തൊടുപുഴ: നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന തൊടുപുഴയിലേക്ക് ബുധനാഴ്ച അര്‍ധരാത്രിയോടെ എത്തിയ 5 മീന്‍ വണ്ടികള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു.
കൊറോണ വ്യാപനം കണക്കിലെടുത്താണ് വഴിയോര കച്ചവടവും മീന്‍ വില്പനയും ജില്ലാ ഭരണകൂടം നിരോധിച്ചത്. എന്നാല്‍ നിരോധനം വകവെയ്ക്കാതെ നിരവധി മീന്‍ വണ്ടികളാണ് രാത്രിയുടെ മറവില്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ എത്തി രാത്രി കച്ചവടം നടത്തുന്നത്.
ഇത് ജനക്കൂട്ടത്തിനും ഗതാഗത തടസത്തിനും കാരണമാകുന്നു. ഒരാഴ്ച മുമ്പാണ് മങ്ങാട്ടുകവലയ്ക്ക് സമീപം രാത്രിയില്‍ എത്തിയ മീന്‍ കയറ്റിയ ട്രക്ക് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രിയില്‍ പോലീസ് പിടികൂടിയ 5 വണ്ടികളില്‍ ഒരു വണ്ടിയില്‍ മീന്‍ ഇല്ലായിരുന്നു. 5000 രൂപ വീതം പിഴ ഈടാക്കിയതിന് ശേഷം വാഹനങ്ങള്‍ വിട്ട് നല്കി. വെങ്ങല്ലൂര്‍ സ്വദേശികളായ 3 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. എസ്ഐ മാരായ രാധാകൃഷ്ണന്, ബൈജു പി. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനങ്ങള്‍ പിടികൂടിയത്.
പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച ഉച്ചയോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, ഐശ്വര്യ ആര്. എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പധികൃതര്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. ഒരു ട്രക്കില്‍ നിന്ന് 13 ബോക്സുകളില്‍ നിന്നായി 320 കിലോ പഴകിയ പിരിയാന്‍ മീന്‍ പിടികൂടി.
ഇത് നശിപ്പിക്കുന്നതിന് തൊടുപുഴ നഗരസഭക്ക് കൈമാറി. അഴുകിയ മത്സ്യം എത്തിച്ചതിന് ഭക്ഷ്യ സുരക്ഷാ വകുപ്പും കേസെടുത്ത് 5000 രൂപ പിഴയീടാക്കി. തമിഴ്നാട് കുളച്ചില്‍ എന്ന സ്ഥലത്ത് നിന്നുമാണ് തൊടുപുഴ മാര്‍ക്കറ്റിലേക്ക് മത്സ്യം എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: