ശ്രേഷ്ഠഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗം. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസനം എന്നീ വിഷയങ്ങളിലൂന്നിയുള്ള ആ പ്രസംഗം നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ഹൃദയത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന സ്വപ്നത്തിന്റെ നിറവും സുഗന്ധവും നിറയ്ക്കുന്നു. കൃഷി മുതല്‍ ബഹിരാകാശരംഗം വരെയുള്ള വിവിധ മേഖലകളില്‍ സ്വീകരിച്ചു വരുന്ന നടപടികളും രാജ്യാതിര്‍ത്തിയെ വിദേശശക്തികളില്‍ നിന്ന് സംരക്ഷിക്കാന്‍ സ്വീകരിച്ച ധീരോദാത്ത നീക്കങ്ങളും ഓര്‍മ്മിപ്പിച്ച പ്രസംഗം, മഹാമാരിയുടെ പശ്ചാത്തലത്തിലും ഭാരതജനതയില്‍ സൃഷ്ടിച്ചത് ചെറുതല്ലാത്ത ആത്മവിശ്വാസവും ആത്മധൈര്യവുമാണ്.
എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ കൊത്തളങ്ങളില്‍ മുഴങ്ങിയ ആ ശബ്ദത്തിന്, മഹാത്മജി രാമരാജ്യമെന്ന് പേരിട്ടു വിളിച്ച ആദര്‍ശരാഷ്ട്രത്തിലേക്ക് ഭാരതത്തെ നയിക്കുന്ന പോരാളിയുടെ സ്വരമായിരുന്നു. തീവ്രവാദത്തെയും വെട്ടിപ്പിടിക്കലിനെയും പരാജയപ്പെടുത്താന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചവര്‍ക്ക് നമ്മുടെ സൈന്യം ശക്തമായ ഭാഷയില്‍ മറുപടി നല്കി. അതാണ് ലോകം ലഡാക്കില്‍ കണ്ടത്. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതില്‍ അതിര്‍ത്തി-തീരദേശ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വലിയ പങ്കുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ വികസനത്തിന്റെ വന്‍ കുതിപ്പാണുണ്ടായത്.
വികസന നടപടികളുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ സാധാരണക്കാരായിരിക്കുക എന്നതാണ് ക്ഷേമരാഷ്ട്രത്തിന്റെ സുപ്രധാന ലക്ഷണം. ഇതു തന്നെയാണ് തന്റെ സര്‍ക്കാരിന്റെ വികസന സങ്കല്പമെന്ന് മോദി വ്യക്തമാക്കി. അതിന്റെ ഭാഗമാണ് ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ്, ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ്, മിതമായ നിരക്കിലുള്ള ഭവന നിര്‍മ്മാണം തുടങ്ങിയവ ലഭ്യമാക്കാനുള്ള നടപടികള്‍. ഇതെല്ലാം മധ്യവര്‍ഗ സമൂഹത്തെ ശാക്തീകരിക്കും. അടുത്ത 1000 ദിവസനത്തിനുള്ളില്‍ ആറ് ലക്ഷം ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമെന്നത് പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. കുറച്ചു വര്‍ഷങ്ങളായി ഇതിനായുള്ള തീവ്രയത്നം നടന്നുവരുകയുമാണ്. 2014ന് മുമ്പ് രാജ്യത്തെ അറുപത് പഞ്ചായത്തുകള്‍ മാത്രമാണ് ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരുന്നതെന്ന് ഓര്‍ക്കണം.
കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനും ഉതകുന്ന തരത്തില്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ സ്വതന്ത്രമാക്കാനുള്ള നടപടികള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. കര്‍ഷക സംരക്ഷണ-ശാക്തീകരണ ഓര്‍ഡിനന്‍സ് വഴി വിളകള്‍ക്ക് വില ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കാര്‍ഷിക വിപണന രംഗത്തെ എല്ലാ നിബന്ധനകളെയും സ്വതന്ത്രമാക്കിക്കൊണ്ടും കര്‍ഷകര്‍ക്ക് മതിയായ വില ഉറപ്പുനല്കുന്നതുമായ വിജ്ഞാപനം കഴിഞ്ഞ ജൂണ്‍ 4ന് കൊണ്ടുവന്നത് ആറ് പതിറ്റാണ്ട് മുമ്പുണ്ടാക്കിയ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തുകൊണ്ടാണ്.
ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമ്മുടെ രാജ്യം യഥാര്‍ത്ഥ വികസനത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനുഭവങ്ങള്‍ നുകര്‍ന്നു തുടങ്ങുന്നത് കഴിഞ്ഞ ആറേഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രമാണ്. രാഷ്ട്രീയമായ എതിര്‍പ്പുകളൊന്നും ഈ സര്‍ക്കാരിന്റെ മുന്നേറ്റങ്ങള്‍ക്ക് തടസ്സമാകാതിരിക്കുന്നത് മാര്‍ഗം ശരിയായതും നേരായതുമാണെന്നതിന്റെ തെളിവായി കാണാം. ഇതേ മാര്‍ഗത്തിലൂടെ മുന്നേറാനുള്ള ദീര്‍ഘദര്‍ശിത്വമാര്‍ന്നതും സ്വയം വിലയിരുത്തലിന്റേതുമായ അടയാളങ്ങളാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ഈ വരികള്‍; ‘ഭാരതം ആത്മനിര്‍ഭരത കൈവരിക്കാന്‍, സ്വയംപര്യാപ്തമാകാന്‍, ലക്ഷക്കണക്കിന് വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നും ലോകരാജ്യങ്ങള്‍ക്കിടയില്‍ കടുത്ത മത്സരങ്ങളെ അഭിമുഖികരിക്കേണ്ടതുണ്ടെന്നും എനിക്കറിയാം. എന്നാല്‍ ഭാരതത്തിന് ലക്ഷക്കണക്കിന് വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോഴും 130 കോടി പരിഹാരങ്ങളും ഉണ്ട് എന്നാണ് ഞാന്‍ പറയുന്നത്.’
54 മിനിട്ട് നീണ്ട പ്രസംഗം ചുരുക്കത്തില്‍, എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരതം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും നാളെ രാജ്യം നേടിയെടുക്കേണ്ട സൗഭാഗ്യങ്ങളെ കുറിച്ചുമായിരുന്നു. സുശക്തവും സ്വയംപര്യാപ്തവുമായ ആധുനിക ഭാരതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ സുവ്യക്തമായി അവതരിപ്പിക്കാന്‍ മോഡിക്ക് കഴിഞ്ഞു എന്നതാണ് ആ പ്രസംഗത്തിന്റെ മഹത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: