ഭാരതം ഇന്ന് എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും രാജ്യത്ത് വലിയ മാറ്റങ്ങളും നവോന്മേഷവുമുണ്ടാക്കിയ സാഹചര്യം നിലനില്‍ക്കെയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം വന്നെത്തിയിരിക്കുന്നത്.
രാഷ്ട്രപിതാവ് സ്വതന്ത്രഭാരതത്തെ കുറിച്ചു കണ്ട സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് തുടക്കം കുറിച്ച വര്‍ഷം കൂടിയാണിത്. രാമരാജ്യം എന്ന മഹാത്മജിയുടെ സ്വപ്ന സങ്കല്പത്തിലേക്കാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. രാമരാജ്യം എന്നതു കൊണ്ട് ഗാന്ധിജി ലക്ഷ്യം വച്ചത് ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞുനില്ക്കുന്ന നീതിപൂര്‍വ്വമായ ഭരണം നടക്കുന്ന, ജനങ്ങള്‍ തുല്യതയോടെ ജീവിക്കുന്ന മാതൃകാ രാജ്യമെന്നാണ്. മഹാത്മജിയുടെ നൂറ്റിയമ്പതാം ജന്മവാര്ഷികാഘോഷങ്ങള് സമാപിക്കുന്ന വേളയില്‍ത്തന്നെ അദ്ദേഹത്തിന്റെ ആദര്‍ശരാഷ്ട്രസങ്കല്‍പ്പത്തെ മൂര്‍ത്തീകരിക്കുന്ന ചരിത്രപരമായ നടപടികള്‍ ഭാരതസര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് മറ്റൊരു പ്രത്യേകത.
നൂറ്റാണ്ടുകളുടെ വൈദേശികാടിമത്തത്തില്‍ നിന്നുള്ള മോചനമാണ് ദശകങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഭാരതം നേടിയെടുത്ത സ്വാതന്ത്ര്യം. അതിന് ശേഷം എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ്, ഭാരതത്തിന്റെ സ്വത്വസാകല്യമായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്ത് ക്ഷേത്രം സ്ഥാപിക്കുക എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നാം തുടക്കമിട്ടത്. ദേശാഭിമാനിയായ ഓരോ ഭാരതീയന്റെയും അഭിമാനത്തെ വെല്ലുവിളിച്ചുകൊണ്ട് അടിമത്തിന്റെ പ്രതീകമായി കെട്ടിടം നിലനിന്നിരുന്ന സ്ഥാനത്ത് ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടപ്പോള്‍, നൂറ്റാണ്ടുകളായി ഭാരതജനത അനുഭവിച്ചുവന്ന സാംസ്കാരികാടിമത്തത്തില് നിന്നുള്ള വിമോചനമായിരുന്നു യാഥാര്‍ത്ഥ്യമായത്. ഓരോ ഭാരതീയനെയും ജാതിമതരാഷ്ട്രീയ ഭേദം കൂടാതെ ഉദാത്തമായ രാമരാജ്യ സങ്കല്‍പ്പത്തിന്റെ ശീതളച്ഛായയില്‍ നിര്‍ത്താന്‍ ഇക്കഴിഞ്ഞ അഞ്ചാം തീയതി അയോധ്യയില്‍ നടന്ന ഐതിഹാസിക സന്ദര്‍ഭത്തിന് സാധിച്ചു. നരേന്ദ്രമോദിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനവും വിഭാവനം ചെയ്ത ധര്‍മ്മരാജ്യത്തിന്റെ ശിലാസ്ഥാപനമായിരുന്നു അന്നവിടെ നടന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലുണ്ടായ സുപ്രധാനമായ മറ്റൊരു മുന്നേറ്റമാണ് ഭാരതത്തിലെല്ലായിടത്തും ഒരൊറ്റ ഭരണവ്യവസ്ഥ എന്ന രാഷ്ട്രനീതിയിലേക്കുള്ള മാറ്റം. ഒരു സംസ്ഥാനത്തിന് മാത്രം പ്രത്യേക ഭരണഘടനാപദവി എന്ന, ആറര പതിറ്റാണ്ടു നിലനിന്ന വിരോധാഭാസത്തിന് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മോദി സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദ് ചെയ്തു. ഇതിലൂടെ ജമ്മു, കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങളും മറ്റ് പ്രദേശങ്ങളെന്ന പോലെ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് പ്രഖ്യാപിച്ചത് ഭാരതജനതയുടെ ആത്മാഭിമാനം കുറച്ചൊന്നുമല്ല ഉയര്‍ത്തിയത്. പൗരത്വ നിയമ ഭേദഗതി പാസ്സാക്കുക വഴി കേന്ദ്രസര്‍ക്കാര്‍ ചെയ്തത് അയല്‍രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന മതവിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ്. ഈ നിയമഭേദഗതി ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പടിപടിയായി പുറത്താക്കാനുള്ളതാണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് ഒടുവില്‍ നാവടക്കേണ്ടി വന്നു. ഭരണഘടനയാണ് തന്റെ മതം എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ മതധ്വംസനവും മതപ്രീണനവും ഒരു പോലെ അകറ്റിനിര്ത്തപ്പെടും എന്ന് തെളിയിക്കുന്നതായിരുന്നു പൗരത്വ നിയമ ഭേദഗതി.
ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള രാജ്യവികസനത്തിനുള്ള നൂതന പദ്ധതികളും പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഉള്‍പ്പെടെ ഭാരതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ഒട്ടേറെ നയരൂപീകരണങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തിയ സര്‍ക്കാരിന്റെ ഏഴാമത്തെ വര്‍ഷമാണിത്. കോണ്‍ഗ്രസ്സുകാരനല്ലാത്ത ഒരു പ്രധാനമന്ത്രി ഏഴുവര്‍ഷം തുടര്‍ച്ചയായി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത് ചരിത്രത്തിലാദ്യം. ഇത് അഭിമാനത്തിന്റെ നിമിഷമാണ്, ഓരോ ഭാരതീയനും. ഭാരതസ്വാതന്ത്ര്യസമരനഭസ്സിലെ അഗ്നിനക്ഷത്രവും ലോകത്തിന്റെ ആത്മീയതേജസ്സുമായ മഹര്‍ഷി അരവിന്ദ ഘോഷിന്റെ ജന്മദിനം കൂടിയാണ് ആഗസ്റ്റ് 15. ഭാരതം സ്വതന്ത്രയായ 1947 ആഗസ്റ്റ് 15ന് തന്റെ ജന്മദിനസന്ദേശമായി അദ്ദേഹം ലോകത്തോട് പറഞ്ഞ വാക്കുകള്‍ നമുക്ക് സ്മരിക്കാം; ‘കാലം സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ നടുവില്‍ ലോകം ഭാരതത്തെ ഉറ്റുനോക്കും, ഈ രാജ്യത്തിന്റെ ഉദ്ബോധനങ്ങളും മാനസികവും ആത്മീയവുമായ മഹത്വവും മാത്രമാണ് തങ്ങളുടെ ആശ്രയവും അഭയവും എന്ന പ്രതീക്ഷയോടെ’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: