെ ഇസ്ലാമിക ആക്രമണത്തില്‍ ഗസ്‌നി മുഹമ്മദ് തകര്‍ത്ത് കൊള്ളയടിച്ച സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം, സര്‍ദാര്‍ പട്ടേലിന്റെ ആശംസകളോടെ ഡോ. കെ.എം. മുന്‍ഷിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി ആരംഭിച്ചു മുഴുമിച്ചു. അതിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണല്ലൊ അയോധ്യയില്‍ രാമക്ഷേത്രം ഉയരാന്‍ പോകുന്നത്. സോമനാഥത്തിന്റെ കഥ ജയ് സോമനാഥ് എന്ന പേരില്‍ ഡോ. കെ.എം. മുന്‍ഷി എഴുതിയിരുന്നു. ജനാര്‍ദനന്‍ ആ പുസ്തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് കേസരി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. ദേശീയ ചിന്തയ്‌ക്കു കരുത്തു പകരുന്നതില്‍ സര്‍വകഴിവുകളും പ്രയോഗിച്ച കണ്ണൂരിലെ കരുത്തനാണ് നമുക്ക് നഷ്ടമായത്. സംഘപഥത്തിലെ ഒരു വഴിവിളക്കായിരുന്നു അണഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: