ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020 ന്റെ പ്രഖ്യാപനത്തോടെ ഇന്ത്യ വീണ്ടും മഹത്തായതും ചരിത്രപരവുമായ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പാതയിലാണ്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്നത് .രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാലോചിതവും പുരോഗമനപരവുമായ ഈ പരിഷ്‌കരണത്തിനുള്ള ഒരു മഹത്തായ അവസരമാണിത്. വാസ്തവത്തില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദഗ്ധര്‍ മുതല്‍ അധ്യാപകര്‍ വരെ ആവര്‍ത്തിച്ച, രാജ്യത്തെ 2.5 ലക്ഷം പഞ്ചായത്തുകളിലെ സാധാരണക്കാര്‍ ആവശ്യപ്പെട്ട, ഓരോ ഗുണഭോക്താവും ആവര്‍ത്തിച്ചുവന്ന പ്രധാന ആവശ്യങ്ങള്‍ നടപ്പിലാക്കുക വഴി പൊതുനയരൂപീകരണം എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ വിദ്യാഭ്യാസ നയം.
നിതി ആയോഗിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചിക (എസ്ഇക്യുഐ), വിദ്യാഭ്യാസത്തില്‍ മാനവ മൂലധനം പരിവര്‍ത്തനം ചെയ്യുന്നതിനുള്ള സുസ്ഥിര പ്രവര്‍ത്തനം (സാത്ത്ഇ), അഭിലാഷ ജില്ലകള്‍ പദ്ധതി എന്നിവ പോലുള്ള സംരംഭങ്ങളിലൂടെ വ്യവസ്ഥാപരമായ പരിഷ്‌കരണ അജണ്ട സമീപ വര്‍ഷങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രാപ്യത, നീതി, അടിസ്ഥാനസൗകര്യം, ഭരണനിര്‍വഹണം, പഠനം എന്നിവയുടെ ഏറ്റവും നിര്‍ണായകമായ സിദ്ധാന്തങ്ങളില്‍ സമഗ്രമായി ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ രംഗത്ത് പരിവര്‍ത്തനപരമായ മാറ്റം വരുത്താന്‍ എന്‍ഇപി ശ്രമിക്കുന്നത്. പുരോഗമന ചിന്താഗതിക്കും സമര്‍ത്ഥമായ പരിഷ്‌കരണത്തിനും വേണ്ടി വാദിക്കുന്ന എന്‍ഇപി 2020 ആവശ്യകത അടിസ്ഥാനമാക്കിയുള്ള നയം, അത്യാധുനിക ഗവേഷണങ്ങള്‍, മികച്ച സമ്പ്രദായങ്ങള്‍ എന്നിവയുടെ സംയോജനമാണ്. അത് ഒരു പുതിയ ഇന്ത്യയ്‌ക്ക് വഴിയൊരുക്കുന്നു.
ഒന്നാമതായി, കുട്ടിക്കാലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള പ്രവേശനം സാര്‍വത്രികമാക്കുക, സ്‌കൂള്‍ വിദ്യാഭ്യാസം പ്രാപ്യമല്ലാതിരിക്കുന്ന രണ്ട് കോടിയിലധികം കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക, സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കായുള്ള സമഗ്രമായ ശ്രമങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ നടപടികളിലൂടെ പുതിയ വിദ്യാഭ്യാസ നയം ഓരോ ഇഞ്ചിലും ‘അന്ത്യോദയ’യെ ഉള്‍ക്കൊള്ളുന്നു. രണ്ടാമതായി, നേരത്തേയുള്ള ശിശു പരിപാലനത്തിനും, കളികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസത്തിനുമായി ഒരു പുതിയ പാഠ്യപദ്ധതിയും സന്തോഷകരമായ പഠനവും പുതിയ നയം വിഭാവനം ചെയ്യുന്നു. അടിസ്ഥാന സാക്ഷരതയ്‌ക്കു വേണ്ടിയുള്ള സമര്‍പ്പിത ദേശീയ മിഷനോടൊപ്പം, പഠനത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിനും എന്‍ഇപി 2020 പ്രാധാന്യം നല്‍കുന്നു.
മൂന്നാമതായി, പ്രാചീന സമ്പ്രദായങ്ങളിലൂന്നിയുള്ള അധ്യാപനരീതിയില്‍ നിന്ന് എന്‍ഇപി മാറിനടക്കുന്നു. സ്‌കൂളിലെ പാഠ്യ, പാഠ്യേതര, അനുബന്ധ പാഠ്യവിഷയങ്ങള്‍ തമ്മിലുള്ള കര്‍ശനമായ വേര്‍തിരിവ് ഇല്ലാതാക്കുന്നതും ഉന്നതവിദ്യാഭ്യാസത്തില്‍ ബഹുതല പ്രവേശന, നിര്‍ഗ്ഗമന സാധ്യതകള്‍ നല്‍കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകളും താല്‍പ്പര്യങ്ങളും വികസിപ്പിക്കുന്നതിന് ആവശ്യമായ ക്ഷമതയും വഴക്കവും പുതിയ നയം നല്‍കുന്നു. പുതുക്കിയ പാഠ്യപദ്ധതി, മുതിര്‍ന്നവര്‍ക്കുള്ള വിദ്യാഭ്യാസം, ആജീവനാന്ത പഠനം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നമ്മുടെ പഠിതാക്കളില്‍ പകുതി പേര്‍ക്കും കുറഞ്ഞത് ഒരു തൊഴില്‍ നൈപുണ്യമെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള കാഴ്ചപ്പാട്, എന്നിവ പ്രായോഗിക പഠനത്തിലേക്ക് മാറുന്നതിന്റെ സവിശേഷതയാണ്. നൈപുണ്യത്തിലെ അന്തരം സംബന്ധിച്ച വിശകലനം, പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതി, പ്രാദേശിക തൊഴിലധിഷ്ഠിത വിദഗ്ധരുമായുള്ള ഇന്റേണ്‍ഷിപ്പ് എന്നിവയിലൂടെ, തദ്ദേശവാസികള്‍ക്കു വേണ്ടി ശബ്ദിക്കുക എന്ന പ്രധാനമന്ത്രിയുടെ വ്യക്തമായ ആഹ്വാനത്തെ എന്‍ഇപി 2020 പുനരവതരിപ്പിക്കുന്നു.
നാലാമതായി, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള നയം നടപ്പാക്കുന്നതിനുള്ള നിതി ആയോഗിന്റെ നിര്‍ദേശത്തോടെ, അളക്കാന്‍ കഴിയാത്തവ മെച്ചപ്പെടുത്താന്‍ കഴിയില്ല എന്ന ധാരണ പൊതുവില്‍ ശക്തമായിട്ടുണ്ട് . പഠന ഫലങ്ങള്‍ സംബന്ധിച്ച വിശ്വസനീയവും താരതമ്യപ്പെടുത്താവുന്നതുമായ വിലയിരുത്തലുകള്‍ക്കായി സമഗ്രമായ ഒരു സംവിധാനം ഇന്നുവരെ ഇന്ത്യയില്‍ ഇല്ല. പരാഖ് (നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമന്‍സ് അസസ്‌മെന്റ്, റിവ്യൂ ആന്‍ഡ് അനാലിസിസ് ഓഫ് നോളജ് ഓഫ് ഹോളിസ്റ്റിക് ഡെവലപ്‌മെന്റ്) എന്ന ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം നിലവില്‍ വന്നത് ഫലപ്രദമാണ്. പഠനത്തിന്റെ തുടര്‍ച്ചയായ വിലയിരുത്തല്‍, വഴക്കമുള്ള ബോര്‍ഡ് പരീക്ഷകള്‍, നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ പരിപാടികള്‍ എന്നിവ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ഫല കേന്ദ്രീകൃതമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കും; ശരിയായ പരിഷ്‌കരണവും ആവശ്യമായ തിരുത്തലുകളും ഇതില്‍ ഉണ്ടാകും.
അഞ്ചാമതായി, ഒരു പുതിയ സമഗ്ര പാഠ്യപദ്ധതി ചട്ടക്കൂട്, മള്‍ട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകള്‍, നിലവാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി, ധീരമായ പരിഷ്‌കരണത്തിലൂടെ വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തല്‍ എന്നിവ ഉപയോഗിച്ച് അധ്യാപക വിദ്യാഭ്യാസത്തെ എന്‍ ഇ പി പുനര്‍വിചിന്തനം ചെയ്യുന്നു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിനും അധ്യാപക പര്യാപ്തതയ്‌ക്കും സുതാര്യമായ സംവിധാനങ്ങള്‍ക്കുമുള്ള ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്‌ക്കുന്നു. അധ്യാപകരുടെ സ്ഥലംമാറ്റത്തിനും ആസൂത്രണത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ നടപ്പാക്കല്‍ ശരിയായ സ്ഥാപനങ്ങളില്‍ ശരിയായ അധ്യാപകരെ വിന്യസിക്കുന്നതിനു ഫലപ്രദമായിരിക്കും.
ആറാമതായി, ഗവേഷണത്തിനുള്ള പ്രേരണ, ഗ്രേഡഡ് സ്വയംഭരണം, ഒരു അക്കാദമിക ക്രെഡിറ്റ് ബാങ്ക്, അന്താരാഷ്‌ട്രവല്‍ക്കരണം, പ്രത്യേക സാമ്പത്തിക മേഖലകളുടെ വികസനം എന്നിവ ഇന്ത്യയെ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി മാറ്റുന്നതിന് അത്യന്താപേക്ഷികമാണ്. കൂടാതെ, ബഹുഭാഷാ വിദ്യാഭ്യാസവും ഇന്ത്യയുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും തക്ഷശിലയുടെയും നളന്ദയുടെയും മഹത്തായ കാലത്തു നിന്ന് രാജ്യത്തിന്റെ വിദ്യാഭ്യാസ പൈതൃകം പുന:സ്ഥാപിക്കാന്‍ സഹായിക്കും.
ഏഴാമതായി, വിദ്യാഭ്യാസ ഭരണനിര്‍വഹണത്തെ ഗ്രസിച്ചിരുന്ന അമിത നിയന്ത്രണവും സങ്കീര്‍ണ്ണവും വൈവിധ്യപൂര്‍ണ്ണവുമായ മാനദണ്ഡങ്ങളില്‍ നിന്ന് വിടുവിച്ച് ലളിതവും ആകര്‍ഷകവുമായ ഘടനയിലേക്ക് എന്‍ഇപി പരിവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ സമുച്ചയങ്ങളും ക്ലസ്റ്ററുകളും നടപ്പാക്കലില്‍ കാര്യക്ഷമമായ മാറ്റം പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കൊണ്ടുവരും; പൊതുവായ മാനദണ്ഡങ്ങളിലൂടെ എല്ലാ തലങ്ങളിലുമുള്ള സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തും; ഉന്നത വിദ്യാഭ്യാസത്തിനായുള്ള ഒരൊറ്റ റെഗുലേറ്ററി ബോഡി ചുരുങ്ങിയതും അത്യാവശ്യവുമായ നിയന്ത്രണത്തിനും പരമാവധി ഫലപ്രദമായ ഭരണത്തിനുമുള്ള ഒരു അച്ചുപോലെ പ്രവര്‍ത്തിക്കും. സുസ്ഥിര വികസനത്തിന്റെ നാലാമത്തെ ലക്ഷ്യമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിക്കുവാന്‍ ഫലങ്ങളില്‍ കേന്ദ്രീകരിച്ചുള്ള അക്രഡിറ്റേഷന്‍ നിര്‍ണായകമാകും.
എന്‍ഇപി 2020 ശരിയായ ദിശയിലേക്കുള്ള സ്വാഗതാര്‍ഹമായ ചുവടുവെപ്പാണ്, വിമര്‍ശനാത്മക ചിന്ത, അനുഭവപരിചയ പഠനം, സംവേദനാത്മക ക്ലാസ് മുറികള്‍, സംയോജിത പെഡഗോഗി, യോഗ്യത അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം എന്നിവയില്‍ പുതിയ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ പരിഷ്‌കരണ മേഖലകളിലും ഉടനീളം ഒരു ക്രോസ് കട്ടിംഗ് ഘടകമായി ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസ സവിശേഷതകള്‍ നാലാമത്തെ വ്യാവസായിക വിപ്ലവത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ ശക്തിപ്പെടുത്തുന്നു.
മറ്റെല്ലാ നയങ്ങളെയും പോലെ, യഥാര്‍ത്ഥ വെല്ലുവിളി പുതിയ നയം പ്രാവര്‍ത്തികമാക്കുക എന്നതായിരിക്കും . വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ എന്‍ഇപി നമ്മുടെ ഭാവിതലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തും. ജനസംഖ്യയുടെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ശക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ, ഒരു യഥാര്‍ത്ഥ വിജ്ഞാന സൂപ്പര്‍പവറായി സ്വയം സ്ഥാപിക്കുന്നതിലേക്ക് ഇന്ത്യ ഒരു വലിയ കുതിച്ചുചാട്ടം നടത്തുകയാണ്.
അമിതാഭ് കാന്ത് നിതി ആയോഗ് സിഇഒയാണ്.
അഭിപ്രായങ്ങള്‍ വ്യക്തിഗതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: