തൃശൂര്‍: അമല ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം 34 ആയി. ഇതോടെ അമല കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ചതായി ഡിഎംഒ ഡോ.കെ.ജെ റീന അറിയിച്ചു. നഴ്സുമാര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കുമാണ് രോഗം കണ്ടെത്തിയത്. ഇന്നലെ നടത്തിയ പരിശോധനയില്‍ 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം 19 ജീവനക്കാരുടെ ഫലം പോസിറ്റാവായിരുന്നു. ഇവരെ ആശുപത്രിയില്‍ തന്നെ സജ്ജമാക്കിയിട്ടുള്ള പ്രത്യേക വാര്‍ഡിലേക്ക് ചികിത്സക്കായി മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവനക്കാര്‍ക്കിടയില്‍ രോഗം പടരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളും ബന്ധുക്കളും ആശങ്കയിലാണ്. കാന്‍സര്‍ രോഗികളുള്‍പ്പെടെ പ്രതിദിനം ആയിരങ്ങളാണ് അമല ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്താറുള്ളത്. ആശുപത്രിയില്‍ കൊറോണ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് രോഗം പിടിപ്പെടാനിടയാക്കിയതിന് കാരണമിതാണെന്നും ആക്ഷേപമുണ്ട്.
അമലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സാ സൗകര്യമൊരുക്കാനുള്ള നീക്കത്തിനും തിരിച്ചടിയായി. ജില്ലയില്‍ സ്വകാര്യ മേഖലയില്‍ തൃശൂര്‍ ദയ ഹോസ്പിറ്റല്‍ മാത്രമാണ് കൊറോണ ആശുപത്രിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ കൊറോണ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവര് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തണമെന്ന് താത്പര്യപ്പെടുമ്പോള്‍ ഇവരെ ദയ ഹോസ്പിറ്റലിലേക്കാണ് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ റഫര്‍ ചെയ്യുന്നത്.
ഇവിടെ പ്രവേശിപ്പിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിയായ രോഗിയും ഇയാളെ പരിചരിക്കുന്നതിനിടെ രോഗബാധിതരായ നഴ്സുമാരടക്കമുള്ള ജീവനക്കാരും അടുത്തിടെ രോഗവിമുക്തി നേടിയിരുന്നു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ്, അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍ അശ്വിനി, ചാലക്കുടി സെന്റ് ജയിംസ് ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍ കൊറോണ ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ അതതു ഹോസ്പിറ്റല്‍ മാനേജ്മെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ കനത്ത ചികിത്സാഫീസ് കാരണം നിലവില്‍ 90 ശതമാനത്തിലേറേ പേരും സര്‍ക്കാര്‍ ആശുപത്രികളിലാണ് കോറോണ ചികിത്സ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: