മാങ്കുളം: രാജമല പെട്ടിമുടി ദുരന്തം കണ്മുന്നിലുണ്ടായപ്പോള് ഏറെ ഭയത്തിലാണ് സമീപ പ്രദേശങ്ങളിലൊന്നായ മാങ്കുളത്തെ നിരവധി കുടുംബങ്ങള്‍. മലയടിവാരത്താണ് 89 കുടുംബങ്ങള്‍ അധിവസിക്കുന്ന അമ്പതാംമൈല്‍ സിങ്കുകുടി കോളനി സ്ഥിതി ചെയ്യുന്നത്. ഇതിന് മുകളിലായുള്ള മലയില്‍ ഫോറസ്റ്റ് ക്യാമ്പ് ആനകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ റവന്യൂ ഭൂമി കൈയേറി ട്രഞ്ച് നിര്‍മ്മിച്ചിരിക്കുകയാണ്. കൈയേറ്റം തഹസില്‍ദാരും സ്ഥിരീകരിച്ചിരുന്നു.
20 അടിയോളം താഴ്ച്ചയില്‍ 15 അടി വീതിയിലാണ് 600 മീറ്ററോളം നീളത്തില്‍ കിടങ്ങ് ഉണ്ടാക്കിയിരിക്കുന്നത്. ട്രഞ്ചില്‍ മഴയില്‍ വെള്ളം നിറയുന്നതോടെ ആശങ്ക കൂടുകയാണ്. നിലവില്‍ നിരവധി ചെറിയ ഹോസുകള്‍ ഉപയോഗിച്ച് ഈ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയാണ് നാട്ടുകാര്‍. അതേ സമയം ട്രഞ്ചിലും മലയുടെ ചിലയിടങ്ങളിലും ചെറിയ തോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.
നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ദേവികുളം തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും പിന്നീട് ഉണ്ടായിട്ടില്ല. മുമ്പ് വഴിയില്‍ കുഴിയെടുത്തതിന് വനംവകുപ്പ് ജീവനക്കാരനെ സിപിഐയുടെ പ്രാദേശിക നേതാവ് കെട്ടിയിട്ട് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഈ സ്ഥലത്താണ്. അന്ന് അത് ഏറെ വിവാദമാകുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.
25 കുടുംബങ്ങളാണ് മലയുടെ നേരെ അടിയില്‍ 200 മീറ്ററോളം ദുരത്ത് മാത്രം താമസിക്കുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ വെള്ളമിറങ്ങി മലയിടിഞ്ഞാല്‍ അത് വലിയ ദുരന്തമാകും പ്രദേശത്ത് ഉണ്ടാക്കുക. ജീവന് ഭയന്ന് അടിവാരത്തുള്ള നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറിക്കഴിഞ്ഞു. കൊറോണ ഭീതിയും ഇത്തരത്തില്‍ ഒരുമിച്ച താമസങ്ങള്‍ക്ക് വെല്ലുവിളിയാകുകയാണ്. അടിയന്തരമായി ട്രഞ്ച് മൂടി താമസക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അടക്കം പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ട സംരക്ഷണം അധികാരികള്‍ ഒരുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലാജി കളക്ടറെ ബന്ധപ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടില്ലെന്നും വനംവകുപ്പ് വഴിയടച്ച് ട്രഞ്ച് നിര്‍മ്മിച്ചതായി പരാതി വന്നിരുന്നെന്നും കളക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: