ഹനോയ്: റഷ്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ വാങ്ങാൻ തയാറായി തെക്കുകിഴക്കനേഷ്യൻ രാജ്യമായ വിയറ്റ്നാം. വിയറ്റ്നാമിന്റെ ദേശീയ ചാനലിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധ നടപടിയെന്ന നിലയിലാണ് വിയറ്റ്നാം വാക്സിൻ വാങ്ങാൻ രജിസ്റ്റർ ചെയ്തതെന്നാണ് വിവരം.
50 മുതൽ150 ദശലക്ഷം ഡോസ് വാക്സിനുകളാണ് വിയറ്റ്നാം റഷ്യയിൽ നിന്നും വാങ്ങുന്നത്. ഇതിൽ കുറച്ച് ശതമാനം റഷ്യയുടെ സംഭാവനയാണെന്ന് ദേശീയ ദിനപത്രവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ റഷ്യയിൽ നിന്നും വാക്സിൻ രാജ്യത്തേക്ക് എപ്പോൾ ഇറക്കുമതി ചെയ്യുമെന്നും ഇവയുടെ ചെലവ് സംബന്ധിച്ചുമുള്ള വിവരങ്ങൾ ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടിട്ടില്ല. വിയറ്റ്നാം തദ്ദേശിയമായി കോവിഡ് 19 വാക്സിൻ നിർമ്മിക്കുന്നതിന്റെ ഒരുക്കത്തിലാണെന്ന് ദേശീയ ചാനലായ വിയറ്റ്നാം ടെലിവിഷൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് വാർത്തകൾ പുറത്ത് വിട്ടിരുന്നു. 2021 അവസാനത്തോടെ തദ്ദേശിയമായി വാക്സിൻ വികസിപ്പിക്കുമെന്നാണ് മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയത്.
താരതമ്യേനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 വൈറസിന്റെ വ്യാപനം കുറവ് രേഖപ്പെടുത്തിയ രാജ്യമാണ് വിയറ്റ്നാം. തുടക്കത്തിലെ തൊട്ട് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വിയറ്റ്നാം ഏറെ മികച്ച് നിന്നിരുന്നു. രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കൽ, ക്വാറൻ്റൈൻ ചികിത്സ, കൃത്യതയാർന്ന പരിശോധനകൾ തുടങ്ങിയവയിൽ കാട്ടിയ മികവ് ലോകശ്രദ്ധയാകർഷിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 911 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 21 പേർ കൊറോണ വൈറസ് മൂലം മരിച്ചു. അതേ സമയം ടൂറിസ്റ്റ് നഗരമായ ദനാംഗിൽ ജൂലൈ 25ന് പുതിയ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഭാഗങ്ങളിൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയാണ് ഭരണകൂടം.
വലിയ രീതിയിലുള്ള പരീക്ഷണാടിസ്ഥാനങ്ങളിൽ അംഗീകാരം ലഭിച്ചാൽ മാത്രമെ വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കാവു എന്ന വിദഗ്ദരുടെ അഭിപ്രായത്തെ വകവയ്‌ക്കാതെയാണ് വാക്സിൻ രണ്ടാഴ്ചക്കുള്ളിൽ സജ്ജമാകുമെന്ന് ബുധനാഴ്ച റഷ്യ പ്രസ്താവിച്ചത്. റഷ്യയുടെ പ്രസ്താവനക്കുശേഷം ആദ്യമായാണ് ഒരു രാഷ്‌ട്രം വാക്സിൻ വാങ്ങാൻ തയാറായി ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: