ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് വീണ്ടും വംശീയ വിവാദം. കറുത്തവര്‍ഗക്കാരനായ സോന്‍ഡോയെ ടീമിലെടുത്താല്‍ താന്‍ ദക്ഷിണാഫ്രിക്കന്‍ ടീം വിടുമെന്ന് 2015 ലെ ഇന്ത്യന്‍ പര്യടനത്തിനിടെ അന്നത്തെ ക്യാപ്റ്റനായ എബി ഡിവില്ലിയേഴ്സ് ഭീഷണി മുഴക്കിയതായി വെളിപ്പെടുത്തല്‍.
ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നോര്‍മന്‍ അരെന്‍ഡ്സേയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സോന്‍ഡോ ഇടം തേടിയിരുന്നു. മുംബൈയിലെ അഞ്ചാം ഏകദിനത്തിനുള്ള അവസാന ഇലവനില്‍ സോന്‍ഡോ സ്ഥാനം പിടിച്ചതോടെയാണ് ഡിവില്ലിയേഴ്സ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് അവസാന നിമിഷം സോന്‍ഡോയെ മാറ്റി. അങ്ങിനെ അരങ്ങേറ്റം കുറിക്കാനുള്ള സോന്‍ഡോയുടെ അവസരം നഷ്ടമായി.
പരിക്കേറ്റ ജെപി ഡുമിനിക്ക് പകരമാണ് സോന്‍ഡോയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒടുവില്‍ സോന്‍ഡോയ്ക്ക് പകരം ഡീന്‍ എല്‍ഗാറിന് അവസരം നല്കി. ഇന്ത്യന്‍ പര്യടനത്തിലെ ഒറ്റ മത്സരത്തിലും സോന്‍ഡോക്ക് കളിക്കാന്‍ അവസരം ലഭിച്ചില്ല. സോന്‍ഡോയെ ഒഴിവാക്കിയതിനെതിരെ ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാരായ കിക്കാര്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് പരാതി നല്‍കിയിരുന്നു.
2015 ല്‍ അരങ്ങേറാന്‍ അവസരം ലഭിക്കാതെപോയ സോന്‍ഡോ 2018 ല്‍ സെഞ്ചുറിയനില്‍ ഇന്ത്യക്കെതിരെ അരങ്ങേറി. ഇതുവരെ അഞ്ച് ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: