ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായതിന്റെ സപ്തതി വര്‍ഷമാണിത്. നിയമങ്ങളിലും ജീവിതക്രമത്തിലും എന്നുവേണ്ട, സുപ്രധാന പരിവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവ് തന്നെ ധാരാളമാണ്. പക്ഷേ, സ്വാതന്ത്ര്യത്തിന്റെയും അധികാര ലബ്ധിയുടെയും ആദ്യദശകങ്ങളില്‍ പിടിപ്പുകേടുകളുടേയും കെടുകാര്യസ്ഥതകളുടെയും കേളീരംഗമാണ് കാണാനായത്. അതിന്റെ തിക്തഫലം രാജ്യവും ജനങ്ങളും ഒട്ടേറെ അനുഭവിച്ചു. എന്നാല്‍ ഇന്ന് ഭരണരംഗത്ത് കാതലായ മാറ്റങ്ങള്‍ നടക്കുന്നു. ജമ്മുകശ്മീര്‍ രാജ്യത്തിന്റെ ശിരസ് എന്നാണ് കരുതുന്നത്. സ്വാതന്ത്ര്യലബ്ധിയോടൊപ്പം തന്നെ ജമ്മുകശ്മീരിലെ തലവേദനയും തുടങ്ങിയതാണ്. അത് മൂര്‍ധന്യാവസ്ഥയിലെത്തിയ മുഹൂര്‍ത്തങ്ങള്‍ നിരവധിയാണ്. യുദ്ധങ്ങളിലേക്ക് വരെ അത് നയിച്ചു. ഭരണഘടനയിലെ 370-ാം വകുപ്പിന്റെ പിന്‍ബലത്തില്‍ രാജ്യതാല്പര്യങ്ങള്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ അവിടെ അനുവദിക്കപ്പെട്ടിരുന്നു. ഏഴു പതിറ്റാണ്ടായ 370-ാം വകുപ്പ് എടുത്ത് മാറ്റണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടത് ഇപ്പോഴാണ്. അതോടൊപ്പം മുത്തലാഖ്, നിയമം മൂലം ഇല്ലാതായി. പൗരത്വനിയമഭേദഗതിയും പ്രാബല്യത്തിലായത് അടുത്തിടെയാണല്ലോ. അധികാര രാഷ്ട്രീയ മണ്ഡലം രാജ്യതാല്പര്യവും ജനതാല്പര്യവും കണക്കിലെടുത്ത് യുക്തവും ശക്തവുമായ തീരുമാനമെടുക്കുമ്പോള്‍ അത് സര്‍വ്വ മണ്ഡലങ്ങളെയും ഗുണപരമായി സ്വാധീനിക്കുകതന്നെ ചെയ്യും. അത് പ്രകടമാക്കുന്നതാണ് ലിംഗ നീതിയിലേക്കുള്ള സുപ്രീംകോടതിയില്‍ നിന്നുണ്ടായ സുപ്രധാന വിധി.
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമത്തിലെ ആറാം വകുപ്പ് ഭേദഗതി ചെയ്ത് മകനൊപ്പം മകള്‍ക്കും സ്വത്തില്‍ അവകാശം ഉറപ്പാക്കിയ 2005 ലെ നിയമഭേദഗതിക്ക് ശക്തിപകരുന്ന സുപ്രധാന വിധി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റെ വിധി പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. 2005-ലെ നിയമഭേദഗതിയോടെ ഹിന്ദു കൂട്ടുകുടുംബത്തിന്റെ സ്വത്തില്‍ ആണ്മക്കള്ക്കൊപ്പം പെണ്മക്കള്ക്കും അവകാശം ലഭിച്ചെങ്കിലും ചില പോരായ്മകള്‍ നിലനിന്നിരുന്നു. ഇക്കാരണത്താല്‍ വിവിധ ഹൈകോടതികളിലും കീഴ്ക്കോടതികളിലുമായി ഒട്ടേറെ കേസുകള്‍ വര്‍ഷങ്ങളായി തീര്‍പ്പാവാതെ കെട്ടിക്കിടക്കുകയാണ്. സുപ്രീംകോടതിയുടെ വ്യത്യസ്ത ബെഞ്ചുകള്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകള്‍ എടുത്തതും പ്രശ്നം കീറാമുട്ടിയാവാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ 2018-ല്‍ വിഷയം മൂന്നംഗബെഞ്ചിന് വിടുകയായിരുന്നു. 2005-ലെ നിയമഭേദഗതിക്ക് മുന്കാലപ്രാബല്യമുണ്ടോ എന്ന വിഷയമാണ് മുഖ്യമായും സുപ്രീംകോടതി പരിശോധിച്ചത്. കൂട്ടുകുടുംബത്തിലെ സ്വത്തവകാശം ആരുടെയെങ്കിലും മരണത്തോടെയല്ല, മറിച്ച് ജനനത്തില്‍ ലഭിക്കുന്നതാണെന്ന് വിധിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതൊരു സുപ്രധാന നിരീക്ഷണമാണ്. അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് ജനിക്കുമ്പോള്‍ത്തന്നെ സ്വത്തവകാശമുണ്ട്. നിയമഭേദഗതി വന്നതിന് മുമ്പോ ശേഷമോ ജനിച്ച പെണ്‍കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ട്. അതേസമയം, ഭേദഗതിവന്ന ദിവസം മുതല്ക്കേ അത് അവകാശപ്പെടാനാകൂവെന്നു മാത്രം.
മരുമക്കത്തായം അവസാനിച്ച് മക്കള്‍ തായം നിലവില്‍ വന്നിട്ടും പെണ്മക്കള്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചതേയില്ല. അതിനൊരു അറുതിവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചവരുടെ സംതൃപ്തിക്ക് പുതിയ വിധി വഴിവയ്ക്കുമെന്ന് തീര്‍ച്ച. വിവിധ കോടതികളില്‍ വര്‍ഷങ്ങളായി ഈ വിഷയം തീര്‍പ്പാവാതെ കിടന്നിരുന്നു. അവയെല്ലാം ഇപ്പോഴത്തെ വിധിയുടെ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീംകോടതിയുടെ വിധിയില്‍ നിര്‍ദേശമുണ്ട്. നിയമഭേദഗതി നിലവില്‍വരുന്നതിനുമുമ്പ് പിതാവ് മരിച്ചതാണെങ്കില്‍, പെണ്‍കുട്ടികള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടാകുമോ എന്നതാണ് മൂന്നംഗബെഞ്ച് പരിശോധിച്ച പ്രധാന വിഷയം. അങ്ങനെ അവകാശമുണ്ടാകില്ലെന്ന് 2005-ല്‍ സുപ്രീംകോടതിയുടെതന്നെ രണ്ടംഗബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍, ഈ വിധിയെ മറികടക്കുന്നതാണ് ചൊവ്വാഴ്ചത്തെ വിധി. കാലഹരണപ്പെട്ടതും അപ്രസക്തവുമായ ഒരുപാട് നിയമങ്ങള്‍ ഉപേക്ഷിക്കുകയും കാലത്തിനൊത്ത് പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സുപ്രീം കോടതിയുടെ പുതിയ വിധി ഹിന്ദു പിന്തുടര്ച്ച സംബന്ധിച്ചത് മാത്രമാണ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് ഒരു നിയമം എന്ന സങ്കല്‍പ്പം, കര്‍മ്മ പഥത്തിലെത്താന്‍ ഇനിയും കടമ്പകളുണ്ട്. ഇന്ത്യന്‍ പീനല്‍കോഡ് എല്ലാ പൗരന്മാര്ക്കും ഒരുപോലെയാണ്. അക്രമ സംഭവങ്ങളിലോ കവര്‍ച്ച ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ മതമോ ജാതിയോ ലിംഗമോ നോക്കാതെ നിയമം ബാധകമാണ്. എന്നാല്‍ സിവില്‍ നിയമം പല തരത്തിലാണ്. അത് രാജ്യത്തിന്റെ താല്പര്യത്തിന് നിരക്കാത്തതാണ്. അതുകൊണ്ടാണ് പൊതു സിവില്‍കോഡ് എന്ന ആവശ്യം കാലങ്ങളായി ഉയരുന്നത്. അതുകൂടി സ്ഥാപിതമാകാനുള്ള സമര്‍ദ്ദവും ശ്രമവുമാണ് ഇനി നടക്കാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: