ആലപ്പുഴ: വൈറസ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. പോലീസിന് കൂടുതല്‍ ചുമതലകള്‍ നല്കിയതും, താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേതനം ലഭിക്കാത്തതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയാകുന്നത്.
ദിനംപ്രതി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍, പല പ്രദേശങ്ങളിലും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയാണ്. ആലപ്പുഴ ജില്ലയുടെ തീരമേഖലകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ പോലും അവരെ ആശുപത്രികളിലോ, ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലോ എത്തിക്കുന്നില്ല. ഇത് രോഗ വ്യാപനത്തിന് ഇടയാക്കുന്നു. കോവിഡ് എറ്റവും കൂടുതല്‍ പടര്‍ന്നിട്ടുള്ള തീരദേശ പഞ്ചായത്തുകളായ പട്ടണക്കാട്, കടക്കരപ്പള്ളി എന്നിവടങ്ങളിലെ അവസ്ഥ ഞെട്ടിക്കുന്നതാണ്.
പട്ടണക്കാട് നാലാം വാര്‍ഡില്‍ വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സ്ത്രീയെ ആശുപത്രിയിലേക്ക് മറ്റിയത് ഞായറാഴ്ചയാണ്. അതും നാട്ടുകാര്‍ ഡിവൈഎസ്പിയെ സമീപിച്ചതിനു ശേഷം. പൊന്നാംവെളി മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു കക്കൂസ് മാത്രമുള്ള ചെറിയ വീട്ടിലാണ് ഇവരും കുടുംബവും കഴിയുന്നത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പില്‍ നിന്ന് അറിയിച്ചതല്ലാതെ തിരിഞ്ഞു നോക്കിയില്ല. അടുത്തടുത്ത് വീടുകളുള്ള പ്രദേശമാണിത്. ഒരു കക്കൂസ് മാത്രമുള്ളതിനാല്‍ രോഗം പടരാനുള്ള സാദ്ധ്യതയേറെയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ത്തല ഡിവൈഎസ് പിയെ വിവരമറിയിച്ച ശേഷം മാത്രമാണ് ആശുപത്രിയേലേക്ക് മാറ്റിയത്.
കോവിഡ് പടര്‍ന്നു പിടിച്ചതോടെ പലപ്രദേശങ്ങളിലും രോഗികളെ ആശുപത്രികളിലേക്ക് മാറ്റാന്‍ ഒരാഴ്ച വരെ വൈകുന്നതായാണ് വിവരം. ആംബുലന്‍സ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു ഭാഗത്ത് കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനം തടയാന്‍ ശ്രമിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരുമായി ഇടപഴകി കഴിയേണ്ട ദയനീയവസ്ഥ. കണ്ടൈന്മെന്റെ സോണുകള്‍ തിരിക്കുന്നതും അശാസ്ത്രീയമായാണെന്നും പരാതിയുണ്ട്. പല സ്ഥലങ്ങളിലും സിപിഎമ്മുകാരും ഡിവൈഎഫ്ഐക്കാരും നിയന്ത്രണം ഏറ്റെടുക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതായി നിരവധി പരാതികളാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: