ലിസ്ബണ്‍: ഇഞ്ചുറി ടൈമില്‍ കളി ജയിപ്പിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ ശീലമാണ്. നെയ്മറും എംബാപ്പെയും ആ ശീലം മാറ്റിയില്ല. തോല്‍വി ഉറപ്പിച്ച, ഒരുപക്ഷെ ആരാധകര്‍ പോലും ഇനി കളികാണേണ്ടെന്ന് തീരുമാനിച്ച നിമിഷത്തിലായിരുന്നു പിഎസ്ജിയുടെ കൊതിപ്പിക്കുന്ന മിന്നലാക്രമണം. ഒരുപാട് നീണ്ടുനില്ക്കാതെ സെക്കന്‍ഡുകള്‍ മാത്രം വീശിയടിച്ച ആ ഫ്രഞ്ച് കാറ്റില്‍ അറ്റ്ലാന്റ നിലംപൊത്തി.
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ അറ്റ്ലാന്റക്കെതിരെ പിഎസ്ജിയുടെ വിജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. കാല് നൂറ്റാണ്ടിനിടെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ സെമി പ്രവേശനം. ആദ്യ പകുതിയുടെ 26-ാം മിനിറ്റില്‍ മരിയോ പസാലിച്ച് അറ്റ്ലാന്റയെ മുന്നിലെത്തിച്ചു. പല തവണ നെയ്മറുടെ ബലത്തില്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ പിഎസ്ജിക്കായില്ല. മികച്ച മുന്നേറ്റത്തിലൂടെ ഗോള്വരയ്ക്കടുത്തെത്തിയും പിന്നീട് അലക്ഷ്യമായി പുറത്തേക്ക് പന്ത് അടിച്ചു കളഞ്ഞും നെയ്മര്‍ കളം നിറഞ്ഞു. രണ്ടാം പകുതിയിലും കാര്യങ്ങള്‍ പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ പരിശീലകന് തോമസ് ടച്ചല്സ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന എംബാപ്പയെകൂടി കളത്തിലിറക്കി. ആക്രമണം ശക്തിപ്പെട്ടതല്ലാതെ കാത്തിരുന്ന ഗോള്‍ എത്തിയില്ല. ഇഞ്ചുറി ടൈമിലേക്ക് നീങ്ങുമ്പോള്‍ തോല്‍വി ഉറപ്പിച്ചു.
പിന്നീടുണ്ടായത് അത്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ സമനില ഗോളും വിജയ ഗോളും പിറന്നു. ഗോള്‍ അടിച്ചില്ലെങ്കിലും മറ്റുള്ളവരെകൊണ്ട് അടിപ്പിച്ച് വിജയ ശില്‍പ്പികളായി നെയ്മറും എംബാപ്പെയും. 90-ാം മിനിറ്റില്‍ മാര്‍ക്വിനോസും ഇഞ്ചുറി ടൈമില്‍ എറിക് ചോപ്പോ-മോട്ടിങ്ങും പിഎസ്ജിക്കായി ഗോളടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: