കണ്ണൂര്‍: കോവിഡ് മരണ സംഖ്യ കുറച്ച് കാണിച്ച സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ഇത് വിരല്‍ വിരല്‍ ചൂണ്ടുന്നത് രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍നടത്തുന്ന പ്രചാരണത്തിന്റെ പൊളളത്തരത്തിലേക്കാണെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന് നടത്തിയ ഉപവാസ സമരത്തിന്റെ സമാപന ചടങ്ങ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരണനിരക്ക് പോലും മറച്ചുവെയ്ക്കുകയാണ്. കോവിഡ് നിര്‍ദ്ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല. രാഷ്ട്രീയ രംഗത്തെ സത്യസന്ധതയില്ലായ്മ സിപിഎം ഭരണ രംഗത്തും പിന്തുടരുന്നതിന്റെ മകുടോദാഹരണമാണ് കോവിഡ് മരണത്തിലെ കളളക്കണക്ക്. പ്രതിരോധ പ്രവര്‍ത്തന രംഗത്ത് സംസ്ഥാന ഭരണകൂടം സമ്പൂര്‍ണ്ണ പരാജയമാണെന്ന് ദിനംപ്രതി തെളിയിക്കപ്പെടുകയാണ്.
കോണ്‍ഗ്രസും സിപിഎമ്മും അധികാരം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി ബലി കൊടുക്കുകയാണ്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കി, പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്ത് തീര്‍ത്തു , ഭരണ രംഗത്ത് ആര്‍ക്കും എന്തും ആവാമെന്ന സ്ഥിതിയിലായി.ഇതാണ് കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ഇരുമുന്നണികളും ചേര്‍ന്ന് ഭരണം നടത്തിയ കേരളത്തിന്റെ അവസ്ഥ. കേരളീയര്‍ കടക്കാരായി, പാപ്പരായി അപ്പോഴും അഴിമതിക്കും തട്ടിപ്പിനും ഒരു വിരാമമില്ല. എല്ലാ വികസന പദ്ധതികളിലും പിന്നില്‍ വലിയ തട്ടിപ്പുകള്‍ നടക്കുകയാണ്. ഗവണ്മെന്റിന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. സംസ്ഥാനത്തിന്റെ ഭരണ സിരാ കേന്ദ്രത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി കടന്നു ചെന്നിരിക്കുകയാണ്. ഇനി മുഖ്യമന്ത്രിയെ മാത്രമേ ചോദ്യം ചെയ്യാനുളളൂ.
ജനങ്ങളുടെ പണമാണ് ധൂര്‍ത്തടിക്കുന്നത്. വെളിച്ചത്ത് വന്നിരിക്കുന്നത് ചെറിയ തട്ടിപ്പ് മാത്രമാണ്. വിസ്തൃതമായ വലിയ തട്ടിപ്പുകള്‍ പുറത്തുവരാന്‍ ഇരിക്കുകയാണ്. എതിരാളികളെ, ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്തുകയും ചവിട്ടിമെതിക്കുകയുമാണ്. മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് ഘടകകക്ഷിയായ സിപിഐ തന്നെ വ്യക്തമാക്കിയിരിക്കുന്നു. സൈബര്‍ ഗുണ്ടകളെ വിട്ട് മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നു. ഫാസിസ്റ്റിന്റെ സേച്ഛാധിപത്യത്തിന്റെ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്. ഫ്യൂഢലിസ്റ്റാണ്. ബഹുരാഷ്ട്ര കുത്തകകളെ സംസ്ഥാനത്തെക്ക് ക്ഷണിച്ച് കൊണ്ടുവരികയാണ്. സഹിഷ്ണുതയില്ലായ്മ മുഖമുദ്രയാക്കിയ മുഖ്യമന്ത്രി ഉടന്‍ അധികാരം വിട്ടൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: