കോഴിക്കോട്: എസ്എഫ്ഐ അഖിലേന്ത്യാ നേതാവിന്റെ തെറ്റ് തിരുത്തിയ എഐഎസ്എഫ് ജില്ലാ നേതാവിനുനേരെ സൈബര്‍ ആക്രമണം. എഐഎസ്എഫ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിന് ആവളക്കാണ് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. അശ്വിന്റെ മാതാവുള്പ്പെടെയുള്ള കുടുംബാംഗങ്ങളെയും എസ്എഫ്ഐക്കാരും സിപിഎമ്മുകാരും വെറുതെവിട്ടില്ല.
എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്സിത ജോയിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചരിത്ര നിഷേധമാണെന്ന് അശ്വിന് അറിയിച്ചതാണ് സൈബര്‍ ആക്രമണത്തിന് കാരണം. ആഗസ്റ്റ് 12ന് സംഘടിത വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ 85 വര്‍ഷങ്ങള്‍’ എന്ന വിധത്തില്‍ ദിപ്സിത ജോയി പോസ്റ്റ് ഇട്ടിരുന്നു.
എസ്എഫ്ഐയുടെ പതാകയാണ് അതില്‍ ഉപയോഗിച്ചത്. 1936 ആഗസ്റ്റ് 12ന് സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫാണ് രൂപീകരിച്ചത്. എസ്എഫ്ഐ രൂപീകരിച്ചതാവട്ടെ പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1970 ലാണ്. ഈ വസ്തുത ചൂണ്ടിക്കാട്ടിയതാണ് എസ്എഫ്ഐക്കാരെയും സിപിഎമ്മുകാരെയും ചൊടിപ്പിച്ചത്.
സൈബര്‍ ആക്രമണത്തിനെതിരെ അശ്വിന് മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സൈബര്‍ അക്രമണത്തിനെതിരെ സിപിഐക്കുള്ളിലും പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: