ശ്രീകാര്യം: പാങ്ങപ്പാറ കുടുംബാരോഗ്യകേന്ദ്രം ഓണത്തിന് മുമ്പ് തുറക്കും. ഫര്‍ണിച്ചറുകള്‍ ഉള്‍െപ്പടെ എല്ലാ സൗകര്യങ്ങളോടെയും ഓണത്തിന് മുമ്പ് തന്നെ പുതിയ കെട്ടിടം തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാധ്യമങ്ങളെ അറിയിച്ചു. പുതിയ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 27 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.
പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററില്‍ കുടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മുന്‍ എംഎല്‍എ എം.എ. വാഹിദ് അദ്ദേഹത്തിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 2014-15 കാലഘട്ടത്തില്‍ രണ്ട് കോടി രൂപ മുടക്കി നിര്‍മിച്ച കെട്ടിടം ശ്രീകാര്യത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നുവെന്നും മന്ത്രി പറഞ്ഞു. താന്‍ എംഎല്‍എ ആയി വന്നപ്പോള്‍ വെറും കെട്ടിടമാണ് ഉണ്ടായിരുന്നത്. ഇവിടെ വൈദ്യുതിയോ കുടിവെള്ളമോ ഉള്‍പ്പെടെയുള്ള ഒരു സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രിയുടെ ആരോപണം.
വര്‍ഷങ്ങളായി കെട്ടിടം നിര്‍മിച്ചിട്ടും ഈ കൊറോണ കാലത്തുപോലും പ്രവര്‍ത്തിക്കാതെ വെറുതെ കാടുകയറി കിടക്കുന്നതിനെതിരെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും സത്യഗ്രഹം ഉള്‍പ്പെടെ വന്‍ പ്രതിഷേധങ്ങള്‍ നടത്തുകയും ജില്ലാ സെക്രട്ടറി പാങ്ങപ്പാറ രാജീവ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ കെട്ടിടം തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: