ആലപ്പുഴ: മഴയ്ക്ക് കുറവു വന്നതോടെ ജില്ല നേരിയ ആശ്വാസത്തില്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കാര്യമായ കുറവുണ്ടാവാത്തതിനാല്‍ കുട്ടനാട് മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി ഒഴിഞ്ഞിട്ടില്ല. എസി റോഡില്‍ ഗതാഗതം ഇന്നലെയും പുനരാരംഭിച്ചില്ല.
അമ്പലപ്പുഴ-തിരുവല്ല റോഡിലും ഗതാഗതം ഭാഗികമാണ്. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ ജലനിരപ്പ് താഴ്ന്നെങ്കിലും, കുട്ടനാടിന്റെ തെക്കന്‍ മേഖലകളില്‍ ജലനിരപ്പുയര്‍ന്നു തന്നെയാണ്. കൈനകരി, കാവാലം തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല.
ആലപ്പുഴ നഗരത്തിന്റെയും അമ്പലപ്പുഴ നിയോജകമണ്ഡലത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. പാടശേഖരങ്ങള്‍ പലതും മടവീഴ്ച ഭീഷണിയിലാണ്.
പുന്നപ്ര തെക്ക് പഞ്ചായത്ത് പൊന്നാകരി പാടശേഖരത്തിലെ വെള്ളം വറ്റിക്കാനുള്ള തിരക്കിലാണ് കര്‍ഷകര്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായി തോടുകള്‍ നിറഞ്ഞതോടെ പെട്ടിയും പറയും ഉപയോഗിച്ചുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
തുടര്‍ന്ന് മറ്റ് എഞ്ചിനുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിച്ച് കൃഷിസംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. ഇതോടൊപ്പം പുറംബണ്ട് മടവീഴാതിരിക്കാനുള്ള കൂട്ടായശ്രമവും നടത്തിവരുന്നുണ്ട്. ചെറുകിട കര്‍ഷകര്‍ കൃഷിചെയ്യുന്ന പൊന്നാകരി പാടശേഖരം 285 ഓളം ഏക്കര്‍ നിലമാണ്. വിതകഴിഞ്ഞ് 30 ദിവസം പിന്നിട്ട നിലം മടവീഴ്ച ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: