തിരുവനന്തപുരം: ദുബായ് റെഡ്ക്രസന്റുമായി ലൈഫ് മിഷന് കരാര്‍ ഉണ്ടാക്കിയത് ഒറ്റദിവസം കൊണ്ട്. കരാറിന് പിന്നില്‍ ഇടപെട്ടത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. നിയമവകുപ്പില്‍ നിന്നും ഫയല്‍ നീങ്ങിയത് ഒറ്റദിവസം കൊണ്ട്. തദ്ദേശഭരണ സെക്രട്ടറി കരാറിനെക്കുറിച്ച് അറിയുന്നത് തലേദിവസം. നിയമവകുപ്പ് പരിശോധിച്ചത് മൂന്നുമണിക്കൂറിനുള്ളില്‍.
2019 ജൂലൈ 11ന് ആണ് ദുബായ് റെഡ്ക്രസന്റ് അതോറിറ്റിയുമായി ലൈഫ് മിഷന് കരാര്‍ ഒപ്പിട്ടത്. തലേന്നു മാത്രമാണ് തദ്ദേശ സ്വയംഭരണ സെക്രട്ടറി കരാറിനെക്കുറിച്ച് അറിഞ്ഞത്. ഒറ്റ ദിവസം കൊണ്ട് നിയമവകുപ്പിനെകൊണ്ട് പരിശോധിപ്പിച്ച് നല്‍കണമെന്ന ശിവശങ്കറിന്റെ കുറിപ്പോടെയാണ് ഫയല്‍ എത്തിയത്. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഫയല്‍ നിയമ സെക്രട്ടറിക്ക് കൈമാറി.
വിദേശ സംഘടനയുമായുള്ള പങ്കാളിത്തത്തിന് കേന്ദ്രാനുമതി വേണമെന്ന് നിയമ സെക്രട്ടറി അറിയിച്ചു. എന്നാല്‍ അത് വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശം. അതോടെ നിയമ സെക്രട്ടറി മൂന്ന് മണിക്കൂറിനുള്ളില്‍ ഫയല്‍ മടക്കി നല്കി. കരാര്‍ ഒപ്പിടും മുമ്പ് നയപരമായ തീരുമാനം വേണമെന്നും നിയമ സെക്രട്ടറി ഫയലില്‍ കുറിച്ചിരുന്നു. നിയമവകുപ്പ് പരിശോധിച്ച കരാര്‍ തദ്ദേശ വകുപ്പ് അന്ന് തന്നെ ശിവശങ്കറിന് നല്കി. ഇതിന് ശേഷമാണ് കരാറൊപ്പിടുന്നത്. എന്നാല്‍ നിയമവകുപ്പ് അംഗീകരിച്ച് നല്കിയ കരാറില്‍ പിന്നീട് മാറ്റം വരുത്തിയെന്നും സംശയിക്കുന്നുണ്ട്.
റെഡ്ക്രസന്റും സര്‍ക്കാരുമായി യാതൊരുവിധ കരാറുമില്ലെന്നായിരുന്നു മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ് പുറത്ത് വന്നതോടെ ആ വാദം പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: