കോഴിക്കോട്: തലക്കുളത്തൂരിലെ കൊപ്ര വ്യാപാര സ്ഥാപനത്തില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധ നയില്‍ എട്ട് കോടി രൂപയുടെ അനധികൃത കൊപ്ര വില്‍പ്പന കണ്ടെത്തി.
ഇവരുടെ തന്നെ ഉടമസ്ഥതയില്‍ തമിഴ്നാട്ടിലുള്ള സ്ഥാപനത്തില്‍ നിന്നും കൊപ്ര വാങ്ങുകയും കേരളത്തിലേക്ക് വില്പന നടത്തിയതായി കാണിക്കുകയും ആ വാങ്ങലിലുള്ള ഐജിഎസ്ടി ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തലക്കുളത്തൂരിലെ സ്ഥാപനം വ്യാജമായി എടുത്ത് നികുതി വെട്ടിപ്പ് നടത്തുകയുമായിരുന്നു. ഈ വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ച് ഇവിടെ അടയ്ക്കേണ്ട നികുതി ബാധ്യത കുറച്ച് കാണിക്കുകയും ഈ കൊപ്ര പിന്നീട് കേരളത്തില്‍ തന്നെ ഉള്ള വിവിധ ഓയില്‍ മില്ലുകള്‍ക്ക് വില്‍പ്പന നടത്തുകയും ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇവരുടെ തമിഴ്നാട്ടിലെ സ്ഥാപനം നികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ല. വില്‍പ്പന നടത്തിയ വ്യാപാരി നികുതി അടക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ അവരില്‍ നിന്ന് സാധനമോ സേവനമോ സ്വീകരിച്ച വ്യാപാരിക്ക് ആ വാങ്ങലിന്മേല് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാന്‍ ജിഎസ്ടി നിയമം അനുവദിക്കുന്നില്ല. അതേസമയം ഇവിടെ നിന്നും കേരളത്തിന് പുറത്തേക്ക് വിറ്റ ചരക്ക് മുഴുവന്‍ കേരളത്തിലെ ചെറുകിട വ്യാപാരികളില്‍ നിന്നും കര്‍ഷകരില്‍ നിന്നുമായി നികുതി നല്‍കാതെ സംഭരിച്ചവ ആയിരുന്നു. നികുതിയും പിഴയും ആയി അരക്കോടിയോളം രൂപ ഈടാക്കി. കൂടുതല്‍ പരിശോധനക്കായി രേഖകള്‍ പിടിച്ചെടുത്തു.
പരിശോധനയില്‍ സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്റലിജന്‍സ് എം. ദിനേശ്കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഐബി വിജയകുമാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ദിനേശ്കുമാര്‍ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ ജീജകുമാരി, ശശിധരന് ഇല്ലത്ത്, പരമേശ്വരന് നമ്പൂതിരി, രാജേഷ് തോമസ്, ഇ. ബിജു ഡ്രൈവര്‍ രാകേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: