തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പുതിയ പ്രതീക്ഷകള്‍ക്ക് നിറംചാര്‍ത്താനും സമൃദ്ധിയുടെ പുലരിയെ വരവേല്‍ക്കാനും വഴിതെളിക്കുന്ന പൂക്കാലമാണ് മലയാളിക്ക് ചിങ്ങം. പൂക്കളമിട്ട് മാവേലിയെ വരവേല്‍ക്കുന്ന തിരുവോണം ചിങ്ങം 15 നും അത്തം ആറിനുമാണ്.
മീനത്തില്‍ തുടങ്ങിയതാണ് മലയാളിയുടെ പഞ്ഞകാലം. കൊറോണയില്‍ നിന്ന് മുക്തിതേടുന്ന മലയാളിക്ക് പുതിയ പ്രതീക്ഷകളാണ് ചിങ്ങമാസം നല്‍കുന്നത്. കൊറോണയ്ക്കെതിരായ പോരാട്ടത്തിനിടയിലും ചിങ്ങത്തെ വരവേല്‍ക്കന്‍ മലയാളി ഒരുങ്ങി. ചിങ്ങപ്പുലരിയില്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടന്നു.
കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലമായി വലിയ ആഘോഷങ്ങളില്ലാതെയാണ് ഓണം കടന്നുപോകുന്നത്. ഓരോ വര്‍ഷവും പ്രളയവും ഓഖിയുമെല്ലാം ഓണാഘോഷങ്ങളുടെ നിറംകെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ അത് കൊറോണയുടെ രൂപത്തിലാണ് വന്നത്. എങ്കിലും ഉള്ളതുകൊണ്ട് ഓണം എന്നുപറഞ്ഞതുപോലെ തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോരുത്തരും.
ചിങ്ങത്തിലെ മംഗളകര്‍മ്മങ്ങള്‍ക്ക് ചാരുതയേകാന്‍ വിപണികള്‍ സജീവമായി. നഗരത്തിലെ ആഭരണ ശാലകളും വസ്ത്രവ്യാപാര സ്ഥാപനങ്ങളും തുറന്നുകഴിഞ്ഞു. മുമ്പത്തെപ്പോലെ വലിയരീതിയിലുള്ള വാങ്ങലുകള്‍ എവിടെയുമില്ല. എല്ലാത്തിനും ഒരു നിയന്ത്രണം വന്നിട്ടുണ്ട്. വിവാഹം ഗൃഹപ്രവേശം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധാരാളമായി ആളുകള്‍ എത്തുകയും അവര്‍ക്കെല്ലാം ഭക്ഷണമൊരുക്കുകയും ചെയ്ത കാലം മലയാളിക്ക് ഉണ്ടായിരുന്നു. കൊറോണ വ്യാപനത്തോടെ അതിനെല്ലാം പരിസമാപ്തിയായി. ഇപ്പോള്‍ പത്തോ ഇരുപതോ പേരില്‍ ഒതുങ്ങുകയാണ് ആഘോഷങ്ങള്‍. കച്ചവടക്കാര്‍ക്ക് ചാകരക്കാലമായിരുന്ന ചിങ്ങം ഇപ്പോള്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നില്ല. കര്‍ക്കിടകത്തോടെ വഴിയോരങ്ങള്‍ കൈയടക്കിയിരുന്ന കച്ചവടക്കാര്‍ നഗരത്തില്‍ ചിലയിടങ്ങളില്‍ മാത്രമായി ചുരുങ്ങി.
കൊറോണ മലയാളിയുടെ ശീലങ്ങളെ അടിമുടി മാറ്റിയിരിക്കുന്നു. മലയാളി കൈയറിയാതെ പണം ചെലവിട്ടിരുന്ന കാലവും കഴിഞ്ഞുപോയി. ഇന്ന് പണവും പണിയുമില്ലാതെ റേഷന്‍കടകളെ ആശ്രയിച്ചാണ് സാധാരണ മലയാളിയുടെ ഓണം. എങ്കിലും പ്രതീക്ഷകളുടെ ഒരു തിരിനാളം ദൂരെ കാണുന്നുണ്ട്. നമ്മുടെ പാരമ്പര്യം പകര്‍ന്നുതന്ന ഇത്തരം ആഘോഷങ്ങളിലൂടെ നാം അത് നേടിയെടുക്കുകതന്നെ ചെയ്യും. അതിലേക്കുള്ള പുതിയ കാല്‍വയ്പ്പാണ് ഈ ചിങ്ങപ്പുലരി.
അജയന് കുടയാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: