ആംസ്റ്റർഡാം: നെതർലൻഡിൽ പോലീസ് പിടികൂടിയത് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കൊക്കൈൻ ലാബ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആംസ്റ്റർഡാമിൽ നിന്നും 75 മൈൽ അകലെയുള്ള ഡ്രെന്തെ പ്രവിശ്യയിലെ നിജീവെൻ എന്ന സ്ഥലത്ത് ഒരുക്കിയിരുന്ന കൊക്കൈൻ നിർമ്മിത കേന്ദ്രം ഡച്ച് പോലീസ് കണ്ടെത്തിയത്. ഇവിടെ നിന്നും കൊളംബിയൻ സ്വദേശികൾ ഉൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു. സ്ഥല ഉടമ, രണ്ട് ഡച്ച് പൗരൻ, ഒരു തുർക്കി പൗരൻ എന്നിവർ ഇവരിൽ ഉൾപ്പെടുന്നു.
ഈ ലാബിൽ ദിനം തോറും കോടിക്കണക്കിന് രൂപ വിലയുള്ള 200 കിലോയിലധികം കൊക്കൈൻ നിർമ്മിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലാബിനു സമീപത്ത് നിന്നും നാല് കോടി രൂപ വിലമതിക്കുന്ന കൊക്കൈനും കണ്ടെടുത്തു. നേരത്തെ കുതിരഓട്ടത്തിനും വിശ്രമ കേന്ദ്രത്തിനുമായി ഉപയോഗിച്ചിരുന്ന ഇടമാണ് പിൽക്കാലത്ത് മാഫിയ സംഘം കൊക്കൈൻ നിർമ്മിക്കുന്നതിനുള്ള ലാബാക്കി മാറ്റിയതെന്ന് പോലീസ് ഓഫീസർ ആന്ദ്രെ വാൻ റിജിൻ പറഞ്ഞു. നെതർലൻഡിൽ ഇന്നേവരെ പിടികൂടിയ ഏറ്റവും വലിയ കൊക്കൈൻ വേട്ടയാണിത്. നിജീവെനിലെ ലാബിന്റെ കൊക്കൈൻ സൂക്ഷിച്ചിരുന്ന രണ്ട് യൂണിറ്റുകൾ എൽഷൗട്ടിലും ആപ്പിൾഡൂണിലുമാണെന്ന് പോലീസ് പറഞ്ഞു. ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്നിരുന്ന കൊക്കൈനുകൾ വേർതിരിച്ചെടുക്കുവാനാണ് ഈ യൂണിറ്റുകൾ മാഫിയ സംഘം ഉപയോഗിച്ചിരുന്നത്.
കൊളംബിയൻ പൗരന്മാർ ഉൾപ്പെടുന്ന ഈ സംഭവത്തിൽ രാജ്യത്തിന് പുറത്ത് നിന്നും വൻ തോതിലുള്ള മയക്കുമരുന്നുകൾ മാഫിയ സംഘം കടത്തിക്കൊണ്ട് വരുന്നുണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. ഈയാഴ്ച നെതർലൻഡിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നായി 750 കിലോയോളം കൊക്കൈൻ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: