ന്യൂദല്‍ഹി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ബെംഗളൂരുവില്‍ മത തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ എസ്ഡിപിഐയെ കൂടാതെ കോണ്‍ഗ്രസ്സിനും പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍. കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ കോണ്‍ഗ്രസ് നേതാവും ഉള്‍പ്പെടും.
പോലീസ് എഫ്ഐആറിലെ ഏഴാം പ്രതി കലീം പാഷ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കൂടാതെ ഇയാളുടെ ഭാര്യ ഇര്‍ഷാദ് ബീഗം കോണ്‍ഗ്രസ് കോര്‍പ്പറേറ്റര്‍ കൂടിയാണ്. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രി ആയിരുന്ന കെ.ജി. ജോര്‍ജിന്റെ അടുത്ത അനുയായി കൂടിയാണ് കലീം പാഷ.
കേസില്‍ എസ്ഡിപിഐയുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിനും ആക്രമണത്തില്‍ പങ്കാളിത്തമുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്. 200 – 300 ഓളം മത തീവ്രവാദികളാണ് കഴിഞ്ഞ ദിവസം ബെംഗളുരുവില്‍ അക്രമം അഴിച്ച് വിട്ടത്. അഞ്ച് പേരാണ് ഈ സംഘത്തെ നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് എസിഡിപിഐ നേതാക്കളെ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മാരകായുധങ്ങളും പെട്രോള്‍ ബോംബുകളും ഇവര്‍ കൈവശം വച്ചിരുന്നു. സംഭവത്തില്‍ ബെംഗളൂരുവില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ആക്രമണങ്ങള്‍ക്കുമുമ്പ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമികള്‍ക്ക് പണം നല്‍കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് കലാപം ആസൂത്രിതമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡിജെ ഹള്ളി, കെജി ഹള്ളി സ്റ്റേഷന് പരിധികളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു പ്രവാചകനെ അപമാനിക്കുന്ന വിധത്തില്‍ എഫ്ബിയില്‍ പോസ്റ്റിട്ടതില്‍ പ്രകോപിതരായാണ് ബെംഗളൂരുവില്‍ ഈ സംഘര്‍ഷങ്ങളെല്ലാം അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: