തൃശൂര്‍: ആന്ധാപ്രദേശില്‍ നിന്ന് മീന്‍ വണ്ടിയില്‍ കൊണ്ടുവരികയായിരുന്ന 140 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കൊല്ലം ശക്തികുളങ്ങര സ്വദേശി കുന്നയില്‍ തെക്കേത് വീട്ടില്‍ അരുണ്‍കുമാര്‍ (33) ആണ് അറസ്റ്റിലായത്.
ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് ഫ്രീസര്‍ സംവിധാനമുള്ള മീന്‍ വണ്ടിയില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് ചാലക്കുടി കോടതി ജങ്ഷനില്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പച്ച മീന്‍ കൊണ്ടവന്നിരുന്ന ബോക്സുകള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. കൂട്ടാളികളില്ലാതെ ലോറിയില്‍ ഒറ്റയ്ക്കാണ് അരുണ്‍കുമാര്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്പി ആര്. വിശ്വനാഥ് അറിയിച്ചു.
കൊറോണ സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയക്കായാണ് 140 കിലോ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും മാഫിയ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും എസ്പി അറിയിച്ചു.
കഞ്ചാവ് പിടികൂടിയത് 2 മാസം നീണ്ട പരിശ്രമത്തില്‍
കോടികളുടെ വിലയുള്ള കഞ്ചാവ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക അന്വേഷണ സംഘത്തിന്റെ മികവ്. മധ്യ കേരളത്തില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് ചാലക്കുടിയില്‍ നിന്ന് പിടികൂടിയതെന്നാണ് സൂചന. രണ്ട് മാസത്തിലധികമായി നര്‍ക്കോട്ടിക് സ്പെഷ്യല്‍ ടീം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് ഇത്ര വലിയ തോതിലുള്ള കഞ്ചാവ് പിടികൂടാന്‍ കഴിഞ്ഞത്. കൊറോണയെ തുടര്‍ന്ന് സ്റ്റാമ്പ് ഗുളിക തുടങ്ങിയ മറ്റു ലഹരി വസ്തുക്കളുടെ വരവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതിലാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. വളരെ ആസൂത്രിതമായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് കേരളാതിര്ത്തി കടത്തി കഞ്ചാവ് കൊണ്ടു വരുന്നത്.
മീന്‍ കൊണ്ടു വരുന്ന ലോറിയില്‍ കഞ്ചാവ് ചാക്കുകളിലാക്കി അടക്കിയ ശേഷം പുറകില്‍ മീന്‍ കയറ്റി പെട്ടികള്‍ അടക്കിയാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. 10 ഗ്രാം കഞ്ചാവിന്റെ പൊതിക്ക് 500 രൂപയാണ് ശരാശരി വില. ഇങ്ങനെ കണക്കാക്കിയാല്‍ കോടികള്‍ വില മതിക്കുന്ന കഞ്ചാവ് നാലിലൊന്ന് തുക പോലും കൊടുക്കാതെയാണ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടു വരുന്നത്. ഒരു ലോഡ് എത്തിച്ച് വില്‍പ്പന നടത്തിയാല്‍ കോടികളാണ് ലഹരിമാഫിയക്ക് ലാഭം. വലിയ തോതില്‍ കഞ്ചാവ് കടത്തിലേക്ക് കൂടുതല്‍ പേര് തിരിയാന്‍ ഇതാണ് കാരണമന്ന് പോലീസ് പറഞ്ഞു.
പോലീസിന് അഭിനന്ദന പ്രവാഹം
കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് ചാലക്കുടിയില്‍ നിന്ന് പിടികൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ്ജോസ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.കെ ഗോപാലകൃഷ്ണന്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ്, ചാലക്കുടി ഡിവൈഎസ്പി സി.ആര് സന്തോഷ്, ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപ്, എസ്ഐ എം.എസ് ഷാജന്, ക്രൈംബ്രാഞ്ച് എസ്ഐ എം.പി മുഹമ്മദ്റാഫി, എഎസ്ഐമാരായ ജയകൃഷ്ണന്, സി.എ ജോബ്, സതീശന് മടപ്പാട്ടില്‍, മുഹമ്മദ് അഷറഫ്, എം.കെ ഗോപി, ടി.ആര് ഷൈന്‍, ലോകനാഥന്, സീനിയര്‍ സിപിഒമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, കെ.എസ് ഉമേഷ്, മിഥുന്‍കൃഷ്ണ, ഇ.എസ് ജീവന്, സിപിഒമാരായ ഷറഫുദ്ദീന്, എം.വി. മാനുവല്‍, ചാലക്കുടി സ്റ്റേഷനിലെ എസ്ഐമാരായ സജി വര്‍ഗ്ഗീസ്, ബിജു, എഎസ്ഐ. ജെയ്സണ്‍ സിപിഒമാരായ അഭിലാഷ്, ആന്സന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: