തൊടുപുഴ: നഗരത്തില്‍ ഉള്‍പ്പെടെ ഉള്ള മേഖലകളില്‍ ബാധിതര്‍ വര്‍ധിച്ചതോടെ ആശങ്ക പടരുന്നു. പല മേഖലകളും മൈക്രോ കണ്ടെയ്മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പിയുടെ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഓഫീസ് അടച്ചു. ഡിവൈഎസ്പി ഉള്‍പ്പെടെ 15 പേര് ക്വാറന്റൈനിലേക്ക് മാറി. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് 20 പേരുമായി സമ്പര്‍ക്കം കണ്ടെത്തിയിട്ടുണ്ട്.
പോലീസുകാരന് കുറച്ച് ദിവസങ്ങളിലായി ക്വാറന്റൈനിലായിരുന്നു. ഇദ്ദേഹത്തിന്റെ മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്യുന്ന ഭാര്യക്ക് മുമ്പ് കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം വന്നതോടെയായിരുന്നു ഇരുവരും ക്വാറന്റൈനിലായത്. മരുന്ന് വാങ്ങാനായി ഇയാള്‍ പലതവണ കടയില്‍ വന്നിരുന്നു. അതേ സമയം യുവതിയുടെ ഫലം വന്നിട്ടില്ല.
തൊടുപുഴ നഗരസഭയിലെ 21, 23 വാര്‍ഡുകളിലെ കാഞ്ഞിരമറ്റം ബൈപാസ് ജങ്ഷനില്‍ നിന്ന് 200 മീറ്റര്‍ ചുറ്റളവിലുള്ള ഭാഗം പൂര്‍ണ്ണമായും അടപ്പിച്ചു. ഇവിടെ കടകള്‍ക്ക് അടക്കം പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. 6-ാം വാര്‍ഡിലെ ആദംസ്റ്റാര്‍ കോംപ്ലക്സും എതിര്‍വശത്തുള്ള പുളിമൂട്ടില്‍ ഷോപ്പിങ് ആര്‍ക്കേഡിലും നിയന്ത്രണമുണ്ട്. ഇവിടങ്ങളില്‍ ബാങ്ക്, ത്രിവേണി, പത്ര ഓഫീസ് എന്നിവയ്ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതിയുള്ളത്.
സമീപത്തെ ഹോട്ടലില്‍ രോഗം കണ്ടെത്തിയവര്‍ ഭക്ഷണം കഴിക്കാന്‍ 12 ദിവസം മുമ്പ് വന്നതായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം ഉടമയെ പോലും നേരിട്ടറിയ്ക്കാതെ സ്ഥലം കണ്ടെയ്മെന്റ് സോണാക്കുകയായിരുന്നു. ഹോട്ടലിന്റെ പേര് വെച്ച് പത്രക്കുറിപ്പ് ഇറക്കിയതോടെ ഉടമയ്ക്കും ജീവനക്കാര്‍ക്കും വീട്ടില്‍ നിന്നിറങ്ങാന്‍ പറ്റാതെയുമായി. ഇന്നലെ രാത്രി വരെ ഇക്കാര്യം തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് ഹോട്ടലുടമ വ്യക്തമാക്കി.
അതേ സമയം തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കച്ചവട സ്ഥാപനം പോലീസ് നിര്‍ദേശ പ്രകാരം നഗരസഭ അടപ്പിച്ചു. കൂടുതല്‍ ആളുകള്‍ കൂടി നടത്തുന്ന കച്ചവടം സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ഇവിടെ ഗതാഗത തടസം ഉണ്ടാകുന്നതായും പരാതി വന്നിരുന്നു. നഗരസഭാ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നോട്ടീസ് നല്കി. അടച്ചിടാന്‍ തഹസിദാരും നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: