തിരുവനന്തപുരം:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പൂര്‍ണമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു രാവിലെ 9ന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചത്. ശംഖുംമുഖം എ. സി. പി ഐശ്വര്യ ദോംഗ്രെയായിരുന്നു പരേഡ് കമാന്‍ഡര്‍. സ്പെഷ്യല്‍ ആംഡ് പോലീസ് അസി. കമാന്‍ഡന്റ് വൈ. ഷമീര്‍ഖാന്‍ ആയിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പാസ്റ്റ് ഒഴിവാക്കി ചടങ്ങ് പത്തു മിനിട്ടില്‍ അവസാനിപ്പിച്ചു. ബി. എസ്. എഫ്, സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്, തിരുവനന്തപുരം സിറ്റി പോലീസ്, കേരള ആംഡ് വിമന്‍ പോലീസ് ബറ്റാലിയന്, എന്‍. സി. സി സീനിയര്‍ ഡിവിഷന് ആര്‍മി (ആണ്‍കുട്ടികള്‍), എന്‍. സി. സി സീനിയര്‍ വിംഗ് ആര്‍മി (പെണ്‍കുട്ടികള്‍) എന്നിവരുടെ ഓരോ പ്ലാറ്റൂണുകള്‍ പങ്കെടുത്തു. സ്പെഷ്യല്‍ ആംഡ് പോലീസ്, കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന് എന്നിവയുടെ ബാന്റ് സംഘവും ഉണ്ടായിരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി നടത്തി.
ജില്ലാ കളക്ടര്‍ ഡോ: നജ്ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ, ജനപ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രത്യേക ക്ഷണിതാക്കള്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്കാനിംഗിനു ശേഷമാണ് എല്ലാവരേയും വേദിയിലേക്ക് കടത്തിവിട്ടത്. സാനിറ്റൈസറും ഒരുക്കിയിരുന്നു. സമൂഹ്യാകലം പാലിച്ചാണ് വേദിയില്‍ കസേരകള്‍ നിരത്തിയിരുന്നത്. പ്ലാറ്റൂണ്‍ അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: