Categories: Samskriti

ബാലചികിത്സ

പാരമ്പര്യ ചികിത്സാരീതികള്‍

യുര്‍വേദ, പരമ്പരാഗത ചികിത്സാ സമ്പ്രദായത്തില്‍ ബാലനെന്ന വാക്കിനര്‍ഥം 16 വയസ്സ് തികയാത്ത കുട്ടി എന്നാണ്. പ്രസവിച്ച ഉടനെ കുട്ടികളെ ‘ജാതമാത്രന്‍’  എന്നാണ് പറയുന്നത്.  

ജാതമാത്രനെ അത്തി, ഇത്തി, പേരാല്‍, അരയാല്‍ ഇവയുടെ തൊലി (നാല്‍പ്പാമരത്തൊലി)  ഓരോന്നും  അഞ്ചു ഗ്രാം വീതവും രാമച്ചം ചന്ദനം ഇവ അഞ്ചുഗ്രാം വീതവും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കണം. നേര്‍ത്ത ചൂടില്‍ (30 മുല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ) ആണ് കുളിപ്പിക്കേണ്ടത്. ശിരസ്സ് ഒഴികെയുള്ള ശരീരഭാഗങ്ങളില്‍ അല്‍പം ഇന്തുപ്പ് നന്നായി  പൊടിച്ച് വെണ്ണ കൂട്ടി തേയ്‌ക്കാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ കുഴമ്പ് നേര്‍ത്ത തുണികൊണ്ടോ പച്ച തെങ്ങോല കൊണ്ടോ തുടച്ച് കളയണം. അതിനു ശേഷം മുന്‍പ് പരാമര്‍ശിച്ച വെള്ളത്തില്‍ ദേഹം തുടയ്‌ക്കണം.  

പൊക്കിള്‍ കൊടി എപ്പോഴും മുകളിലേക്ക് വരുന്ന വിധത്തിലാണ് സൂക്ഷിക്കേണ്ടത്. അല്ലെങ്കില്‍ പില്‍ക്കാലത്ത് പൊക്കിള്‍ തടിച്ച് ഉന്തി തൂങ്ങിക്കിടക്കും.  

പൊക്കിള്‍ കൊടി മുറിഞ്ഞുവീണാല്‍ ആ സ്ഥാനത്ത് (പൊക്കിളില്‍) നല്ല ഉണക്കമഞ്ഞള്‍ ചുട്ട് കരിച്ചെടുത്ത കരി, എള്ളെണ്ണയില്‍ ചാലിച്ച് തേയ്‌ക്കണം. തുടര്‍ന്ന് ഒഴാഴ്ച, സ്വര്‍ണമോ വെള്ളിയോ നന്നായി ചൂടാക്കി പഴുപ്പിച്ച്  

നാല്‍പാമരവും രാമച്ചവും ചന്ദനവും ചേര്‍ത്തു തയ്യാറാക്കിയവെള്ളത്തില്‍ലിട്ട് വെള്ളത്തിന് ചെറു ചൂടുള്ളപ്പോള്‍ കുളിപ്പിക്കുക. (ഇങ്ങനെ ചെയ്താല്‍ കുട്ടിക്ക് ശരീരകാന്തിയും ചര്‍മത്തിന് മിനുസവും ഉണ്ടാകും. ഭാവിയില്‍ ചര്‍മരോഗങ്ങളെ പ്രതിരോധിക്കാനുമാവും).  

കുളി കഴിയുമ്പോഴേക്കും തേന്‍, നെയ്യ്, കല്‍ക്കണ്ടം പൊടിച്ചത് എന്നിവ ചേര്‍ത്ത മിശ്രിതം തയ്യാറാക്കുക. കടുക്കാത്തൊണ്ട്, നെല്ലിക്കാത്തൊണ്ട്, വയമ്പ്, ബ്രഹ്മി ഇവ നേര്‍മയായി പൊടിച്ച് തുണിയില്‍ കിഴി കെട്ടുക. ഈ കിഴിയിലേക്ക് പാലില്‍ അല്‍പ്പം പൊന്നരച്ച് ചേര്‍ക്കണം. അതിനു ശേഷം കിഴി നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക്  മുക്കി ഞെരടിപ്പിഴിഞ്ഞ് ഒരോ തുള്ളി വീതം കുട്ടിയുടെ വായില്‍ തൊട്ടു കൊടുക്കണം. ഇത് ദിവസം പലതവണ ആവര്‍ത്തിക്കണം.  

(വൃക്കരോഗത്തിന് കാരണമാകുമെന്ന പേരില്‍ പൊന്നരച്ച് കൊടുക്കുന്നതിനെ ആധുനികശാസ്ത്രം എതിര്‍ക്കുന്നുണ്ട്. എന്നാലിതിനോട് ലേഖകന് വിയോജിപ്പുണ്ട്. ഇത് ആധുനികശാസ്ത്രത്തില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല. പ്രായോഗികമായ തെളിവുകള്‍ നിരത്തിയുള്ള വിയോജിപ്പാണ്.  അമ്പത്, അറുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍  പിറന്ന ഭൂരിഭാഗം കുട്ടികള്‍ക്കും പൊന്നും വയമ്പും തേനില്‍ അരച്ച് കൊടുത്തിരുന്നു. അക്കാലത്ത് കേരളത്തില്‍ വൃക്കരോഗം അപൂര്‍വമായിരുന്നു. എന്നാലിന്ന് വൃക്കരോഗം സര്‍വസാധാരണമെന്നുതന്നെ പറയാം. അതേസമയം ഇക്കാലത്ത് പൊന്നരച്ചതോ, ലോഹഭസ്മങ്ങളോ ആരും ഉപയോഗിക്കാറുമില്ല.)

ജാതമാത്രനെ കുളിപ്പിക്കേണ്ട വിധം കഴിഞ്ഞ ലക്കത്തില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്നങ്ങോട്ട് എട്ടാം ദിവസം മുതല്‍ താഴെ പറയുന്ന രീതിയില്‍ ചൂര്‍ണമുണ്ടാക്കി തേങ്ങ ചുരണ്ടി പാല്‍പിഴിഞ്ഞെടുത്ത് അത് വറ്റിച്ചെടുത്ത തേങ്ങാനെയ്യില്‍ (ഉരുക്കു വെളിച്ചെണ്ണ) ചാലിച്ച് കുഞ്ഞിന്റെ ശരീരം മുഴുവന്‍ തേച്ച്  

പാളയില്‍ കിടത്തുക. ഇളം വെയിലുള്ള സമയത്ത് ചെയ്യുന്നതാണ് കൂടുതല്‍ ഗുണകരം. 20 മിനുട്ടിനു ശേഷം കുറുന്തോട്ടിയോ, ചെമ്പരത്തിയോ താളിയാക്കി തേച്ച് എണ്ണമെഴുക്ക് കളയുക.  

ചൂര്‍ണത്തിന്: ഭൂതിയുണര്‍ത്തി (പീനാറി), ഉണക്കമഞ്ഞള്‍, വയമ്പ്, ചന്ദനം, രാമച്ചം, പച്ചപട്ടാണി, ലന്തക്കുരു പരിപ്പ്, രക്തചന്ദനം, നീര്‍മരുതിന്‍ തൊലി, പതിമുഖം, പാച്ചോറ്റിത്തൊലി, നാന്മുഖപുല്ല്, വെണ്‍കടുക്, ബാര്‍ലി അരി, കരിങ്ങാലിക്കാതല്‍ ഇവ സമമായെടുത്ത് ശീലപ്പൊടിയായി പൊടിച്ച് ഉരുക്കെണ്ണയില്‍ ചാലിച്ച് തേയ്‌ക്കുക. ഇങ്ങനെ തേച്ചാല്‍ മുഖകാന്തിയുണ്ടാകും. ചര്‍മരോഗങ്ങളില്‍ നിന്ന് രക്ഷനേടാം. ഗ്രഹബാധയും ഒഴിവാകും. ശരീരസുഖം ലഭിക്കും.  

ജാതമാത്രന് പൊന്നും വയമ്പും കൊടുക്കേണ്ട വിധം:  

പൊന്ന് നന്നായി തീയില്‍ പഴുപ്പിച്ച് അടിച്ചു പരത്തുക. ഇപ്രകാരം ഏഴു പ്രാവശ്യം തീയില്‍ അടിച്ചു പരത്തിയതിനു ശേഷം എട്ടാം തവണ തീയില്‍ പഴുപ്പിച്ച് കമ്പിപോലെയായക്കി വയമ്പില്‍ അടിച്ചു കേറ്റുക. ആ വയമ്പ് മുലപ്പാലില്‍ മുക്കി 21  പ്രാവശ്യം ഉരകല്ലില്‍ ഉരച്ച് കുഞ്ഞിന് നാക്കില്‍ വച്ചു കൊടുക്കുക.  

ജാതമാത്രന്‍ മുതല്‍ ആറുമാസം വരെ പ്രായമായ കുട്ടികള്‍ കിടക്കുന്ന മുറിയില്‍ അണുബാധയില്ലാതെ, കൊതുകുള്‍പ്പെടെ കൃമി കീടങ്ങള്‍ ഒഴിവാകാനുമുള്ള പുകയ്‌ക്ക് പീനാറി, ചന്ദനം, വേപ്പിന്‍ തൊലി, വേപ്പിന്റെ ഇല, തിരുവട്ടപ്പശ, പാ ല്‍സാമ്പ്രാണി, മണിക്കുന്തിരിക്കം, രാമച്ചം, ശംഖുപുഷ്പത്തിന്റെ വേര്, എരിക്കിന്റെ വേര് (വെള്ളെരുക്ക് ആയാല്‍ ഏറ്റവും ശ്രേഷ്ഠം), അകില്‍, നാന്മുഖപുല്ല്, ഗുല്‍ഗുലു, ചൂടന്‍ കര്‍പ്പൂരം, വെളുത്തുള്ളി, ചെഞ്ചല്യം ഇവം സമമായെടുത്ത് പൊടിക്കേണ്ടവ പൊടിച്ച് ഒരു മണ്‍കലത്തില്‍ ചിരട്ടക്കനലിട്ട്  ഇവ പത്ത് ഗ്രാം ഇട്ട് വൈകീട്ട് ആറേമുക്കാല്‍ മുതല്‍ ഏഴേകാല്‍വരെയുള്ള നേരത്ത് മുറിയില്‍ പുകയ്‌ക്കുക. മേല്‍പറഞ്ഞവയ്‌ക്കൊപ്പം കാളക്കൊമ്പ്, പശുവിന്‍ കൊമ്പ്, ആട്ടിന്‍കൊമ്പ് ഇവയുടെ കുളമ്പുകളും, പുലിത്തോല്‍, കൃഷ്ണമൃഗക്കൊമ്പ,് മനുഷ്യന്റെ മുടി, കുഴിയാന, തലയിലെ പേന്‍, കട്ടില്‍മൂട്ട ഇവകൂടി ചേര്‍ന്നതാണ് ഈ ചൂര്‍ണത്തിന്റെ പൂര്‍ണ യോഗം.  

പുലിത്തോലും കൃഷ്ണ മൃഗക്കൊമ്പും കൈവശം വയ്‌ക്കുന്നത് വന്യജീവി സംരക്ഷണ നിയമമനുസരിച്ച് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക