ബാലുശ്ശേരി: നിരീക്ഷണത്തിലുള്ള വ്യക്തിയുടെ ഒപ്പ് തൊഴിലുറപ്പ് മസ്റ്റര്‍റോളില്‍ വന്ന സംഭവത്തിലെ തിരിമറി അന്വേഷിക്കണമെന്ന ആവശ്യം ശക്തം. മെഡിക്കല്‍ കോളജില്‍ താല്‍ക്കാലിക ജോലി ജൂലൈ 31 ന് അവസാനിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ബാലുശ്ശേരി പഞ്ചായത്തിലെ 11 -ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണാക്കി.
നിരീക്ഷണ കാലയളവില്‍ ഈ വ്യക്തി ബാലുശ്ശേരി പഞ്ചായത്തിലെ തൊഴിലുറപ്പ് മസ്റ്റര്‍ റോളില്‍ ഹാജര്‍ രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ഇക്കാര്യം ആര്‍ആര്‍ടി മീറ്റിംഗില്‍ ഉന്നയിക്കാന്‍ തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മീറ്റിംഗില്‍ ആ ദിവസങ്ങളിലെ മുഴുവന്‍ തൊഴിലാളികളും നിരീക്ഷണത്തില്‍ പോകണമെന്ന നിര്‍ദ്ദേശം വന്നു. ആ സമയത്ത് യോഗത്തില്‍ ഉണ്ടായിരുന്ന മേറ്റ് കോവിഡ് പോസിറ്റീവായ വ്യക്തി നിരീക്ഷണ കാലയളവില്‍ ജോലിക്ക് ഹാജരായിട്ടില്ലെന്നും താന്‍ ഒപ്പിട്ടതാണെന്ന വാദവുമായി വന്നു.
തൊഴിലുറപ്പിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം സമിതി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്ന നടപടിയാണ് ബാലുശ്ശേരി പഞ്ചായത്ത് സ്വീകരിച്ച് വരുന്നത്. കുറ്റക്കാരെ സംരക്ഷിച്ചു പോരുന്ന പഞ്ചായത്തിന്റെ പ്രവണത അവസാനിപ്പിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: