അയോദ്ധ്യയിലെ രാമ ജന്മഭൂമിയുടെ ഉടമസ്ഥാവകാശം ചരിത്രപരമായ വിധിയിലൂടെ സുപ്രീംകോടതി ഹിന്ദുക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തതിനു ശേഷം വരുന്ന ആദ്യത്തേത് എന്ന നിലയ്ക്ക് ഈ കൃഷ്ണ ജന്മാഷ്ടമി പ്രധാനമാണ്. കാരണം രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഒരു മുദ്രാവാക്യം അവസാനിച്ചത് ‘കാശിയും മഥുരയും ബാക്കിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ്. ഭാഗ്യവശാല്‍ ഇത്തവണ ജന്മാഷ്ടമി വരുന്നത് അയോദ്ധ്യയില്‍ ശ്രീരാമനു വേണ്ടി നിര്‍മ്മിക്കുന്ന ഗംഭീര ക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്നതിന് ഒരാഴ്ചയ്ക്കുള്ളില്‍ ആണ്. രാമന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചെടുക്കാന്‍ ഹിന്ദുക്കള്‍ നടത്തിയ ദീര്‍ഘമായ പോരാട്ടത്തെ കുറിച്ച് ധാരാളം പറഞ്ഞു കഴിഞ്ഞതാണ്. എന്നാല്‍ അതുകാരണം കൃഷ്ണജന്മഭൂമിയുടെ കാര്യത്തില്‍ നടന്ന അതിനേക്കാള്‍ ദീര്‍ഘമായ പോരാട്ടം വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയില്ല.
ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മഥുരയാണ് എന്നു നമുക്കറിയാം. പുരാണങ്ങള്‍ അനുസരിച്ച് ശ്രാവണ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും ചേര്‍ന്ന ദിവസം അര്‍ദ്ധരാത്രിയാണ് ശ്രീകൃഷ്ണന് ജനിച്ചത്. അപ്പോള്‍ മഥുരയിലെ കംസ മഹാരാജാവിന്റെ കാരാഗൃഹത്തില്‍ ബന്ധനസ്ഥരായിരുന്നു കൃഷ്ണന്റെ മാതാ പിതാക്കളായ ദേവകിയും വസുദേവരും. ഡോ വാസുദേവ് ശരണ്‍ അഗര്‍വാളും, ശ്രീ കൃഷ്ണദത്ത വാജ്പേയി തുടങ്ങിയ ചരിത്രകാരന്മാര് നിരവധി പഠനങ്ങള്‍ക്കു ശേഷം കണ്ടെത്തിയത്, മഥുരയിലെ പഴയ കത്ര കേശവദേവ് ക്ഷേത്രമാണ് ശ്രീകൃഷ്ണന്റെ യഥാര്‍ത്ഥ ജന്മസ്ഥാനം എന്നാണ്. ഔറംഗസേബ് നിര്‍മ്മിച്ച ഷാഹി ഇദ്ഗാഹ് സ്ഥിതി ചെയ്യുന്ന ഇവിടം കേശവ് റായ് എന്ന പേരിലും പ്രസിദ്ധമാണ്.
കെട്ടിപ്പടുക്കലിന്റെയും തച്ചു തകര്‍ക്കലിന്റെയും കഥ
ശ്രീകൃഷ്ണ ജനനത്തിന്റെ സ്മാരകമായി ജന്മഭൂമിയില് ഒരു മഹാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരുന്നു. പ്രസിദ്ധമായ സോമനാഥ ക്ഷേത്രം പോലെ, കൃഷ്ണജന്മഭൂമിയിലെ ക്ഷേത്രവും അധിനിവേശക്കാരാല്‍ അനേകം തവണ ആക്രമിക്കപ്പെട്ടിരുന്നു. എന്നാല്‍ ദു:ഖകരമെന്നു പറയട്ടെ, മഹാദേവന് തന്റെ ആസ്ഥാനമായ സോമനാഥക്ഷേത്രം തിരികെ കിട്ടിയപ്പോള്‍, ഇവിടത്തെ തര്‍ക്കം പരിഹരിക്കപ്പെടാതെ തുടര്‍ന്നു. അതിന്റെ ഫലമായി ഭഗവാന് ശ്രീകൃഷ്ണന് തന്റെ ജന്മസ്ഥലം തിരികെ അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ശ്രീകൃഷ്ണ ജന്മസ്ഥാനത്ത് നിര്‍മ്മിക്കപ്പെടുകയും കൈയ്യേറ്റക്കാരാല് തകര്‍ക്കപ്പെടുകയും ചെയ്യപ്പെട്ട ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ വായിക്കാം
ഈ ജന്മഭൂമിയില് ആദ്യത്തെ ക്ഷേത്രം നിര്‍മ്മിച്ചത് ശ്രീകൃഷ്ണന്റെ പൗത്രനായ വജ്രനാഭന്‍ ആയിരുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം.
പിന്നീട് ഗുപ്തകാലഘട്ടത്തില്‍ ചന്ദ്രഗുപ്ത വിക്രമാദിത്യന് ആ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയും വിപുലീകരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം. വിക്രമാദിത്യനാല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രം അത്ഭുതകരമായ വാസ്തുകലയുടെ മകുടോദാഹരണമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാല ഘട്ടത്തില്‍ ഗുപ്ത ചക്രവര്‍ത്തി മഥുരയെ സംസ്ക്കാരത്തിന്റെയും കലയുടെയും ഏറ്റവും മഹത്തായ കേന്ദ്രമാക്കി മാറ്റിയിരുന്നു. പൊതുവര്‍ഷം 1017 ല്‍ മുഹമ്മദ് ഗസ്നിവിയാല് ഈ മഹാക്ഷേത്രം തകര്‍ക്കപ്പെട്ടു.
പിന്നീട് 1150 ല്‍ രാജാ വിജയപാല ദേവന്റെ കാലത്ത് ജജ്ജ എന്നു പേരായ ഒരു വ്യക്തി ഇവിടെ മൂന്നാമതായി ക്ഷേത്രം വീണ്ടും നിര്‍മ്മിക്കുകയുണ്ടായി. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സിക്കന്ദര്‍ ലോധി (നിസാം ഖാന്) ഈ ക്ഷേത്രം തകര്‍ത്തു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കാലഘട്ടത്തിലാണ് രാജാ ബീര്‍ സിംഗ് ബുന്ദേല ഇവിടെ നാലാമത്തെ ക്ഷേത്രം നിര്‍മ്മിക്കുന്നത്. 1670 ല്‍ ഔറംഗസേബ് ഈ ക്ഷേത്രം തകര്‍ക്കുകയും അതിന്റെ സ്ഥാനത്ത് ഷാഹി ഈദ്ഗഹ് നിര്‍മ്മിക്കുകയും ചെയ്തു. പുണ്യ നഗരമായ മഥുരയുടെ പേര് ഇസ്ലാമാബാദ് എന്ന് മാറ്റുക പോലും ചെയ്തു മുഗള്‍ ചക്രവര്‍ത്തി.
കൃഷ്ണജന്മഭൂമിയില്‍ ഔറംഗസേബ് ചെയ്ത നശീകരണം
സിക്കന്ദര്‍ ലോധിയൂടെ കൈകളാല്‍ തകര്‍ക്കപ്പെട്ട ശേഷം, മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായ ഓര്‍ച്ചയിലെ ഭരണാധികാരിയായിരുന്ന രാജ ബീര്‍ സിംഗ് ബുന്ദേല ഈ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കുകയുണ്ടായി എന്നു സൂചിപ്പിച്ചല്ലോ. മാസ്സിര്‍-ഇ- ആലംഗിരി എന്നറിയപ്പെടുന്നത് ഔറംഗസേബിന്റെ കാലഘട്ടത്തിലെ സംഭവവികാസങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആധികാരിക രേഖയാണ്. ഈ ഗ്രന്ഥം അനുസരിച്ച്, അക്ബര്‍നാമയുടെ കര്‍ത്താവും, അക്ബര്‍ ചക്രവര്‍ത്തിയുടെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന ഷൈഖ് അബുല്‍ ഫാസിയെ ബീര്‍ സിംഗ് ബുന്ദേല വധിക്കുകയായിരുന്നു. അക്ബറിനു ശേഷം ജഹാംഗീര്‍ അധികാരത്തിലേക്ക് വരുന്നതിനോട് ഫാസിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു. ജഹാംഗീര്‍ തന്നെയായിരുന്നു ഈ കൃത്യത്തിന് ബുന്ദേലയെ ചുമതലപ്പെടുത്തിയത്. ഈ സംഭവത്തോടു കൂടി ബുന്ദേല ജഹാംഗീറിന് പ്രിയപ്പെട്ടവനായി മാറി. മുഗള്‍ സാമ്രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്ത തനിക്കായി തന്ന സേവനങ്ങള്‍ക്ക് പകരമായി എന്താണ് വേണ്ടത് എന്ന് ജഹാംഗീര്‍ ബുന്ദേലയോട് ചോദിക്കുന്നു. അതിനുത്തരമായി കൃഷ്ണജന്മഭൂമിയില്‍ ശ്രീകൃഷ്ണനായി ഒരു മഹാക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുവാദമാണ് ചക്രവര്‍ത്തിയോട് ബുന്ദേല ആവശ്യപ്പെട്ടത്. തനിക്ക് ഒരവസരം കിട്ടിയപ്പോള്‍ വ്യക്തിപരമായ യാതൊരു പ്രതിഫലവും ചോദിക്കാതെ, ആ പുണ്യഭൂമിയില്‍ ഒരു ക്ഷേത്രം പണിയാനുള്ള അനുവാദമാണ് ആ ഹിന്ദുരാജാവ് ചോദിച്ചത്. കൃഷ്ണജന്മഭൂമി തിരികെ നേടാനുള്ള ഹിന്ദുക്കളുടെ സ്ഥിരോല്‍സാഹത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു അത്. ഹിന്ദു പാരമ്പര്യങ്ങളോട് നിന്ദ പുലത്തിയിരുന്ന ആളായിരുന്നെങ്കിലും, ജഹാംഗീര്‍ അത് അനുവദിക്കുകയാണ് ചെയ്തത്. കാരണം ബുന്ദേലയുടെ സഖ്യത്തെ ജഹാംഗീര്‍ വളരെ വിലമതിച്ചിരുന്നു.
അങ്ങനെ ഈ ഭൂമിയില്‍ ഒരു മഹാക്ഷേത്രം പടുത്തുയര്‍ത്തപ്പെട്ടു. അന്നത്തെ 33 ലക്ഷം രൂപയായിരുന്നു അതിന് ചെലവ്. എന്നാല്‍ കൃഷ്ണറായി ദേഹ്റ എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം, അരനൂറ്റാണ്ടു കാലം മാത്രമേ നിലനിന്നുള്ളൂ. ജഹാംഗീറിന്റെ പൗത്രന് ഔറംഗസേബ്, അവിശ്വാസികള്‍ക്കെതിരെയുള്ള തന്റെ ആക്രമണത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തെയും ആക്രമിക്കുകയുണ്ടായി. ഔറംഗസേബിന്റെ സൈന്യം ഈ ക്ഷേത്രത്തെ നിലം പരിശാക്കുകയും, എല്ലാ ബിംബങ്ങളേയും ആഗ്രയിലെ ബീഗം സാഹിബ് മോസ്ക്കിന് കീഴില്‍ കുഴിച്ചിടുകയും ചെയ്തു. അവ എന്നും ‘വിശ്വാസി’കളുടെ ചവിട്ടേല്ക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നു ഇങ്ങനെ ചെയ്തത്. പിന്നീട് അവിടെ ഷാഹി ഈദ്ഗാഹിന്റെ നിര്‍മ്മാണത്തിന് ഉത്തരവിടുകയും, മഥുര നഗരത്തിന്റെ പേര് ഇസ്ലാമാബാദ് എന്നാക്കി മാറ്റുകയുമാണ് ഔറംഗസേബ് ചെയ്തത്. ഈ പട്ടണത്തിന്റെ ഹൈന്ദവ വ്യക്തിത്വം തീര്‍ത്തും ഇല്ലായ്മ ചെയ്യുകയായിരുന്നു ഉദ്ദേശ്യം.
സിന്ധ്യ മഥുര തിരിച്ചു പിടിക്കുന്നു:
പേഷ്വാ ബാജിറാവുവിന്റെ സേനാനായകന് ആയിരുന്ന റാണോജി റാവു സിന്ധ്യ ആണ് സിന്ധ്യ വംശത്തിന്റെ സ്ഥാപകന്‍. മറാത്താ ശക്തിയുടെ ഉദയത്തോടെ മുഗളന്മാരുടെ ആധിപത്യം ക്ഷയിക്കാന്‍ തുടങ്ങുന്നതോടെയാണ് ഗ്വാളിയറും ഉജ്ജൈനും ആയി സിന്ധ്യകളുടെ ബന്ധം തുടങ്ങുന്നത്. ഉത്തരേന്ത്യയില്‍ മാറാത്തകളുടെ ആധിപത്യം ഉറപ്പിക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച വ്യക്തിയാണ് റാണോജിയുടെ അഞ്ചാമത്തെ പുത്രനായിരുന്ന മഹാദാജി സിന്ധ്യ. 1755 ല്‍ ഇരുപത്തഞ്ചു വയസ്സുകാരനായിരുന്ന മഹാദാജി സിന്ധ്യ സ്വന്തം നിലയ്ക്ക് മഥുര നഗരം പിടിച്ചെടുത്ത് മുഗളന്മാരില് നിന്നും മോചിപ്പിച്ചു. ഒരു ശ്രീകൃഷ്ണ ഭക്തനായിരുന്ന മഹാദാജി, മഥുരയിലെ നാശോന്മുഖമായ നിരവധി ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയും സംസ്കൃതം പഠിപ്പിക്കാനായി ഒരു പാഠശാല ആരംഭിക്കുകയും ചെയ്തു. പ്രാദേശികമായ വായ്മൊഴികള്‍ അനുസരിച്ച്, അദ്ദേഹം ഷാഹി ഇദ്ഗാഹില്‍ നമാസ് നിരോധിക്കുകയും ആ ഭൂമി സര്‍ക്കാരിന് കീഴിലാക്കുകയും ചെയ്തു. പില്ക്കാലത്ത് രണ്ടാം ആംഗ്ലോ-മാറാത്ത യുദ്ധത്തിനു ശേഷം ആ ഭൂമി ബ്രിട്ടീഷുകാരുടെ കൈവശം വന്നു ചേര്‍ന്നു.
ബ്രിട്ടീഷുകാര്‍ ചെയ്ത ലേലവും, അലഹബാദ് ഹൈക്കോടതിയിലെ വ്യവഹാരങ്ങളും
ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് 1815 ല്‍ ശ്രീകൃഷ്ണജന്മഭൂമിയുടെ മുഴുവന്‍ സ്ഥലവും ഈസ്റ്റ് ഇന്ത്യാ കമ്പനി ലേലം ചെയ്യുകയുണ്ടായി. ഈ സ്ഥലം കത്ര കേശവ് ദേവ് എന്നും അറിയപ്പെട്ടിരുന്നു. ബനാറസിലെ രാജ പത്നിമല് ആണ് അന്ന് ആ ലേലം കൈക്കൊണ്ടത്. ഭഗവാന് ശ്രീകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മഭൂമിയില് ഒരു മഹത്തായ ക്ഷേത്രം നിര്‍മ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജാ പത്നിമല് ആ ഭൂമി ഏറ്റെടുത്തത്. എന്നാല്‍ ആ ലക്ഷ്യം പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. അദ്ദേഹത്തിന്റെ മരണശേഷം അവകാശികള്‍ ആ ഭൂമി ഏറ്റെടുത്തു. 1930 ല്‍ മഥുരയിലെ മുസ്ലീങ്ങള്‍, ഈദ്ഗാഹ് ഭൂമിയുടെ ഉടമസ്ഥനായ രാജാ കൃഷ്ണ ദാസിനെതിരെ രണ്ട് സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തു. രാജാ പത്നിമലിന്റെ പിന്മുറക്കാരനായിരുന്നു രാജാ കൃഷ്ണ ദാസ്. അലഹബാദ് ഹൈക്കോടതിയിലെ ഈ കേസുകളിലൂടെ മുസ്ലീങ്ങള്‍ ആവശ്യപ്പെട്ടത്, ആ ഭൂമിയുടെ അവകാശം അവര്‍ക്ക് കൊടുക്കണം എന്നതായിരുന്നു. എന്നാല്‍ മുസ്ലീങ്ങളുടെ ഈ ആവശ്യം തള്ളിക്കൊണ്ട് രാജാ കൃഷ്ണ ദാസിന് അനുകൂലമായി വിധിക്കുകയാണ് അലഹബാദ് ഹൈക്കോടതി ചെയ്തത്. അങ്ങനെ 1935 ഓടുകൂടി കൃഷ്ണ ജന്മഭൂമിയുടെ ഉടമസ്ഥാവകാശം ഹിന്ദുക്കളുടെ കൈകളില്‍ ഭദ്രമാവുകയായിരുന്നു.
മഹാമന ഏറ്റെടുക്കുന്നു
1940ല്‍ മഹാമാന പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ മഥുര സന്ദര്‍ശിച്ചപ്പോള്‍, ശ്രീകൃഷ്ണ ജന്മസ്ഥാനത്തിന്റെ ശോചനീയ അവസ്ഥ കണ്ട് നിരാശനായി. അദ്ദേഹം വ്യവസായി ആയിരുന്ന ജുഗല്‍ കിഷോര്‍ ബിര്‍ലയ്ക്ക് ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് കത്തെഴുതുകയും, ശ്രീകൃഷ്ണന്റെ ജനന സ്ഥലത്ത് ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. മഹാമനയുടെ ആഗ്രഹത്തെ മാനിച്ചു കൊണ്ട് 1944 ഫെബ്രുവരി 7 ന് രാജാ പത്നിമാലിന്റെ അനന്തരാവകാശിയുടെ പക്കല്‍ നിന്ന് കത്ര കേശവ് ദേവ് ഭൂമി ബിര്‍ല വാങ്ങി. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവിടെ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കും മുമ്പ് മഹാമന അന്തരിച്ചു. മാളവ്യജിയുടെ അന്ത്യാഭിലാഷം അനുസരിച്ച് ബിര്‍ല 1951 ഫെബ്രുവരി 21 ന് ശ്രീകൃഷ്ണ ജന്മഭൂമിയ്ക്കു വേണ്ടി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ഈ സ്ഥലം അതിന്റെ പേരിലാക്കുകയും ചെയ്തു. ശ്രീ ജയ് ദയാല്‍ ഡാല്‍മിയയെ പോലുള്ള അന്നത്തെ പല പ്രമുഖരേയും ഇതിന്റെ ട്രസ്റ്റികള്‍ ആക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് ക്ഷേത്ര നിര്‍മ്മാണത്തിനും ജന്മസ്ഥാന്റെ മേല്‍നോട്ടത്തിനുമായി ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘം എന്ന പേരില്‍ ഒരു സൊസൈറ്റിയും രൂപീകരിച്ചു.
ഭൂമിയ്ക്കു മേലുള്ള മുസ്ലീങ്ങളുടെ അവകാശ വാദവും 1968 ലെ ഉടമ്പടിയും
ശ്രീകൃഷ്ണ ജന്മഭൂമിയില് ഉണ്ടായ ഈ നടപടികള്‍ കണ്ട് അസ്വസ്ഥരായ മുസ്ലീങ്ങള്‍ ഒരിയ്ക്കല്‍ കൂടി ഈദ്ഗാഹിന്റെ ഉടമസ്ഥത അവകാശപ്പെട്ട് മുന്നോട്ടു വന്നു. അവരുടെ ഭാഗത്തു നിന്ന് വളരെ ദുര്‍ബലമായ ഒരു വ്യവഹാരം കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ടു. എന്നാല്‍ ഇതും കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്. മാത്രവുമല്ല, ഈ ഭൂമി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റേതാണെന്നും, ഈദിന് നമാസ് നടത്താനുള്ള അവകാശം മാത്രമേ മുസ്ലീങ്ങള്‍ക്ക് ഉള്ളൂ എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.
ഈദ്ഗാഹിന്റെ പടിഞ്ഞാറേ മതിലിന് അടുത്ത് ഒരു ജന്മസ്ഥാന് ചബൂത്ര നിര്‍മ്മിക്കുകയുണ്ടായി. ഈ ഭൂമിയില്‍ ക്ഷേത്രനിര്‍മ്മാണത്തിനെതിരെ വേറൊരു കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഈ സമയത്ത് രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. 1967 ലെ യു പി നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. കോണ്‍ഗ്രസ്സില്‍ നിന്നും വിട്ട് പുറത്തുവന്ന് ജനസംഘത്തിന്റെ പിന്തുണയോടെ ചരണ്‍ സിംഗ് സംസ്ഥാന മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ്സ് കഴിഞ്ഞാല്‍ നിയമ സഭയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടി ജന സംഘമായിരുന്നു. കോണ്‍ഗ്രസ്സിതര സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഇന്ദിരാ ഗാന്ധി 1968 ഫെബ്രുവരിയില്‍ പ്രസിഡണ്ട് ഭരണം കൊണ്ടു വന്നു. പ്രസിഡണ്ട് ഭരണത്തിന് കീഴില്‍, ചില ലോക്കല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ‘മേല്‍നോട്ടത്തില്‍’ ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘവും ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റും തമ്മില്‍ ഒരു സമവായ ഉടമ്പടി നിലവില്‍ വന്നു. ഇതനുസരിച്ച് ഈദ്ഗാഹിന്റെ മേല്‍നോട്ടത്തിനുള്ള അവകാശം ഈദ്ഗാഹ് ട്രസ്റ്റിന് നല്കപ്പെട്ടു. പകരം ഈദ്ഗാഹും അനുവദിക്കപ്പെട്ട മറ്റു ചില ഭാഗങ്ങളും ഒഴികെയുള്ള കത്ര കേശവ് ദേവ് ഭൂമിയ്ക്കു മേലുള്ള അവകാശവാദം ഈദ്ഗാഹ് ട്രസ്റ്റും ഉപേക്ഷിക്കും എന്നതായിരുന്നു വ്യവസ്ഥ. ഈ സമവായ ഉടമ്പടി കോടതിയുടെ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. കോടതി ഇത് അംഗീകരിച്ചു കൊണ്ട് ഒരു ഉത്തരവ് ഇറക്കുകയും ചെയ്തു.
അസാധുവായ സമവായം
ഈ സമവായ ഉടമ്പടിയില്‍ പല പ്രശ്നങ്ങളും ഉണ്ട്. ഈ ട്രസ്റ്റ് രൂപീകരിച്ചതു തന്നെ ആ ഭൂമിയില്‍ ഒരു മഹാക്ഷേത്രം പണിതുയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. അതുകൊണ്ട് ആ ലക്ഷ്യത്തെ അസാധുവാക്കുന്ന യാതൊരു സമവായവും ഉണ്ടാക്കാന്‍ കഴിയില്ല. കാരണം അത് ട്രസ്റ്റികളുടെ ഭാഗത്തുനിന്നുള്ള വിശ്വാസ ലംഘനം ആണ്. എന്നാല്‍ ഇതിനേക്കാള്‍ പ്രധാന പ്രശ്നം, ഈ ഉടമ്പടിയില്‍ ഒപ്പു വച്ചിരിക്കുന്നത് ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സംഘമാണ്. അവര്‍ക്ക് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ല. കേവലം ക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി രൂപീകരിച്ച ഒരു സംവിധാനം മാത്രമാണ് അത്. ഭൂമിയുടെ ഉടമസ്ഥാവകാശം ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിനാണ്. അതുകൊണ്ട് ഈ ഉടമ്പടി തുടക്കത്തിലേ അസാധുവാണ്. അതിനെ അടിസ്ഥാനപ്പെടുത്തി കോടതി പുറപ്പെടുവിച്ച ഉത്തരവ് മാറ്റി വയ്ക്കപ്പെടേണ്ടതുണ്ട്.
ആരാധനാലയ നിയമം
കഴിഞ്ഞ കാലത്ത് അക്രമികള്‍ കൈയ്യടക്കിയ ആരാധനാലയങ്ങളെ തിരികെ ചോദിക്കാനുള്ള ഹിന്ദുക്കളുടെ അവകാശത്തെ നിഷേധിച്ചു കൊണ്ട് 1991 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ നിയമം. എല്ലാ ആരാധനാലയങ്ങളുടെ കാര്യത്തിലും 1947 ആഗസ്റ്റ് 15 ന് ഉണ്ടായിരുന്ന അതിന്റെ മതപരമായ സ്വഭാവം നിലനിര്‍ത്തണം എന്നാണ് ഈ നിയമം പറയുന്നത്. മതപരമായ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നത് ഒരു കുറ്റകൃത്യം ആണ്. രാമ ജന്മഭൂമി തര്‍ക്കത്തെ ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
പരിഹാരം
ആരാധനാലയ നിയമം ഈ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കുന്നതിന് തടസ്സമാണ്. ഒന്നുകില്‍ അത് നീക്കം ചെയ്യണം. അല്ലെങ്കില്‍ ഹിന്ദുക്കളുടെ അന്യാധീനപ്പെട്ട സുപ്രധാന പുണ്യസ്ഥലങ്ങള്‍ തിരികെ കിട്ടുന്നതിനാവശ്യമുള്ള ഒഴിവുകള്‍ ചേര്‍ക്കണം. മഥുരയുടെ കാര്യത്തില്‍,സമവായ ഉടമ്പടി തന്നെ അസാധുവായിരുന്ന സ്ഥിതിക്ക്, കോടതിയുടെ ഉത്തരവും മാറ്റിവയ്ക്കണം. ആ ഭൂമി ശ്രീകൃഷ്ണ ജന്മസ്ഥാന ട്രസ്റ്റിന്റേതാണ്. മുസ്ലീങ്ങള്‍ അവകാശം ഉന്നയിക്കുന്ന ഈദ്ഗാഹ് നില്‍ക്കുന്നത് ഹിന്ദുക്കളുടെ ഭൂമിയിലാണ്. ഈജിപ്തിലെ അബു സിമ്പെല് ക്ഷേത്രത്തിന്റെ കാര്യത്തില്‍ എന്നപോലെ ഈദ്ഗാഹ് നീക്കം ചെയ്ത്, മഥുര ജില്ലയില്‍ തന്നെയുള്ള മുസ്ലീങ്ങളുടെ മറ്റേതെങ്കിലും ഭൂമിയില്‍ സ്ഥാപിച്ചു കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭൂമിയേയും, നദികളേയും, മരങ്ങളേയും, പ്രകൃതിയെ തന്നെയും ആരാധിക്കുന്ന ഹിന്ദു മതത്തില്‍ നിന്ന് വ്യത്യസ്തമായി അങ്ങനെ ഏതെങ്കിലും ഒരു പ്രത്യേക ഭൂമിയോട് പ്രത്യേക ബന്ധം ഒന്നും ഇസ്ലാമില്‍ ഇല്ല. ഇസ്ലാമിന്റെ പ്രബോധനം അനുസരിച്ച് അങ്ങനെ ഉണ്ടാവാന്‍ പാടില്ല. പല വികസന പദ്ധതികള്‍ക്കും വേണ്ടി മസ്ജിദുകള്‍ നീക്കം ചെയ്യുന്നതും ആ ഭൂമി മതേതര ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കപ്പെടുന്നതും അറബ് രാജ്യങ്ങളില്‍ പതിവാണ്. കൂടിവന്നാല്‍, ഈദ്ഗാഹിന് അതുമായി ബന്ധപ്പെട്ട കുറേ പൈതൃക മൂല്യം ഉണ്ട് എന്ന് അവകാശപ്പെടാന്‍ ആവും. മുസ്ലീം സമുദായത്തിന് ആ ഭൂമിയോട് പ്രത്യേകമായ യാതൊരു ബന്ധവുമില്ല. എന്നാല്‍ ഹിന്ദുക്കള്‍ക്ക് അതുണ്ട്. ഭൂമിയുടെ ഉടമസ്ഥവകാശം ഹിന്ദുക്കള്‍ക്കാണ് എന്നത് പല കോടതികളും ഇതിനകം തന്നെ അംഗീകരിച്ച വസ്തുതയുമാണ്. മറ്റൊരു ഭൂമിയില്‍ ഉണ്ടാക്കുന്ന കെട്ടിടം ഇപ്പോഴുള്ളതില്‍ നിന്ന് വ്യത്യസ്തമായി മുസ്ലീങ്ങള്‍ക്ക് വര്‍ഷം മുഴുവനും ഉപയോഗിക്കാനും കഴിയും. ഇപ്പോള്‍ ഈദിന് മാത്രമാണ് അവര്‍ക്ക് പ്രവേശനനുമതി ഉള്ളത്.
അതുകൊണ്ട് ഈദ്ഗാഹ് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതാണ് ഏറ്റവും പ്രായോഗികവും, സൗഹൃദപരവുമായ പരിഹാരം. നമ്മുടെ മഹാനായ നേതാവ് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ അത് അവസരമൊരുക്കും. ഈ ഭൂമിയുടെ ഉടമസ്ഥവകാശം നേരത്തേ തന്നെ നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതിനാല്‍ ദൈര്‍ഘ്യമേറിയ കോടതി വ്യവഹാരങ്ങളുടെ ആവശ്യം വരുന്നില്ല. ഇക്കാര്യത്തില്‍ നീതി ലഭ്യക്കാന്‍ ആകെക്കൂടി ആവശ്യമുള്ളത് ഭക്തജനങ്ങളുടേയും നിലവിലെ സര്‍ക്കാരിന്റെയും ഇച്ഛാശക്തിയാണ്.
സന്ധ്യ കൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: