ഇടുക്കി: പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ സാധാരണയായി നടക്കുന്ന പ്രകൃതി പ്രതിഭാസമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പഠനം നടത്തിയ ഇടുക്കി ജില്ലാ ജിയോളജിസ്റ്റ് ബിജു സെബാസ്റ്റിയന്. ചോലവനത്തില്‍ നിന്നാണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. പിന്നീട് ഇത് ഇവിടെ ഉണ്ടായിരുന്ന അരുവിയുടെ അതേ പാതയില്‍ 1.5 കിലോ മീറ്ററോളം സഞ്ചരിച്ച് ലയങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു.
മഴ പെയ്യുന്നതോടെ ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്ന അധിക വെള്ളത്തോടൊപ്പം ഉപരിതല മണ്ണ് നിരങ്ങിനീങ്ങിയാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. ചരിവുള്ള എല്ലാ സ്ഥലങ്ങളിലും എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ ഉരുള്‍പൊട്ടാമെന്നും അദ്ദേഹം പറഞ്ഞു. അപകടമുണ്ടായതിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ ക്വാറികളില്ല, ഇതിനാല്‍ ക്വാറികളാണ് അപകട കാരണമെന്ന് പറയാനാകില്ല.
പെട്ടെന്നുണ്ടാകുന്ന അതിതീവ്രമഴയും ഉരുള്‍പൊട്ടലിന് മറ്റൊരു കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ വനത്തിലും വലിയ കുന്നുകളിലും നിരവധി ഉരുള്‍പൊട്ടലുണ്ടാകാറുണ്ട്. ഇവിടെ മനുഷ്യര്‍ അപകടത്തില്‍പ്പെട്ടതുകൊണ്ടാണ് വിഷയം ചര്‍ച്ചയായതെന്നും അദ്ദേഹം പറയുന്നു. നിലവില്‍ മുകളില്‍ കാണുന്ന പാറകളെല്ലാം ഒരു കാലത്ത് മണ്ണിനടിയിലായിരുന്നു. ഇവിടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായി തന്നെയാണ് പാറ തെളിഞ്ഞ് വന്നിരിക്കുന്നത്. ഇത് ഇന്നും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തേയിലച്ചെടികളുടെ വേരുകള്‍ മണ്ണിനെ ബലവത്തായി നിര്‍ത്തുന്നതിനാല്‍ തേയിലതോട്ടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത തീര്‍ത്തും കുറവാണ്. വനത്തില്‍ ചെറിയ ഭാഗത്ത് ഉരുള്‍പൊട്ടി താഴേക്ക് പതിക്കുന്നതിനിടെ വിസ്തൃതി കൂടി വരികയും ഒരുപ്രദേശമാകെ തുടച്ചുനീക്കുകയും ചെയ്യുകയാണ് ഇവിടെ ഉണ്ടായത്. നിരപ്പായ സ്ഥലത്താണ് ലയങ്ങള്‍ ഇരുന്നിരുന്നതെങ്കിലും സമീപ പ്രദേശങ്ങളെല്ലാം കുന്നുകളായിരുന്നു. ഇതിനാല്‍ മുകളില്‍ നിന്ന് പൊട്ടിയ ഉരുള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.
ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു പഠനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ പെട്ടിമുടി സന്ദര്‍ശിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: