തൃശൂര്‍: കേരളത്തില്‍ കൊറോണ എത്തിയിട്ട് ആറുമാസം പിന്നിടുമ്പോഴും രോഗവുമായി നേര്‍ക്കുനേര്‍ പോരാടുകയാണ് നേഴ്സുമാരായ ഇരട്ടസഹോദരിമാര്‍. സംസ്ഥാനത്ത് കൊറോണ ആദ്യം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചത് തൃശൂര്‍ കോര്പ്പറേഷന് ജനറല്‍ ആശുപത്രിയിലാണ്. ഈ വിദ്യാര്‍ത്ഥിനിയുടെ ചികിത്സ മുതല്‍ ആറു മാസത്തിനിപ്പുറവും കൃപാ വിജയനും കാവ്യാ വിജയനും കണ്ണുചിമ്മാതെ, പുഞ്ചിരിയോടെ, ഭയാശങ്കകളില്ലാതെ രോഗീപരിചരണത്തിലുണ്ട്.
മികച്ച വിജയത്തോടെ നേഴ്സിങ് പഠനം പൂര്‍ത്തീകരിച്ച് 2020 ഫെബ്രുവരി 6ന് നാഷണല്‍ ഹെല്‍ത്ത് മിഷന് വഴിയാണ് 21കാരികളായ ഇരുവരും സ്റ്റാഫ് നേഴ്സുമാരായത്. ഒരുമാസം ജനറല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ കേരളത്തില്‍ മഹാമാരി പടരാന്‍ തുടങ്ങി. തങ്ങളുടെ കടമ വളരെ വലുതാണെന്ന തിരിച്ചറിവില്‍ ഇരുവരും കൊറോണ ചികിത്സാ പരിചരണകേന്ദ്രത്തിലേക്ക് മാറി. അന്നു തൊട്ട് ഇതുവരെ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലും ഒപിയിലും സജീവമാണ് ഇരട്ടസഹോദരിമാര്‍. ചാലക്കുടി കുറ്റിച്ചിറ കല്ലുമട വീട്ടില്‍ വിജയന്റെയും സതിയുടെയും മക്കളാണ് ഇവര്‍.
നേഴ്സ്കുടുംബത്തില് നിന്നാണ് ഇരുവരുടെയും വരവെന്നത് ഇവരുടെ ജോലിക്ക് പത്തരമാറ്റിന്റെ തിളക്കം നല്കുന്നു. കുടുംബത്തിലെ അമ്മയും മക്കളായ മൂന്നു പേരും നേഴ്സുമാര്‍. കാവ്യയുടെയും കൃപയുടെയും അമ്മ സതിയും ചേച്ചി കൃഷ്ണയും നേഴ്സുമാരാണ്. എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സായാണ് സതി സേവനമനുഷ്ഠിക്കുന്നത്.
ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ് കൃഷ്ണ. അമ്മയുടെയും ചേച്ചിയുടെയും പാത പിന്തുടര്ന്ന് ഇരുവരും നേഴ്സിങ് മേഖലയിലേക്ക് കടക്കുകയായിരുന്നു. വിജയന് കൃഷിയും ആട്, പശു വളര്‍ത്തലുമാണ് ജോലി. കാവ്യയും കൃപയും തൃശൂര്‍ ഗവ. നഴ്സിങ് സ്കൂളില്‍ നിന്നാണ് ഡിപ്ലോമ-ഇന്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ പാസായത്. നിയമനം ലഭിച്ച അന്നു മുതല്‍ ഡ്യൂട്ടിക്ക് കയറുന്നതും ഇവര്‍ ഒരുമിച്ചാണ്. രോഗികള്‍ക്ക് നാലു നേരവും ഭക്ഷണവും നല്‍കണം. ഇതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍, വാചാലമാകുന്നവര്‍, പിണങ്ങുന്നവര്‍, ശകാരിക്കുന്നവര്‍ തുടങ്ങി പലതരം രോഗികളെയും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് കൃപയും കാവ്യയും സാക്ഷ്യപ്പെടുത്തുന്നു.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ നിലവില്‍ സ്ത്രീകളും പുരുഷന്മാരുമടക്കം 16 കൊറോണ രോഗികള്‍ ചികിത്സയിലുണ്ട്. പിഎസ്സി മുഖേനെയും എന്‍എച്ച്എം വഴിയും നിയമിച്ചതുള്‍പ്പെടെ 116 നേഴ്സുമാരാണ് ആശുപത്രിയിലുള്ളത്. ഗ്രേഡ്- വണ്‍ നഴ്സിങ് സൂപ്രണ്ട് കെ.പി ലതയും ഗ്രേഡ്-ടു നഴ്സിങ് സൂപ്രണ്ട് പി.രജനിയും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കുന്നതിനാല് കൊറോണ രോഗികള്‍ക്കുള്ള പരിചരണം എളുപ്പമായാണ് അനുഭവപ്പെടുന്നതെന്ന് കാവ്യയും കൃപയും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: