വെള്ളരിക്കുണ്ട്: ആന്‍മേരിയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചു തുടര്‍ പഠനത്തിനായുള്ള തയ്യാറെടുപ്പിനിടയിലാണ് സഹോദരന്‍ ആല്‍ബിന്‍ ഒരുക്കിയ കെണിയില്‍ ആന്‍മേരിക്ക് ജീവന്‍ തന്നെ നല്‍കേണ്ടി വന്നത്. തന്റെ ദുര്‍നടപ്പുകള്‍ ചോദ്യം ചെയ്യുന്ന കുഞ്ഞനുജത്തിയേയും പിതാവിനെയും അമ്മയെയും വകവരുത്താന്‍ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി നല്‍കിയ ക്രൂര കുറ്റ കൃത്യമാണ് ഏഴ് ദിവസത്തിനുള്ളില്‍ പ്രേംസദനും, ശ്രീദാസും ചേര്‍ന്ന് തെളിയിച്ചത്. വെള്ളരിക്കുണ്ട് പോലീസിന് ഇത് അഭിമാന നിമിഷമാണ്. അദ്ധ്യാപന ജീവിതത്തിനിടയില്‍ നിന്നും മാറി പോലീസ് വേഷം അണിയേണ്ടി വന്നവര്‍ ഒത്തുചേര്‍ന്നപ്പോള്‍ തെളിഞ്ഞത് പഠിക്കുവാന്‍ മിടുക്കിയായ ഒരു കൊച്ചു മിടുക്കിയുടെ ക്രൂരമായ കൊലപാതകത്തിന്റെ ഉള്ളറകളായിരുന്നു.
കേരളക്കരയെ തന്നെ ഞെട്ടിച്ച ആന്‍മേരി എന്ന പതിനാറു കാരിയുടെ മരണ കാരണം കണ്ടു പിടിച്ചതിനു പിന്നിലാണ് അധ്യാപക മനസുകളുടെ ഉടമകള്‍ കൂടിയായ രണ്ട് പോലീസ് ഓഫീസര്‍മാര്‍ നേതൃത്വം വഹിച്ചത്. വെള്ളരിക്കുണ്ട് സി.ഐ. കെ.പ്രേംസദനും. എസ്.ഐ. ശ്രീദാസ് പുത്തൂരുമാണ് ഈ പോലീസ് ഓഫീസര്‍മാര്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സഹ പ്രവര്‍ത്തകരുടെയും പൂര്‍ണ്ണ പിന്തുണ കൂടി ലഭിച്ചതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെയും. കാലവര്‍ഷ കെടുതിയുടെയും തിരക്കുകള്‍ക്കിടയിലും ഇവര്‍ക്ക് കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യം തെളിയിക്കുവാന്‍ സാധിച്ചത്. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി കെ. പ്രേംസദന്‍ പോലീസില്‍ വരുന്നതിനു മുമ്പ് തൊട്ടടുത്ത മാലോത്തു കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികളോട് സ്‌നേഹ വാത്സല്യത്തോടെ പെരുമാറിയിരുന്ന പ്രേംസദന്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു.
ഇവിടെ നിന്നുമാണ് എസ്.ഐ. ടെസ്റ്റും ഫിസിക്കലും പാസായി പ്രേം സദന്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചത്. കാസര്‍കോട് ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനില്‍ എസ്. ഐ. ആയി ജോലി ചെയ്തിട്ടുള്ള പ്രേംസദന്‍ കണ്ണൂര്‍ ജില്ലയിലും ജോലി ചെയ്തിട്ടുണ്ട്. പോലീസ് ഭാഷ്യത്തിനും പെരുമാറ്റത്തിനും അദ്ധ്യാപക രീതി കണ്ടെത്തിയിരുന്ന പ്രേംസദന്‍ വെള്ളരിക്കുണ്ട് സ്റ്റേഷന്‍ ചുമതലയുള്ള എസ്. എച്ച്. ഒ. ആയി എത്തിയിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. ഇതിനിടയിലാണ് തന്റെ സ്റ്റേഷന്‍ പരിധിയില്‍ നടന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാന്വേഷണ മികവ് തെളിയിക്കാന്‍ അവസരം ലഭിച്ചത്.
കരിവെള്ളൂര്‍ പുത്തൂര്‍ സ്വദേശിയായ എസ്. ഐ. ശ്രീദാസും സമാന ചിന്താഗതിക്കാരനായ പോലീസ് ഓഫീസര്‍ ആണ്.ശ്രീദാസും പോലീസില്‍ വരുന്നതിനു മുമ്പ് ആദ്യം സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. കിലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനിടെ പയ്യന്നൂരിലെ സ്വകാര്യ കോളേജില്‍ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. കുട്ടികളോടുള്ള നല്ല മനോഭാവം ഇന്നും കാത്തു സൂക്ഷിക്കുന്ന ശ്രീദാസന്‍ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ജോലി ചെയ്തു വരുന്നു. ക്രമസമാധാന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ശ്രീദാസന്‍ പോലീസില്‍ കോണ്‍സ്റ്റബിളായിട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് എസ്. ഐ. ടെസ്റ്റ് പാസായി സബ് ഇന്‍സ്‌പെക്ടറായി.
ആന്‍മേരി മരിച്ചതിനു പിന്നാലെ പൊലീസിന് തോന്നിയ ചില സംശയങ്ങളാണ് നാട് ഞെട്ടി വിറച്ച കൊലപാതക രീതികളെ പുറത്ത് കൊണ്ടുവരാന്‍ വെള്ളരിക്കുണ്ട് സി.ഐ. പ്രേംസദനും എസ്. ഐ. ശ്രീദാസനും സാധിച്ചത്. പഠിക്കാന്‍ മിടുക്കിയായ ആന്‍മേരി എന്ന കൊച്ചു മിടുക്കിയെ ലാഘവത്തോടെ മരണത്തിലേക്ക് കൊണ്ടെത്തിച്ച സഹോദരന്‍ ആല്‍ബിന്‍ ബെന്നിയെ വെള്ളിയാഴ്ച രാവിലെ പോലീസ് അരിങ്കല്ലിലെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: